തിരുവനന്തപുരം: കേരള സംസ്ഥാന രൂപീകരണത്തിന്റെ എഴുപതാം വാർഷിക ദിനത്തിൽ സെക്രട്ടറിയേറ്റിന് മുന്നിൽ സംഗീത ചാരിറ്റി കൂട്ടായ്മയായ ‘പാട്ടിന്റെ കൂട്ടുകാരും’ ‘വാനമ്പാടികളും’ ചേർന്ന് പാട്ടും പായസവിതരണവും സംഘടിപ്പിച്ചു. മുൻ വർഷങ്ങളിലെ പാരമ്പര്യം തുടർന്നുകൊണ്ട് നടത്തിയ പരിപാടി കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് ജേതാവ് കവി പ്രഭാവർമ്മ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ഡോ. ബി. വേണുഗോപാലൻ നായർ ചടങ്ങിൽ അധ്യക്ഷത വഹിച്ചു.
ബാബ ഗ്രൂപ്പ് ഡയറക്ടർ ബാബ അലക്സാണ്ടർ ചടങ്ങിൽ മുഖ്യപ്രഭാഷണം നടത്തി. കേരളം രൂപീകൃതമായ വർഷത്തെ അനുസ്മരിച്ച് 1956 പേർക്കാണ് ചടങ്ങിൽ പായസം വിതരണം ചെയ്തത്. തുടർന്ന് കരമന ജാഫറിന്റെ നേതൃത്വത്തിൽ പാട്ടിന്റെ കൂട്ടുകാർ കേരളീയ ഗാനങ്ങൾ ആലപിച്ചു.
ചടങ്ങിൽ ജനറൽ സെക്രട്ടറി പനച്ചമൂട് ഷാജഹാൻ, ഫൗണ്ടർ സെക്രട്ടറി നയാസ് ഇല്ല്യാസ്, വാനമ്പാടികൾ പ്രസിഡന്റ് അനിതാമ്മ, സെക്രട്ടറി സരിത പൈ, ട്രഷറർ സുനിത കുമാരി, രാഗിണി അഞ്ചൽ എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു.

