കൊച്ചി: കൊച്ചിൻ കാൻസർ റിസർച്ച് സെന്ററിനെ മികച്ച ചികിത്സാ-ഗവേഷണ സ്ഥാപനമായി വികസിപ്പിക്കുന്നതിന് സർക്കാർ എല്ലാവിധ പിന്തുണയും നൽകുമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ പ്രഖ്യാപിച്ചു. ബോൾഗാട്ടി പാലസ് & ഐലൻഡ് റിസോർട്ടിൽ സംഘടിപ്പിച്ച സ്ഥാപനത്തിന്റെ പത്താം വാർഷികാഘോഷം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. അടുത്ത അഞ്ച് വർഷത്തേക്കുള്ള സമഗ്ര വികസന പദ്ധതി തയ്യാറാക്കി ഘട്ടംഘട്ടമായി നടപ്പാക്കണമെന്നും ഓരോ വർഷവും കൈവരിക്കേണ്ട ലക്ഷ്യങ്ങളും പ്രവർത്തനങ്ങളും ഉൾപ്പെടുത്തി കൃത്യമായ രൂപരേഖ തയ്യാറാക്കണമെന്നും മുഖ്യമന്ത്രി നിർദേശിച്ചു.
സാധാരണക്കാർക്ക് താങ്ങാനാകുന്ന ചെലവിൽ കാൻസർ ചികിത്സ ലഭ്യമാക്കുന്നതിൽ പൊതുമേഖലാ സ്ഥാപനങ്ങൾക്ക് നിർണായക പങ്കുണ്ട്. സംസ്ഥാനത്ത് കാൻസർ രോഗികളുടെ എണ്ണം വർധിച്ചുവരുന്ന സാഹചര്യത്തിൽ രോഗവ്യാപനത്തിന്റെ കാരണങ്ങൾ കണ്ടെത്താൻ സമഗ്രമായ ഗവേഷണം ആവശ്യമാണ്. ചികിത്സയ്ക്കൊപ്പം രോഗപ്രതിരോധത്തിനും നേരത്തെയുള്ള രോഗനിർണയത്തിനും പ്രാധാന്യം നൽകണം. സ്വകാര്യ മേഖലയിലെ ഉയർന്ന ചികിത്സാച്ചെലവും പരിശോധനാ നിരക്കുകളും സാധാരണ കുടുംബങ്ങൾക്ക് വലിയ സാമ്പത്തിക ബാധ്യത സൃഷ്ടിക്കുന്ന സാഹചര്യത്തിൽ, പൊതുമേഖലയിൽ കുറഞ്ഞ നിരക്കിലും സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്ക് സൗജന്യമായും കാൻസർ പരിശോധനകൾ ലഭ്യമാക്കാനുള്ള സാധ്യത സർക്കാർ ഗൗരവമായി ആലോചിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
വിലകൂടിയ മരുന്നുകൾക്ക് പകരം ഗുണനിലവാരവും ഫലപ്രാപ്തിയും ഉറപ്പാക്കിയ ജനറിക് മരുന്നുകൾ ലഭ്യമാക്കേണ്ടതുണ്ട്. കാൻസർ ചികിത്സയ്ക്കായി കുടുംബങ്ങൾക്ക് വീടും സ്ഥലവും പണയംവെക്കേണ്ടിവരുന്ന സാഹചര്യം ഒഴിവാക്കാൻ പൊതുമേഖലയിലെ സംവിധാനങ്ങൾ ശക്തിപ്പെടുത്തണമെന്നും ചികിത്സാച്ചെലവ് ഒരു കുടുംബത്തിന്റെയും സാമ്പത്തിക ഭദ്രത തകർക്കുന്ന അവസ്ഥയുണ്ടാകരുതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. ഉമ്മൻചാണ്ടി സർക്കാരിന്റെ കാലത്ത് പ്രഖ്യാപിക്കുകയും 2016 നവംബറിൽ ചെറിയ കെട്ടിടത്തിൽ പ്രവർത്തനം ആരംഭിക്കുകയും ചെയ്ത സെന്ററിന്റെ വികസനത്തിനായി കുടിശ്ശികയായിരുന്ന അഞ്ചേകാൽ കോടി രൂപ അനുവദിച്ചതായും അദ്ദേഹം അറിയിച്ചു.
ചടങ്ങിൽ വൈപ്പിൻ എം.എൽ.എ ടോണി ചമ്മണി, കളമശ്ശേരി നഗരസഭ ചെയർമാൻ ജമാൽ മണക്കാടൻ, ആരോഗ്യകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ അഞ്ചു മനോജ് മണി, വാർഡ് കൗൺസിലർ ബാബുരാജ്, കൊച്ചിൻ കാൻസർ റിസർച്ച് സെന്റർ ഡയറക്ടർ ഡോ. പി.ജി. ബാലഗോപാൽ, അഡ്വൈസറി ബോർഡ് ചെയർമാൻ ഡോ. എം.വി. പിള്ള, മെഡിക്കൽ സൂപ്രണ്ട് ഇൻ ചാർജ് ഡോ. നീതു ജോർജ്, റിസപ്ഷൻ ആൻഡ് രജിസ്ട്രേഷൻ കമ്മിറ്റി ചെയർപേഴ്സൺ ഡോ. എ. തമീം തുടങ്ങിയവർ പങ്കെടുത്തു.

