കുവൈത്തിലേക്ക് യാത്ര ചെയ്യുന്നവർക്ക് കസ്റ്റംസ് മുന്നറിയിപ്പ്; മരുന്നുകൾക്കും ഭക്ഷ്യവസ്തുക്കൾക്കും പണത്തിനും കർശന നിയന്ത്രണം

കുവൈത്ത് സിറ്റി: രാജ്യത്തേക്ക് എത്തുന്ന പ്രവാസികളും സന്ദർശകരും കൈവശം കരുതുന്ന മരുന്നുകൾ, ഭക്ഷ്യവസ്തുക്കൾ, പണം എന്നിവ സംബന്ധിച്ച കസ്റ്റംസ് നിയമങ്ങൾ കർശനമായി പാലിക്കണമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി. നിയമം ലംഘിച്ച് നിരോധിത വസ്തുക്കൾ കൊണ്ടുവരുന്നവർക്കെതിരെ സാധനങ്ങൾ പിടിച്ചെടുക്കുന്നതുൾപ്പെടെയുള്ള കർശന നിയമനടപടികൾ സ്വീകരിക്കും. ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങളിൽ നിയമപരമായ പല ഭക്ഷ്യവസ്തുക്കളും മരുന്നുകളും കുവൈത്തിൽ നിരോധിച്ച വിഭാഗത്തിൽപ്പെടുന്നവയായതിനാൽ യാത്രയ്ക്ക് മുൻപ് ബാഗേജിലെ സാധനങ്ങൾ അനുവദനീയമാണെന്ന് ഉറപ്പുവരുത്തണം.

കസ്‌കസ് (പോപ്പി സീഡ്‌സ്), കഞ്ചാവ് ഉൽപ്പന്നങ്ങൾ, കറുപ്പ് ഉൾപ്പെടെയുള്ള നിരോധിത ലഹരിവസ്തുക്കൾ, പന്നിയിറച്ചിയും അനുബന്ധ ഉൽപ്പന്നങ്ങളും, മദ്യവും മറ്റ് ലഹരിപാനീയങ്ങളും രാജ്യത്തേക്ക് കൊണ്ടുവരുന്നത് പൂർണ്ണമായി നിരോധിച്ചിട്ടുണ്ട്. ഇതിനുപുറമെ ചൂതാട്ട ഉപകരണങ്ങൾ, അശ്ലീല വസ്തുക്കൾ, ആഭിചാരവുമായി ബന്ധപ്പെട്ട ഉപകരണങ്ങൾ എന്നിവയ്ക്കും വിലക്കുണ്ട്.

ചില വേദനസംഹാരികൾ, ഉറക്കഗുളികകൾ, മാനസികാരോഗ്യ ചികിത്സയ്ക്കുള്ള മരുന്നുകൾ എന്നിവയിൽ നിയന്ത്രിത ലഹരിഘടകങ്ങൾ അടങ്ങിയിട്ടുള്ളതിനാൽ ഇത്തരം മരുന്നുകൾ കൊണ്ടുവരുന്നതിന് കർശന നിയന്ത്രണങ്ങളുണ്ട്. 2025-ലെ 302-ാം നമ്പർ മന്ത്രിതല ഉത്തരവ് പ്രകാരം, നിബന്ധനകൾക്ക് വിധേയമായി നിയന്ത്രിത മരുന്നുകൾ 15 ദിവസത്തെ ചികിത്സയ്ക്കും അംഗീകൃത സൈക്കോട്രോപിക് മരുന്നുകൾ ഒരു മാസത്തെ ചികിത്സയ്ക്കും ആവശ്യമായ അളവിൽ മാത്രമേ കൊണ്ടുവരാൻ അനുവാദമുള്ളൂ. ഇതിനായി ഡോക്ടറുടെ സാക്ഷ്യപ്പെടുത്തിയ കുറിപ്പും മെഡിക്കൽ റിപ്പോർട്ടും കൈവശം വെയ്ക്കുകയും വിദേശത്തുള്ള ബന്ധപ്പെട്ട കുവൈത്ത് അധികൃതരിൽനിന്ന് മുൻകൂർ അനുമതി വാങ്ങുകയും വേണം. മരുന്നുകൾ യഥാർത്ഥ പാക്കറ്റുകളിൽ തന്നെ സൂക്ഷിക്കേണ്ടതും വിമാനത്താവളത്തിലെ പരിശോധനയിൽ രേഖകൾ ഹാജരാക്കേണ്ടതുമാണ്.

2013-ലെ കള്ളപ്പണം വെളുപ്പിക്കൽ തടയൽ നിയമപ്രകാരം രാജ്യത്തേക്ക് പ്രവേശിക്കുമ്പോഴും പുറത്തേക്ക് പോകുമ്പോഴും 3,000 കുവൈത്ത് ദിനാറോ അതിന് തുല്യമായ വിദേശ കറൻസിയോ മറ്റ് സാമ്പത്തിക രേഖകളോ കൈവശമുണ്ടെങ്കിൽ കസ്റ്റംസിൽ നിർബന്ധമായും വെളിപ്പെടുത്തണം (ഡിക്ലയർ ചെയ്യണം). കുവൈത്ത് കസ്റ്റംസിന്റെ ഓൺലൈൻ പോർട്ടൽ വഴിയോ ‘സഹേൽ’ ആപ്പ് വഴിയോ യാത്രക്കാർക്ക് ഈ നടപടികൾ പൂർത്തിയാക്കാവുന്നതാണ്. തുക വെളിപ്പെടുത്താതിരുന്നാൽ അന്വേഷണവും നിയമനടപടികളും നേരിടേണ്ടിവരും. ഒപ്പം, യാത്രയ്ക്കിടെ അപരിചിതരിൽ നിന്നോ മറ്റുള്ളവരിൽ നിന്നോ ബാഗുകളോ പൊതികളോ സ്വീകരിക്കരുതെന്നും അതിൽ നിരോധിത വസ്തുക്കൾ ഉണ്ടായാൽ കൊണ്ടുപോകുന്ന വ്യക്തി ഉത്തരവാദിയാകുമെന്നും അധികൃതർ ഓർമ്മിപ്പിച്ചു.

Leave a Reply

Your email address will not be published. Required fields are marked *