സിഡ്നി: ഓസ്ട്രേലിയൻ പ്രധാനമന്ത്രി ആന്റണി ആൽബനീസിന്റെ പേരിലും പ്രമുഖ മാധ്യമസ്ഥാപനന്റെ ലോഗോ ദുരുപയോഗം ചെയ്തും സോഷ്യൽ മീഡിയ വഴി വൻ സാമ്പത്തിക തട്ടിപ്പ് നടക്കുന്നതായി റിപ്പോർട്ട്. സാധാരണക്കാരായ പ്രവാസികളെയും പൊതുജനങ്ങളെയും ലക്ഷ്യമിട്ട് വ്യാജ എ.ഐ. ഡീപ് ഫേക്ക് സാങ്കേതികവിദ്യ ഉപയോഗിച്ചാണ് സംഘം വലവിരിച്ചിരിക്കുന്നത്.
സോഷ്യൽ മീഡിയയിലൂടെ പ്രചരിക്കുന്ന വ്യാജ വീഡിയോകളിൽ വെറും 350 ഡോളർ നിക്ഷേപിച്ചാൽ പ്രതിമാസം 40,000 ഡോളർ വരുമാനം നേടാമെന്ന വാഗ്ദാനമാണ് നൽകുന്നത്. പ്രധാനമന്ത്രി നേരിട്ട് പ്രഖ്യാപിച്ച ഔദ്യോഗിക പദ്ധതിയെന്ന പേരിലാണ് ഇത് പ്രചരിപ്പിക്കുന്നത്. ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാൻ മുൻനിര മാധ്യമങ്ങളുടെ ന്യൂസ് സ്ക്രീൻ ഗ്രാഫിക്സും ബ്രേക്കിംഗ് ന്യൂസ് ചിഹ്നങ്ങളും കൃത്രിമമായി ചേർത്താണ് ലിങ്കുകൾ നൽകിയിരിക്കുന്നത്. ജീവിതച്ചെലവും പണപ്പെരുപ്പവും മൂലം ബുദ്ധിമുട്ടുന്ന സാധാരണക്കാരെ പെട്ടെന്ന് പണം സമ്പാദിക്കാമെന്ന് പ്രലോഭിപ്പിച്ച് കുടുക്കുകയാണ് തട്ടിപ്പുകാരുടെ ലക്ഷ്യം. ഇത്തരം ലിങ്കുകളിൽ ക്ലിക്ക് ചെയ്യുന്നവർക്ക് അക്കൗണ്ടിലുള്ള മുഴുവൻ സമ്പാദ്യവും നഷ്ടപ്പെടുന്ന സാഹചര്യമാണുള്ളത്.
ഓസ്ട്രേലിയൻ സർക്കാരോ പ്രധാനമന്ത്രിയോ ഇത്തരത്തിലുള്ള അമിത ലാഭമുള്ള നിക്ഷേപ പദ്ധതികൾ ഒരിക്കലും സമൂഹമാധ്യമങ്ങൾ വഴി പ്രചരിപ്പിക്കാറില്ലെന്ന് അധികൃതർ ചൂണ്ടിക്കാട്ടുന്നു. സോഷ്യൽ മീഡിയയിൽ കാണുന്ന അജ്ഞാത ലിങ്കുകളിൽ പ്രവേശിച്ച് ബാങ്ക് വിവരങ്ങളോ കാർഡ് നമ്പറുകളോ കൈമാറരുതെന്നും, ഇത്തരം തട്ടിപ്പുകൾ ശ്രദ്ധയിൽപ്പെട്ടാൽ ഉടൻ തന്നെ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിലും ‘സ്കാംവാച്ച്’ (Scamwatch) പോലുള്ള ഔദ്യോഗിക ഏജൻസികളിലും റിപ്പോർട്ട് ചെയ്യണമെന്നും മുന്നറിയിപ്പുണ്ട്

