കാൻബറ: ഓസ്ട്രേലിയയിൽ പ്രൊട്ടക്ഷൻ വിസ (സബ്ക്ലാസ് 866) അപേക്ഷകളിൽ തീർപ്പുകാത്തിരിക്കുന്നവർക്ക് ഇനിമുതൽ രാജ്യത്തിന് പുറത്തേക്ക് യാത്ര ചെയ്യാനുള്ള ബ്രിഡ്ജിങ് വിസ ബി (BVB) അനുവദിക്കില്ലെന്ന് ഡിപ്പാർട്ട്മെന്റ് ഓഫ് ഹോം അഫയേഴ്സ് അറിയിച്ചു. നവംബർ ഒന്നു മുതൽ പുതിയ യാത്രാ നിയന്ത്രണങ്ങൾ പ്രാബല്യത്തിൽ വന്നു. പ്രൊട്ടക്ഷൻ വിസ അപേക്ഷകളിലോ അവയുടെ പുനഃപരിശോധനാ ഹർജികളിലോ അന്തിമ തീരുമാനം വരാനിരിക്കെ രാജ്യം വിടുന്നവർക്ക് പിന്നീട് ഓസ്ട്രേലിയയിലേക്ക് തിരികെ പ്രവേശിക്കാൻ സാധിക്കില്ലെന്നാണ് പുതിയ മാറ്റത്തിന്റെ അർത്ഥം.
നവംബർ ഒന്നിന് മുൻപ് സമർപ്പിച്ച ബ്രിഡ്ജിങ് വിസ ബി അപേക്ഷകൾ തുടർന്നും പരിശോധിച്ച് തീർപ്പാക്കുമെന്ന് വകുപ്പ് വ്യക്തമാക്കിയിട്ടുണ്ട്. എന്നാൽ നിലവിൽ ബ്രിഡ്ജിങ് വിസ ബി കൈവശമുള്ളവരുടെ യാത്രാ കാലാവധി അവസാനിച്ചുകഴിഞ്ഞാൽ യാത്രയ്ക്കായി വീണ്ടുമൊരു വിസയ്ക്ക് അപേക്ഷിക്കാൻ അനുവാദമുണ്ടാകില്ല. സാധാരണയായി പ്രൊട്ടക്ഷൻ വിസ അപേക്ഷകർക്ക് അവരുടെ നിലവിലെ വിസയും നിയമപരമായ പദവിയും അനുസരിച്ച് ബ്രിഡ്ജിങ് വിസ എ, സി അല്ലെങ്കിൽ ഇ എന്നിവയാണ് ലഭിക്കാറുള്ളത്. ഈ വിസകളുള്ളവർ രാജ്യം വിട്ടാൽ തിരികെ പ്രവേശിക്കാൻ സാധിക്കില്ല. സ്വന്തം രാജ്യത്ത് പീഡനങ്ങളോ ജീവന് കടുത്ത ഭീഷണിയോ നേരിടുന്ന യഥാർത്ഥ അഭയാർത്ഥികൾക്ക് മാത്രമായി ഉദ്ദേശിച്ചിട്ടുള്ളതാണ് പ്രൊട്ടക്ഷൻ വിസയെന്നും, ഓസ്ട്രേലിയയിൽ താമസിച്ച് ജോലി ചെയ്യാനുള്ള എളുപ്പവഴിയായി ഇതിനെ കാണരുതെന്നും വകുപ്പ് മുന്നറിയിപ്പ് നൽകി.
പ്രൊട്ടക്ഷൻ വിസ അപേക്ഷകളിൽ ഇപ്പോൾ അതിവേഗം തീരുമാനമെടുക്കുന്നുണ്ടെന്ന് അധികൃതർ വ്യക്തമാക്കി. മാനദണ്ഡങ്ങൾ പാലിക്കാത്തതിനാൽ സമർപ്പിക്കപ്പെടുന്ന അപേക്ഷകളിൽ ഏകദേശം 85 ശതമാനവും നിരസിക്കപ്പെടുകയാണ്. ചില പ്രത്യേക രാജ്യങ്ങളിൽ നിന്നുള്ളവരുടെ അപേക്ഷകൾ പൂർണ്ണമായും (100%) തള്ളിക്കളയുന്ന സാഹചര്യവുമുണ്ട്.
മാനദണ്ഡങ്ങൾ പാലിക്കാതെ പ്രൊട്ടക്ഷൻ വിസയ്ക്ക് അപേക്ഷിക്കുന്നവർ നേരിടേണ്ടിവരുന്ന ഗുരുതര പ്രത്യാഘാതങ്ങൾ വ്യക്തമാക്കുന്ന ഉദാഹരണങ്ങളും ആഭ്യന്തര വകുപ്പ് പുറത്തുവിട്ടു. ക്വീൻസ്ലാന്റിലെ കൃഷിയിടത്തിൽ ജോലിക്കെത്തിയ പാം (PALM) സ്കീം വിസക്കാരൻ തൊഴിലുടമയെ അറിയിക്കാതെ ജോലി മാറുകയും, ഓസ്ട്രേലിയയിൽ തുടരാനായി സുഹൃത്തിന്റെ ഉപദേശപ്രകാരം പ്രൊട്ടക്ഷൻ വിസയ്ക്ക് അപേക്ഷിക്കുകയും ചെയ്തു. വിസ തള്ളിയതിനെ തുടർന്ന് അനധികൃതമായി തങ്ങിയ ഇയാളെ ബോർഡർ ഫോഴ്സ് പിടികൂടി നാടുകടത്തുകയും തുടർനടപടികളുടെ ഭാരിച്ച തുക ബാധ്യതയാവുകയും ചെയ്തു. മറ്റൊരവസരത്തിൽ, ടിക്ടോക്കിലെ വ്യാജ മൈഗ്രേഷൻ പരസ്യം വിശ്വസിച്ച് വ്യാജരേഖകളിലൂടെ അപേക്ഷ നൽകിയ വിദേശ വിദ്യാർത്ഥിനിയുടെ ഭാവിയും പ്രതിസന്ധിയിലായി. ഇത്തരം തട്ടിപ്പുകളിൽ വീഴരുതെന്നും യോഗ്യതയില്ലാതെ അപേക്ഷിച്ചാൽ കടുത്ത നിയമനടപടികൾ നേരിടേണ്ടിവരുമെന്നും അധികൃതർ മുന്നറിയിപ്പ് നൽകി.

