സിഡ്നി: ഓസ്ട്രേലിയൻ ഓസ് ലോട്ടറിയുടെ 60 മില്യൺ ഡോളറിന്റെ (ഏകദേശം 330 കോടിയിലധികം രൂപ) വൻ ജാക്ക്പോട്ട് സ്വന്തമാക്കി ന്യൂ സൗത്ത് വെയിൽസിൽ നിന്നുള്ള അജ്ഞാത ഭാഗ്യവാൻ. ചൊവ്വാഴ്ച രാത്രി നടന്ന നറുക്കെടുപ്പിലാണ് (Draw 1707) ഒന്നാം സമ്മാനമായ മുഴുവൻ തുകയും എൻ.എസ്.ഡബ്ല്യുവിൽ വിറ്റഴിഞ്ഞ ഒരൊറ്റ ടിക്കറ്റ് സ്വന്തമാക്കിയത്.
ചൊവ്വാഴ്ച നടന്ന നറുക്കെടുപ്പിൽ 18, 19, 38, 7, 30, 22, 27 എന്നിവയാണ് പ്രധാന ഭാഗ്യ നമ്പറുകൾ. 3, 23, 45 എന്നിവ സപ്ലിമെന്ററി നമ്പറുകളായും നറുക്കെടുക്കപ്പെട്ടു. സിഡ്നിയിലെ ബ്ലാക്ക്ടൗൺ സിറ്റിയിലുള്ള എൻ.എസ്.ഡബ്ല്യു ലോട്ടറി ഔട്ട്ലെറ്റിൽ നിന്നാണ് ഈ ഭാഗ്യടിക്കറ്റ് എടുത്തിട്ടുള്ളത്. എന്നാൽ ടിക്കറ്റ് ഉടമ ആരാണെന്ന വിവരം ഇതുവരെ പുറത്തുവന്നിട്ടില്ല.
ബ്ലാക്ക്ടൗണിലെ താമസക്കാരോ അല്ലെങ്കിൽ അവിടെ സന്ദർശനം നടത്തി ലോട്ടറി ടിക്കറ്റ് വാങ്ങിയവരോ ആയ ആളുകൾ ഉടൻ തന്നെ തങ്ങളുടെ കൈവശമുള്ള ടിക്കറ്റുകൾ പരിശോധിക്കണമെന്ന് ദി ലോട്ട് വക്താവ് മാറ്റ് ഹാർട്ട് അറിയിച്ചു. ആഴ്ചയുടെ പകുതിയിൽ ഒരാൾ പെട്ടെന്ന് തന്നെ കോടീശ്വരനായി മാറിയിരിക്കുകയാണെന്നും ഒരുപക്ഷേ ആ വിവരം അവർ ഇതുവരെ അറിഞ്ഞിട്ടുണ്ടാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി. 60 മില്യൺ ഡോളർ എന്നത് ഒരാളുടെയും അവരുടെ ഉറ്റവരുടെയും ജീവിതത്തെ പൂർണ്ണമായി മാറ്റിമറിക്കാൻ പോന്ന തുകയാണെന്നും വിജയി ഈ വാർത്ത എത്രയും വേഗം തിരിച്ചറിയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഒന്നാം സമ്മാനത്തിന് പുറമെ രണ്ട് മുതൽ ഏഴ് വരെയുള്ള ഡിവിഷനുകളിലായി 9,40,000-ലധികം പേർ വിജയികളായിട്ടുണ്ട്. ഇവർക്കെല്ലാം കൂടി ആകെ 19 മില്യൺ ഡോളറോളം സമ്മാനമായി ലഭിക്കും. ടിക്കറ്റുകൾ പ്ലെയർ കാർഡിലോ ദി ലോട്ട് മെമ്പേഴ്സ് ക്ലബ്ബിലോ രജിസ്റ്റർ ചെയ്താൽ വിജയികളെ നേരിട്ട് ബന്ധപ്പെടാൻ കൂടുതൽ എളുപ്പമാകുമെന്നും അധികൃതർ ഓർമ്മിപ്പിച്ചു.

