മലപ്പുറം: കോട്ടപ്പടിയിലുള്ള പത്മ തിയേറ്ററിൽ ഇന്ന് പുലർച്ചെ വൻ തീപിടിത്തം. പുലർച്ചെ നാലേകാലോടെയാണ് തിയേറ്ററിലെ രണ്ടാമത്തെ സ്ക്രീനിൽ തീപടർന്നുപിടിച്ചത്. രണ്ട് സ്ക്രീനുകളുള്ള തിയേറ്ററിൽ ഇന്ന് രണ്ട് പുതിയ സിനിമകളുടെ റിലീസ് നടക്കാനിരിക്കെയാണ് അപ്രതീക്ഷിതമായി അപകടമുണ്ടായത്.
വിവരമറിഞ്ഞയുടൻ മലപ്പുറത്തുനിന്നെത്തിയ രണ്ട് യൂണിറ്റ് അഗ്നിരക്ഷാ സേന ഒരു മണിക്കൂറോളം നീണ്ട കഠിനശ്രമത്തിനൊടുവിലാണ് തീ പൂർണ്ണമായും അണച്ചത്. അഗ്നിരക്ഷാ സേനയുടെ സമയോചിതമായ ഇടപെടൽ മൂലമാണ് തീ തിയേറ്ററിന്റെ മറ്റ് ഭാഗങ്ങളിലേക്കും പ്രധാന സ്ക്രീനിലേക്കും പടരാതെ തടയാനായത്. തീപിടിത്തത്തിൽ സ്ക്രീൻ രണ്ടിന് വലിയ തോതിലുള്ള നാശനഷ്ടങ്ങൾ സംഭവിച്ചിട്ടുണ്ട്. ഷോർട്ട് സർക്യൂട്ടാണ് അപകടത്തിന് വഴിവെച്ചതെന്നാണ് പ്രാഥമിക നിഗമനം.

