പെൻഷൻകാർക്ക് ആശ്വാസമായി ഡിജിറ്റൽ ലൈഫ് സർട്ടിഫിക്കറ്റ് പ്രചാരണം; അഞ്ചാം പതിപ്പിന് നാളെ തുടക്കം

ന്യൂഡൽഹി: പെൻഷൻകാർക്ക് വാർഷിക ലൈഫ് സർട്ടിഫിക്കറ്റ് സമർപ്പണം കൂടുതൽ ലളിതവും വേഗത്തിലുമാക്കാൻ ലക്ഷ്യമിട്ടുള്ള അഞ്ചാമത് ദേശീയ ഡിജിറ്റൽ ലൈഫ് സർട്ടിഫിക്കറ്റ് (ഡി.എൽ.സി) പ്രചാരണ പരിപാടിക്ക് നാളെ തുടക്കമാകും. കേന്ദ്ര പെൻഷൻ വെൽഫെയർ വകുപ്പ് സംഘടിപ്പിക്കുന്ന വിപുലമായ കാമ്പയിൻ കേന്ദ്രസഹമന്ത്രി ഡോ. ജിതേന്ദ്ര സിംഗ് ന്യൂഡൽഹിയിൽ ഉദ്ഘാടനം ചെയ്യും. ഈ മാസം 30 വരെ നീണ്ടുനിൽക്കുന്ന പ്രചാരണ പരിപാടി രാജ്യവ്യാപകമായാണ് നടപ്പിലാക്കുന്നത്.

ജീവൻ പ്രമാൺ ആപ്പിലെ ഫേസ് ഓതന്റിക്കേഷൻ (മുഖം തിരിച്ചറിയൽ) സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തി വീടുകളിൽ ഇരുന്നുതന്നെ പെൻഷൻകാർക്ക് ഡിജിറ്റൽ ലൈഫ് സർട്ടിഫിക്കറ്റ് സമർപ്പിക്കാൻ സൗകര്യമൊരുക്കുകയാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യം. വിവിധ ബാങ്കുകൾ, ഇന്ത്യ പോസ്റ്റ് പേയ്‌മെന്റ് ബാങ്ക് (ഐ.പി.പി.ബി) എന്നിവയുമായി സഹകരിച്ചാണ് കേന്ദ്രസർക്കാർ ഈ ദൗത്യം ഏകോപിപ്പിക്കുന്നത്.

80 വയസ്സ് പിന്നിട്ട മുതിർന്ന പെൻഷൻകാർക്കും ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾ നേരിടുന്ന കിടപ്പുരോഗികൾക്കും നേരിട്ടെത്തി സർട്ടിഫിക്കറ്റ് സമർപ്പിക്കാൻ സാധിക്കാത്ത സാഹചര്യത്തിൽ, അവരുടെ വീടുകളിലെത്തി സേവനം നൽകുന്നതിനുള്ള പ്രത്യേക ക്രമീകരണങ്ങളും കാമ്പയിന്റെ ഭാഗമായി സജ്ജീകരിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *