ന്യൂഡൽഹി: ഇന്ത്യയിൽ താമസിക്കുന്ന വിവിധ വിഭാഗങ്ങളിൽപ്പെട്ട വിദേശ പൗരന്മാർക്കും അഭയാർത്ഥികൾക്കും പാസ്പോർട്ട്, വീസ ചട്ടങ്ങളിൽ നിർണായക ഇളവുകൾ പ്രഖ്യാപിച്ച് കേന്ദ്ര സർക്കാർ. കേന്ദ്ര ആഭ്യന്തര മന്ത്രാലയം പുറത്തിറക്കിയ പുതിയ ഇമിഗ്രേഷൻ ആൻഡ് ഫോറിനേഴ്സ് ഓർഡർ പ്രകാരം, കൃത്യമായ തിരിച്ചറിയൽ രേഖകൾ കൈവശമുള്ള ഇന്ത്യൻ പൗരന്മാർക്ക് നേപ്പാൾ, ഭൂട്ടാൻ അതിർത്തി കടക്കുന്നതിന് ഇനി പാസ്പോർട്ട് നിർബന്ധമില്ല. നേപ്പാൾ, ഭൂട്ടാൻ പൗരന്മാർക്ക് ഇന്ത്യയിലേക്ക് പ്രവേശിക്കുന്നതിനും ഈ യാത്രാ ഇളവ് ബാധകമാണ്.
വിവിധ രാജ്യങ്ങളിൽ നിന്നുള്ള അഭയാർത്ഥികൾക്കും ദീർഘകാല താമസക്കാർക്കും വലിയ ആശ്വാസം നൽകുന്നതാണ് പുതിയ ഉത്തരവ്. 2015 ജനുവരി ഒൻപതിന് മുൻപായി ഇന്ത്യയിലെത്തി ഔദ്യോഗികമായി രജിസ്റ്റർ ചെയ്ത ശ്രീലങ്കൻ തമിഴർക്കും, മതപീഡനം മൂലം ബംഗ്ലാദേശ്, പാകിസ്ഥാൻ, അഫ്ഗാനിസ്ഥാൻ എന്നിവിടങ്ങളിൽ നിന്ന് 2024 ഡിസംബർ 31-ന് മുൻപ് ഇന്ത്യയിലെത്തിയ ഹിന്ദു, സിഖ്, ബുദ്ധ, ജെയിൻ, പാഴ്സി, ക്രിസ്ത്യൻ ന്യൂനപക്ഷങ്ങൾക്കും പാസ്പോർട്ട്, വീസ നിബന്ധനകളിൽ ഇളവ് അനുവദിച്ചിട്ടുണ്ട്.
കൂടാതെ, പ്രത്യേക മാനദണ്ഡങ്ങൾ പാലിക്കുന്ന പാകിസ്ഥാൻ പൗരന്മാർക്കും, വിഭജനകാലത്ത് പാകിസ്ഥാനിലേക്ക് പോയി പിന്നീട് തിരിച്ചെത്തിയവർക്കും, കാലാവധി കഴിഞ്ഞ പഴയ പാസ്പോർട്ട് കൈവശമുള്ള മലേഷ്യൻ അല്ലെങ്കിൽ സിംഗപ്പൂർ ഇന്ത്യൻ വംശജർക്കും ഈ ആനുകൂല്യങ്ങൾ ലഭിക്കും. ഔദ്യോഗിക ആവശ്യങ്ങൾക്കായി സഞ്ചരിക്കുന്ന ഇന്ത്യൻ കര, നാവിക, വ്യോമസേനാ ഉദ്യോഗസ്ഥർക്കും ഔദ്യോഗിക വാഹനങ്ങളിൽ അവരോടൊപ്പം യാത്ര ചെയ്യുന്ന കുടുംബാംഗങ്ങൾക്കും ചട്ടങ്ങളിൽ പൂർണ്ണ ഇളവ് ബാധകമാക്കിയിട്ടുണ്ട്.

