മെൽബൺ: വിക്ടോറിയൻ സംസ്ഥാന തിരഞ്ഞെടുപ്പ് 2026 നവംബർ 28 ശനിയാഴ്ച നടക്കാനിരിക്കെ, പടിഞ്ഞാറൻ മെൽബണിലെ പരമ്പരാഗത ലേബർ ശക്തികേന്ദ്രങ്ങളിൽ രാഷ്ട്രീയ ചലനങ്ങൾ ശക്തമാകുന്നു. വിക്ടോറിയൻ ഇലക്ടറൽ കമ്മീഷന്റെ ഔദ്യോഗിക അറിയിപ്പ് പ്രകാരം നവംബർ മൂന്നിന് തിരഞ്ഞെടുപ്പ് വിജ്ഞാപനം പുറപ്പെടുവിക്കുകയും വോട്ടർ പട്ടിക പൂർണ്ണമായി ക്ലോസ് ചെയ്യുകയും ചെയ്തു. അർഹരായ വോട്ടർമാർക്കുള്ള മുൻകൂർ വോട്ടിംഗ് നവംബർ 18 മുതൽ ആരംഭിക്കും. തിരഞ്ഞെടുപ്പ് ദിനത്തിൽ രാവിലെ എട്ടു മുതൽ വൈകിട്ട് ആറുവരെയാണ് പോളിംഗ് സമയം. ഓസ്ട്രേലിയൻ പൗരത്വമുള്ള എല്ലാ വിക്ടോറിയൻ വോട്ടർമാർക്കും വോട്ടിംഗ് നിർബന്ധമാണ്.
തൊഴിലാളി കുടുംബങ്ങളും കുടിയേറ്റക്കാരും തിങ്ങിപ്പാർക്കുന്ന സിഡൻഹാം , സെന്റ് ആൽബൻസ് , ഗ്രീൻവേൽ തുടങ്ങിയ മണ്ഡലങ്ങളിൽ മുൻകാലങ്ങളിലുണ്ടായ മാറ്റങ്ങളും പുതിയ സർവേ ഫലങ്ങളുമാണ് നിലവിലെ ചർച്ചാവിഷയം. 2022-ലെ തിരഞ്ഞെടുപ്പിൽ ഈ മണ്ഡലങ്ങളിൽ ലേബർ പാർട്ടിയുടെ പ്രൈമറി വോട്ടുകളിൽ വലിയ ഇടിവ് രേഖപ്പെടുത്തിയിരുന്നു. സിഡൻഹാമിൽ ലേബറിന്റെ പ്രൈമറി വോട്ട് 17.8 ശതമാനം കുറഞ്ഞ് 43.5 ശതമാനത്തിലേക്കും, ടു-പാർട്ടി പ്രിഫേർഡ് (2PP) മാർജിൻ 8.8 ശതമാനത്തിലേക്കും ചുരുങ്ങിയിരുന്നു. സെന്റ് ആൽബൻസിൽ പ്രൈമറി വോട്ട് 18.4 ശതമാനം ഇടിഞ്ഞ് 42.3 ശതമാനമായപ്പോൾ മാർജിൻ 9.6 ശതമാനമായി മാറി. ഗ്രീൻവേലിൽ 2PP മാർജിനിൽ 15 ശതമാനത്തോളം കുറവുണ്ടായി 7.1 ശതമാനത്തിലേക്ക് താഴ്ന്നിരുന്നു. ഭവനവായ്പാ തിരിച്ചടവുകളും ഉയർന്ന ജീവിതച്ചെലവും നേരിടുന്ന തൊഴിലാളി മേഖലകളിലാണ് ഈ മാറ്റങ്ങൾ കാര്യമായി ദൃശ്യമായത്.
ഒക്ടോബർ അവസാനവും നവംബർ ആദ്യവാരവുമായി ന്യൂസ്പോൾ (Newspoll), റോയ് മോർഗൻ , റിസോൾവ് , റെഡ്ബ്രിഡ്ജ് (RedBridge) എന്നിവ പുറത്തുവിട്ട പുതിയ സംസ്ഥാനതല സർവേകളിൽ ലേബർ പാർട്ടിയുടെ പ്രൈമറി പിന്തുണ 20 മുതൽ 25 ശതമാനം വരെയായി ചുരുങ്ങിയതായാണ് സൂചന. കോയലിഷൻ 29 മുതൽ 33 ശതമാനം വരെയും, വൺ നേഷൻ 20 മുതൽ 24 ശതമാനം വരെയും പ്രൈമറി പിന്തുണ നേടുന്നുണ്ട്. നിലവിലെ ടു-പാർട്ടി പ്രിഫേർഡ് കണക്കുകളിൽ കോയലിഷനാണ് നേരിയ മുൻതൂക്കം പ്രവചിക്കപ്പെടുന്നത്.
പൗളിൻ ഹാൻസന്റെ നേതൃത്വത്തിലുള്ള വൺ നേഷൻ പാർട്ടി സിഡൻഹാമിൽ ജോ ബോഹ്, സെന്റ് ആൽബൻസിൽ ജോൺ കോവൽ , ഗ്രീൻവേലിൽ ക്രിസ് മൂർ എന്നിവരെ സ്ഥാനാർത്ഥികളായി പ്രഖ്യാപിച്ച് സജീവമാണ്. പലിശനിരക്കുകളും ജീവിതച്ചെലവും ഉയരുന്നതിൽ നിരാശരായ വോട്ടർമാർ മറ്റ് രാഷ്ട്രീയ ബദലുകളെ ശ്രദ്ധിക്കുന്നുണ്ടെന്ന് റിപ്പോർട്ടുകൾ വരുന്നുണ്ടെങ്കിലും, ഈ മണ്ഡലങ്ങളിൽ വൺ നേഷൻ അട്ടിമറി വിജയം നേടുമെന്ന തരത്തിലുള്ള പ്രത്യേക മണ്ഡലതല സർവേ ഫലങ്ങളൊന്നും നിലവിൽ പുറത്തുവന്നിട്ടില്ല.

