കൊച്ചി കാർണിവൽ വിപുലമായി ആഘോഷിക്കാൻ ഒരുങ്ങി ജില്ല; മുന്നൊരുക്ക യോഗം ചേർന്നു

കൊച്ചി: ഫോർട്ട് കൊച്ചിയിലെ പുതുവത്സരാഘോഷമായ ‘കൊച്ചിൻ കാർണിവൽ’ ഇത്തവണ കൂടുതൽ വിപുലമായി സംഘടിപ്പിക്കാൻ തീരുമാനം. ജില്ലാ കളക്ടറുടെ ചേംബറിൽ മുഹമ്മദ് ഷിയാസ് എം.എൽ.എ, ജില്ലാ കളക്ടർ ജി. പ്രിയങ്ക എന്നിവരുടെ നേതൃത്വത്തിൽ ചേർന്ന മുന്നൊരുക്ക യോഗത്തിലാണ് ഇതുസംബന്ധിച്ച പദ്ധതികൾ വിലയിരുത്തിയത്. കഴിഞ്ഞ വർഷം ഏഴു മുതൽ എട്ടു ലക്ഷത്തോളം ആളുകൾ കാർണിവലിൽ പങ്കെടുത്തിരുന്നുവെന്നും ഇത്തവണ അതിലും കൂടുതൽ ജനങ്ങളെയാണ് പ്രതീക്ഷിക്കുന്നതെന്നും എം.എൽ.എ അറിയിച്ചു.

വെളി ഗ്രൗണ്ട്, വാസ്കോഡഗാമ ബീച്ച്, പരേഡ് ഗ്രൗണ്ട് എന്നീ വേദികളിലായിരിക്കും പ്രധാന സാംസ്കാരിക പരിപാടികൾ അരങ്ങേറുക. കുടുംബങ്ങൾക്കും കുട്ടികൾക്കും യുവാക്കൾക്കും ഒരുപോലെ ആഘോഷമാക്കാവുന്ന രീതിയിൽ വൈവിധ്യമാർന്ന കലാപരിപാടികളും ദൃശ്യവിസ്മയങ്ങളും ഉൾപ്പെടുത്തിയായിരിക്കും ഇത്തവണത്തെ കാർണിവൽ സംഘടിപ്പിക്കുക. ഓരോ വേദിയിലും കുടിവെള്ള ലഭ്യത, ശുചിമുറി സംവിധാനം, പാർക്കിങ്, ബസ് സർവീസ് എന്നിവയ്ക്ക് കൃത്യമായ പൊതുസംവിധാനം ഏർപ്പെടുത്തണമെന്ന് എം.എൽ.എ യോഗത്തിൽ നിർദ്ദേശം നൽകി. വിവിധ വകുപ്പുകൾക്ക് നൽകിയിട്ടുള്ള ചുമതലകൾ ജില്ലാ കളക്ടർ അവലോകനം ചെയ്തു.

ക്രമസമാധാനം ഉറപ്പുവരുത്തുന്നതിന് പോലീസ് വകുപ്പിനെ ചുമതലപ്പെടുത്തിയിട്ടുണ്ട്. വേദികളിലെ സുരക്ഷാ സംവിധാനങ്ങൾ, അടിയന്തര ഘട്ടങ്ങൾ കൈകാര്യം ചെയ്യാനുള്ള ഒരുക്കങ്ങൾ, സുഗമമായ പാർക്കിങ് പ്ലാൻ എന്നിവ പോലീസ് തയ്യാറാക്കും. ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തിൽ ആംബുലൻസുകൾ, ആരോഗ്യപ്രവർത്തകർ, അടിയന്തര വൈദ്യസഹായം എന്നിവ സജ്ജമാക്കും. കാർണിവൽ ദിവസങ്ങളിൽ ഫുഡ് സേഫ്റ്റി സ്ക്വാഡുകളുടെ കർശന സേവനവും ഉറപ്പുവരുത്തും. വേദികളിൽ ആവശ്യത്തിന് ബയോടോയ്‌ലറ്റുകൾ ഉറപ്പാക്കാൻ കൊച്ചി നഗരസഭാ സെക്രട്ടറിയെ ചുമതലപ്പെടുത്തി. എല്ലാ പ്രധാന റോഡുകളിലും വഴിവിളക്കുകൾ സ്ഥാപിച്ചിട്ടുണ്ടെന്നും അവ പ്രവർത്തനക്ഷമമാണെന്നും ഉറപ്പുവരുത്താൻ നിർദ്ദേശം നൽകിയിട്ടുണ്ട്. സ്ട്രീറ്റ് ലൈറ്റുകളുടെ അറ്റകുറ്റപ്പണികൾ മുൻകൂറായി പൂർത്തിയാക്കണം. തടസ്സമില്ലാത്ത വൈദ്യുതി വിതരണം കെ.എസ്.ഇ.ബിയും വേദികളിലും ബീച്ചിലും മുഴുവൻ സമയവും ശുദ്ധജല ലഭ്യത കേരള വാട്ടർ അതോറിറ്റിയും ഉറപ്പുവരുത്തും. സ്റ്റേജുകളുടെ സുരക്ഷ, ഫയർ ഇൻസ്പെക്ഷൻ, ഇലക്ട്രിക്കൽ ഇൻസ്പെക്ഷൻ എന്നിവ സമയബന്ധിതമായി പൂർത്തിയാക്കണം. അസ്ക ലൈറ്റുകൾ, ഫയർ എക്സ്റ്റിംഗ്വിഷറുകൾ, ഡിങ്കി, സിവിൽ ഡിഫൻസ് വൊളന്റിയർമാർ എന്നീ സംവിധാനങ്ങളും സജ്ജീകരിക്കും. എല്ലാ വകുപ്പുകളേയും ഏകോപിപ്പിച്ച് മുഴുവൻ സമയവും പ്രവർത്തിക്കുന്ന കേന്ദ്രീകൃത കൺട്രോൾ റൂമും ഏർപ്പെടുത്തും.

കാർണിവലിനെത്തുന്നവർക്കായി കെ.എസ്.ആർ.ടി.സി ബസുകളുടെ സമയക്രമീകരണവും ആവശ്യാനുസരണം താൽക്കാലിക പെർമിറ്റുകളും അനുവദിക്കും. റോ-റോ ബോട്ടുകൾ രാത്രി ഏഴു മണി വരെ ഫോർട്ട് കൊച്ചിയിലേക്ക് സർവീസ് നടത്തും. തുടർന്ന് രാത്രി മുതൽ രാവിലെ വരെ വേദികളിൽ നിന്ന് ജനങ്ങളെ സുരക്ഷിതമായി തിരികെ എത്തിക്കുന്നതിനായി സർവീസ് തുടരും. സുരക്ഷാ മാനദണ്ഡങ്ങൾ കർശനമായി പാലിച്ചായിരിക്കും രാത്രിയിലെ റോ-റോ പ്രവർത്തനം. കൂടാതെ, ഗതാഗത വകുപ്പിന്റെ ആറ് ബോട്ടുകളും ആളുകളെ തിരികെ എത്തിക്കാനായി സർവീസ് നടത്തും. ബോട്ട് ജെട്ടികളിൽ മികച്ച ലൈറ്റിങ് സംവിധാനവും പോലീസ് സുരക്ഷയും ഉറപ്പാക്കും. അനുവദനീയമായ പരിധിയിലുള്ള ആളുകളെ മാത്രമേ ബോട്ടുകളിൽ പ്രവേശിപ്പിക്കൂ.

ഡിസംബർ 27 മുതൽ 31 വരെയുള്ള അവസാന അഞ്ചു ദിവസങ്ങളിലായിരിക്കും പ്രധാന ആഘോഷ പരിപാടികൾ അരങ്ങേറുന്നത്. ജനങ്ങൾ വൻതോതിൽ എത്തിച്ചേരാൻ സാധ്യതയുള്ള ഈ ദിവസങ്ങളിൽ എല്ലാ വകുപ്പുകളും കൂടുതൽ ജാഗ്രത പാലിക്കണമെന്ന് എം.എൽ.എയും ജില്ലാ കളക്ടറും നിർദ്ദേശിച്ചു. ഒരുക്കങ്ങളുടെ പുരോഗതി വിലയിരുത്താൻ ഡിസംബർ രണ്ടാം വാരം ജില്ലാ കളക്ടറുടെ നേതൃത്വത്തിൽ വീണ്ടും യോഗം ചേരും.

Leave a Reply

Your email address will not be published. Required fields are marked *