ടെഹ്റാൻ: ഇറാന്റെ തെക്കൻ മേഖലകളിൽ വിവിധയിടങ്ങളിൽ സ്ഫോടനശബ്ദങ്ങൾ കേട്ടതായി റിപ്പോർട്ട്. ഖേഷം ദ്വീപ്, ജാസ്ക്, സിറിക്, ബന്ദർ അബ്ബാസ് എന്നിവിടങ്ങളിലാണ് സ്ഫോടനശബ്ദങ്ങൾ ഉണ്ടായത്. സംഭവത്തിന് പിന്നിൽ ആക്രമണമാണോയെന്ന് ഔദ്യോഗിക സ്ഥിരീകരണമില്ല. അതേസമയം, അമേരിക്കയുമായുള്ള സംഘർഷം തുടരുന്നതിനിടെ രാജ്യം യുദ്ധസജ്ജമാണെന്ന് ഇറാൻ പ്രഖ്യാപിച്ചു.
ഇറാനിയൻ മാധ്യമങ്ങളെ ഉദ്ധരിച്ച് വാർത്താ ഏജൻസിയായ റോയിട്ടേഴ്സാണ് സ്ഫോടനങ്ങളെക്കുറിച്ച് റിപ്പോർട്ട് ചെയ്തത്. ഖേഷം ദ്വീപിലുണ്ടായ സ്ഫോടനങ്ങൾ മിസൈൽ ആക്രമണത്തിന്റെ ഭാഗമാണെന്ന് സ്ഥിരീകരിച്ചിട്ടില്ല. സ്ഫോടനങ്ങൾക്ക് പിന്നിൽ മിസൈൽ ആക്രമണമല്ലെന്ന് ഇറാനിലെ തസ്നിം വാർത്താ ഏജൻസി ഒരു ഉറവിടത്തെ ഉദ്ധരിച്ച് റിപ്പോർട്ട് ചെയ്തതായും റോയിട്ടേഴ്സ് വ്യക്തമാക്കി.
ഇറാൻ സൈന്യം പുതിയ മിസൈൽ ശേഖരം അടുത്തയാഴ്ച പുറത്തുവിടുമെന്ന് അറിയിച്ചിട്ടുണ്ട്. അമേരിക്കയുടെയോ ഇസ്രയേലിന്റെയോ ഭാഗത്തുനിന്ന് പുതിയ ആക്രമണമുണ്ടായാൽ ശക്തമായി തിരിച്ചടിക്കുമെന്ന മുന്നറിയിപ്പും ഇറാൻ നേരത്തേ നൽകിയിരുന്നു.
ഇതിനിടെ, ഇറാനിൽനിന്ന് മടങ്ങുകയായിരുന്ന വാണിജ്യക്കപ്പലിനെ ഒമാൻ ഉൾക്കടലിൽ അമേരിക്കൻ സൈന്യം ആക്രമിച്ചതായും റിപ്പോർട്ടുണ്ട്. അമേരിക്കയുടെ നാവിക ഉപരോധം ലംഘിച്ച് കടന്നുപോകാൻ ശ്രമിച്ച കപ്പലിനെ മുന്നറിയിപ്പുകൾ അവഗണിച്ചതിനെത്തുടർന്ന് അമേരിക്കൻ സൈനിക വിമാനം വെടിവച്ച് പ്രവർത്തനരഹിതമാക്കിയെന്ന് യുഎസ് സെൻട്രൽ കമാൻഡ് അറിയിച്ചു.
ഇറാന്റെ സൈനിക ശേഷി സംബന്ധിച്ച വിവരങ്ങൾ കൈമാറുന്നവർക്ക് രണ്ടു കോടി ഡോളർ വരെ (ഏകദേശം 180 കോടി രൂപ) പാരിതോഷികം നൽകുമെന്ന് അമേരിക്ക പ്രഖ്യാപിച്ചിരുന്നു. ഇറാന്റെ ആണവപദ്ധതിയുമായി ബന്ധപ്പെട്ട വിവരങ്ങൾ ശേഖരിക്കുകയാണ് ലക്ഷ്യം. നിലവിൽ ഇറാന്റെ ആണവപദ്ധതിയെക്കുറിച്ചുള്ള വിവരങ്ങൾ അന്താരാഷ്ട്ര ആണവോർജ ഏജൻസിയുടെ (ഐഎഇഎ) പക്കൽ ലഭ്യമല്ലെന്നും റിപ്പോർട്ടിൽ പറയുന്നു.
ആണവായുധം വികസിപ്പിക്കുന്നുവെന്ന ആരോപണം ഉന്നയിച്ച് ഫെബ്രുവരി 28നാണ് അമേരിക്കയും ഇസ്രയേലും ഇറാനെതിരെ സംയുക്ത സൈനിക നടപടി ആരംഭിച്ചത്. ഇതിനു പിന്നാലെ പശ്ചിമേഷ്യയിൽ സംഘർഷം രൂക്ഷമാവുകയായിരുന്നു. ഹോർമുസ് കടലിടുക്കിലെ കപ്പൽ ഗതാഗതവും സംഘർഷത്തിന്റെ ഭാഗമായി തടസ്സപ്പെട്ടിട്ടുണ്ട്.

