ന്യൂഡൽഹി: രൂക്ഷമായ വായുമലിനീകരണത്തിൽ ലോകത്തിലെ ഏറ്റവും മലിനമായ നഗരമായി ഡൽഹി. സ്വിസ് വായുഗുണനിലവാര നിരീക്ഷണ സ്ഥാപനമായ ഐക്യുഎയറിന്റെ (IQAir) തത്സമയ റാങ്കിങ്ങിലാണ് ഡൽഹി ഒന്നാം സ്ഥാനത്തെത്തിയത്. അതേസമയം, വായുമലിനീകരണം മൂലം ഇന്ത്യയ്ക്ക് പ്രതിവർഷം ഒൻപത് ലക്ഷം കോടി രൂപയുടെ സാമ്പത്തിക നഷ്ടമുണ്ടാകുന്നതായും പഠന റിപ്പോർട്ട് വ്യക്തമാക്കുന്നു.
നവംബർ ഏഴിന് രാവിലെ ഡൽഹിയിലെ വായുഗുണനിലവാര സൂചിക (AQI) ഐക്യുഎയറിന്റെ കണക്കുപ്രകാരം 581 ആയി ഉയർന്നു. അമേരിക്കൻ പരിസ്ഥിതി സംരക്ഷണ ഏജൻസിയുടെ മാനദണ്ഡങ്ങൾ അടിസ്ഥാനമാക്കിയുള്ള സൂചികയാണിത്. അതേസമയം, കേന്ദ്ര മലിനീകരണ നിയന്ത്രണ ബോർഡിന്റെ (CPCB) കണക്കനുസരിച്ച് അന്നേ ദിവസം രാവിലെ പത്തുമണിക്ക് ഡൽഹിയിലെ എക്യുഐ 363 ആയിരുന്നു. ഇത് വളരെ മോശം വിഭാഗത്തിലാണ് ഉൾപ്പെടുന്നത്. വ്യത്യസ്ത മാനദണ്ഡങ്ങൾ ഉപയോഗിക്കുന്നതിനാലാണ് ഇരു കണക്കുകളിലും വ്യത്യാസം വരുന്നത്.
ദീപാവലിക്ക് മുന്നോടിയായുള്ള ദിവസങ്ങളിൽ കഴിഞ്ഞ എട്ട് വർഷത്തിനിടയിലെ ഏറ്റവും മോശം വായുനിലവാരമാണ് വെള്ളിയാഴ്ച ഡൽഹിയിൽ രേഖപ്പെടുത്തിയതെന്ന് ഔദ്യോഗിക കണക്കുകൾ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു.
ജിഡിപിയുടെ 9.5 ശതമാനം വരെ നഷ്ടം
വായുമലിനീകരണം രാജ്യത്തിന്റെ ആരോഗ്യ മേഖലയെയും സമ്പദ്വ്യവസ്ഥയെയും ഒരുപോലെ ബാധിക്കുന്നതായി ഫിക്കി (FICCI), ഏണസ്റ്റ് ആൻഡ് യങ് (EY) ഇന്ത്യ എന്നിവർ സംയുക്തമായി പുറത്തിറക്കിയ പഠന റിപ്പോർട്ട് വ്യക്തമാക്കുന്നു. നവംബർ അഞ്ചിന് പുറത്തിറക്കിയ ‘ക്ലീൻ എയർ, ഹെൽത്തി ഇന്ത്യ’ എന്ന റിപ്പോർട്ട് പ്രകാരം വായുമലിനീകരണം മൂലം രാജ്യത്തിന്റെ മൊത്ത ആഭ്യന്തര ഉത്പാദനത്തിന്റെ (ജിഡിപി) 9 മുതൽ 9.5 ശതമാനം വരെ നഷ്ടമുണ്ടാകുന്നുണ്ട്.
വായുമലിനീകരണവുമായി ബന്ധപ്പെട്ട ആരോഗ്യപ്രശ്നങ്ങൾ കാരണം പ്രതിവർഷം 20 ലക്ഷത്തിലേറെ അകാലമരണങ്ങൾ സംഭവിക്കുന്നതായും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. തൊഴിലാളികളുടെ ഉത്പാദനക്ഷമത കുറയുന്നതും ആരോഗ്യപ്രശ്നങ്ങൾ മൂലം ജോലിയിൽനിന്ന് വിട്ടുനിൽക്കുന്നതും കാരണം പ്രതിവർഷം 130 കോടി തൊഴിൽദിനങ്ങൾ നഷ്ടമാകുന്നു. ഇത് പ്രതിവർഷം ഏകദേശം ഒൻപത് ലക്ഷം കോടി രൂപയുടെ ബിസിനസ് നഷ്ടത്തിന് കാരണമാകുന്നതായും പഠനത്തിൽ പറയുന്നു.
വായുവിലെ അതിസൂക്ഷ്മ കണങ്ങളായ പി.എം 2.5 ശ്വാസകോശത്തിലൂടെ രക്തത്തിൽ പ്രവേശിക്കുന്നത് ഹൃദ്രോഗം, പക്ഷാഘാതം, ശ്വാസകോശ രോഗങ്ങൾ എന്നിവയ്ക്കുള്ള സാധ്യത വർധിപ്പിക്കുന്നു. വാഹനങ്ങളിൽനിന്നുള്ള പുക, വ്യവസായശാലകളിലെ മലിനീകരണം, നിർമാണപ്രവർത്തനങ്ങളിൽനിന്നുള്ള പൊടി, വൈക്കോൽ കത്തിക്കൽ, മാലിന്യം കത്തിക്കൽ എന്നിവയാണ് വായുമലിനീകരണത്തിന്റെ പ്രധാന കാരണങ്ങളായി ചൂണ്ടിക്കാട്ടുന്നത്.
വായുമലിനീകരണം നിയന്ത്രിക്കുന്നതിന് നഗരങ്ങൾ കേന്ദ്രീകരിച്ചുള്ള നടപടികൾക്കൊപ്പം സംസ്ഥാനങ്ങൾ തമ്മിലുള്ള ഏകോപനവും മലിനീകരണത്തിന്റെ ഉറവിടങ്ങൾ നിയന്ത്രിക്കുന്നതിനുള്ള ശക്തമായ നടപടികളും ആവശ്യമാണെന്നും റിപ്പോർട്ട് നിർദേശിക്കുന്നു.

