അക്ഷരങ്ങളും ഹൃദയങ്ങളും ഒന്നായ സായാഹ്നം; ഓർമ്മകളിൽ നിറഞ്ഞ് അക്ഷരോത്സവം 2026

“ഒന്നെന്നെങ്ങനെയെഴുതാം? വളവും വേണ്ട, ചെരിവും വേണ്ട, കുത്തനെയൊരു വര, കുറിയ വര… ഒന്നായി, നന്നായി, ഒന്നായാൽ നന്നായി, നന്നായാൽ ഒന്നായി…” — കുഞ്ഞുണ്ണി മാഷിന്റെ ഈ ലളിതസുന്ദരമായ വരികളെ അന്വർത്ഥമാക്കിക്കൊണ്ട്, പ്രവാസലോകത്തെ മലയാളികളെ അക്ഷരങ്ങളിലൂടെയും കലയിലൂടെയും ഒന്നിപ്പിച്ച മനോഹരമായൊരു സായാഹ്നമായിരുന്നു മൂന്നാമത് ഓസ്ട്രേലിയൻ മലയാളി ലിറ്ററേച്ചർ ഫെസ്റ്റിവൽ അഥവാ ‘അക്ഷരോത്സവം 2026’. വിപഞ്ചിക ഗ്രന്ഥശാലയുടെയും ‘മലയാളി പത്ര’ത്തിന്റെയും ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ഈ സാഹിത്യോത്സവം, മലയാള ഭാഷയുടെയും സംസ്കാരത്തിന്റെയും ആത്മാവിനെ തൊട്ടറിയുന്ന അപൂർവാനുഭവമായി മാറി.

കുഞ്ഞുങ്ങളെ എഴുത്തിനിരുത്തി, അറിവിന്റെയും അക്ഷരങ്ങളുടെയും ആദ്യാക്ഷരമായ ‘ഹരിശ്രീ’ കുറിച്ചുകൊണ്ടായിരുന്നു അക്ഷരോത്സവത്തിന് തുടക്കമായത്. പുതുതലമുറയ്ക്ക് മാതൃഭാഷയുടെ മധുരം പകർന്നുനൽകിയ ആ ധന്യമുഹൂർത്തത്തിന് ശേഷം, മലയാളത്തിന്റെ മഹത്തായ സാഹിത്യപാരമ്പര്യത്തിലേക്കുള്ള ഒരു ഹൃദയയാത്രയ്ക്കാണ് വേദി സാക്ഷ്യം വഹിച്ചത്. മലയാളി പത്രം ഡയറക്ടർ ഷാൻസി തോമസ് ചടങ്ങിൽ സ്വാഗതം ആശംസിച്ചു. തുടർന്ന്, ‘മലയാളി പത്ര’ത്തിന്റെ 16-ാം വാർഷികത്തോടനുബന്ധിച്ചുള്ള പ്രത്യേക എഡിറ്റോറിയൽ അവതരണം ക്വീൻസ്‌ലാൻഡ് ബ്യൂറോയിലെ ബിസ്സി തോപ്പിൽ നിർവ്വഹിച്ചു.

അക്ഷരോത്സവത്തിലെ ‘കവിതാ സായാഹ്നം’ ഭാവനയുടെയും കാവ്യഭംഗിയുടെയും വർണ്ണങ്ങൾ വിതറി. സ്വാതി (വി.ടി. കുമാരൻ മാസ്റ്ററുടെ ‘എന്റെ സരസ്വതി’), അതുൽ (മുരുകൻ കാട്ടാക്കടയുടെ ‘കണ്ണട’), ഗിരീഷ് അവണൂർ (‘അഗസ്ത്യഹൃദയം’), ജോഷി (‘ഇരുളിൻ മഹാനിദ്രയിൽ നിന്ന്’), ആര്യ കൊച്ചുകൃഷ്ണൻ (‘വിശ്വസാഗര വീചിയിൽ’), അനൂപ് ദിവാകരൻ (‘ഭാരതീയം’) എന്നിവർ കവിതകൾ ആലപിച്ച് സദസ്സിനെ കാവ്യലോകത്തേക്ക് നയിച്ചപ്പോൾ, നീലിമ മേനോൻ അവതരിപ്പിച്ച ദൃശ്യാവിഷ്കാരം വേദിക്ക് വേറിട്ട മിഴിവേകി.

സായാഹ്നത്തിന്റെ ഏറ്റവും ഹൃദ്യമായ നിമിഷങ്ങൾക്ക് വഴിയൊരുക്കിയത് മലയാളത്തിന്റെ പ്രിയ കവി വി. മധുസൂദനൻ നായരുടെ സാന്നിധ്യമായിരുന്നു. വേദിയിലെത്തിയ മഹാകവിയെ വിപഞ്ചിക ഗ്രന്ഥശാലയ്ക്ക് വേണ്ടി ശ്രീജയും സഞ്ജയും, മലയാളി പത്രത്തിന് വേണ്ടി ബാബു ഫിലിപ്പും ചേർന്ന് ഉപഹാരം നൽകി ആദരിച്ചു. തുടർന്ന്, കഥകൾ പറഞ്ഞും കവിതകൾ ചൊല്ലിയും തന്റെ സ്നേഹവും വാത്സല്യവും നിറഞ്ഞ വാക്കുകളിലൂടെ മധുസൂദനൻ നായർ കാണികളുടെ ഹൃദയത്തിലേക്ക് ഇറങ്ങിച്ചെന്നു. അത് കേവലം ഒരു കവിയുമായുള്ള കൂടിക്കാഴ്ചയായിരുന്നില്ല, മറിച്ച് മലയാളത്തിന്റെ ആത്മാവിനെ തൊട്ടറിയുന്ന അനുഭവമായിരുന്നു. കവിതയുടെ മധുരവും ഭാഷയുടെ സൗന്ദര്യവും പങ്കുവെച്ച് ഓരോരുത്തരെയും ചേർത്തുപിടിച്ച ആ സ്നേഹനിമിഷങ്ങൾ വിപഞ്ചിക ഗ്രന്ഥശാലയുടെ ഹൃദയത്തിൽ എന്നും മായാതെ നിലനിൽക്കും. ചടങ്ങിൽ ബാബു ഫിലിപ്പും ആശംസകൾ നേർന്ന് സംസാരിച്ചു.

സാഹിത്യത്തിനൊപ്പം സംഗീതത്തിന്റെ മാധുര്യവും അക്ഷരോത്സവത്തെ അവിസ്മരണീയമാക്കി. അനൂപ് ശിവശങ്കരൻ ഒരുക്കിയ സംഗീതവിരുന്നിൽ, പ്രിയ ഗായിക എസ്. ജാനകിയമ്മയുടെ മധുരസ്മരണകൾ ഉണർത്തിക്കൊണ്ട് ഗായകർ ആലപിച്ച ‘മൗനം പോലും മധുരം’ എന്ന ഗാനം സദസ്സിനെ സംഗീതത്തിന്റെ മറ്റൊരു ലോകത്തേക്ക് കൂട്ടിക്കൊണ്ടുപോയി. സദസ്സിലിരുന്നവരും ആ ഗാനങ്ങൾ ഏറ്റുപാടി ഒരേ ഈണത്തിലും ഒരേ മനസ്സിലുമായി മാറിയപ്പോൾ പലരുടെയും കണ്ണുകൾ അറിയാതെ ഈറനണിഞ്ഞു. വാക്കുകൾകൊണ്ട് വർണ്ണിക്കാനാവാത്ത, ഹൃദയത്തിൽ അനുഭവിച്ചറിയേണ്ട നിമിഷങ്ങളായിരുന്നു അവ.

ഈ ഒത്തുചേരലിന്റെ മഹത്വം കണക്കുകളിലോ വേദിയിലെ ആരവങ്ങളിലോ അല്ല, മറിച്ച് അത് സമ്മാനിക്കുന്ന ഓർമ്മകളിലാണ് നിലനിൽക്കുന്നത്. പുതിയ സൗഹൃദങ്ങളും പങ്കുവെച്ച ചിരികളും കവിതയുടെ ഈണങ്ങളും മലയാളത്തോടുള്ള അടങ്ങാത്ത സ്നേഹവും ചേർന്നപ്പോൾ അക്ഷരോത്സവം 2026 മനസ്സിൽ സൂക്ഷിക്കാനുള്ള അമൂല്യമായൊരു ഓർമ്മയായി മാറി. പരിപാടിയിൽ നേരിട്ട് പങ്കെടുത്തവർക്കും, തിരക്കുകൾ കാരണം എത്താനായില്ലെങ്കിലും മനസ്സുകൊണ്ട് ഒപ്പം നിന്നവർക്കും വിപഞ്ചിക ഗ്രന്ഥശാലയും അനൂപ് ശിവശങ്കരനും ഹൃദയം നിറഞ്ഞ നന്ദി രേഖപ്പെടുത്തി.

ഭാഷ നിലനിൽക്കുന്നത് പുസ്തകത്താളുകളിൽ മാത്രമല്ല, അത് സ്നേഹിക്കുന്ന മനുഷ്യരുടെ ഹൃദയങ്ങളിലാണ്. കുഞ്ഞുണ്ണി മാഷിന്റെ വരികൾ ഓർമ്മിപ്പിക്കുന്നതുപോലെ, മലയാളത്തിന്റെ മണമുള്ള ഈ പ്രവാസമണ്ണിൽ വരുംതലമുറയ്ക്ക് അക്ഷരങ്ങളുടെ വെളിച്ചം പകരാനും സാഹിത്യത്തിന്റെ സ്നേഹത്തണൽ ഒരുക്കാനും ഒന്നായി നിൽക്കാം, ഒന്നായി ചിന്തിക്കാം, നന്നായി മുന്നേറാം എന്ന സന്ദേശവുമായാണ് ‘അക്ഷരോത്സവം 2026’ തിരശ്ശീല വീഴ്ത്തിയത്.

Leave a Reply

Your email address will not be published. Required fields are marked *