ഓയിൽ ഇന്ത്യയിലെ തീപിടിത്തം: മരണം മൂന്നായി; പരുക്കേറ്റവരിൽ ചിലരുടെ നില ഗുരുതരം

ദിബ്രുഗഢ്: അസമിലെ ഓയിൽ ഇന്ത്യ ലിമിറ്റഡിന്റെ എണ്ണസംഭരണ കേന്ദ്രത്തിലുണ്ടായ സ്ഫോടനത്തെയും തുടർന്നുണ്ടായ തീപിടിത്തത്തെയും തുടർന്ന് മരിച്ചവരുടെ എണ്ണം മൂന്നായി. വെള്ളിയാഴ്ചയുണ്ടായ അപകടത്തിൽ പരുക്കേറ്റ രണ്ടുപേർ കൂടി ശനിയാഴ്ച ചികിത്സയിലിരിക്കെ മരിച്ചു. നാല് പേരുടെ നില ഗുരുതരമാണെന്നാണ് റിപ്പോർട്ട്.

അസമിലെ ദിബ്രുഗഢ് ജില്ലയിലെ തെങ്കാഖട്ടിലുള്ള ഓയിൽ ഇന്ത്യയുടെ ഇന്റർമീഡിയറ്റ് ടാങ്ക് ഫാമിലാണ് നവംബർ ആറിന് രാവിലെ 9.05ഓടെ അപകടമുണ്ടായത്. അറ്റകുറ്റപ്പണികൾ നടക്കുന്നതിനിടെ ഇൻഡയറക്ട് ബാത്ത് ഹീറ്റർ (IDBH) മേഖലയിലാണ് തീപിടിത്തമുണ്ടായത്. അറ്റകുറ്റപ്പണികൾക്കായി നവംബർ നാലുമുതൽ ഈ ഭാഗം പ്രവർത്തനരഹിതമാക്കി മാറ്റിയിരുന്നു.

അപകടത്തിൽ ഏഴുപേർക്ക് പൊള്ളലേറ്റിരുന്നു. ഇതിൽ ഒരാൾ സംഭവസ്ഥലത്തുവച്ചുതന്നെ മരിച്ചു. പരുക്കേറ്റ ആറുപേരെ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. അസം മെഡിക്കൽ കോളജ് ആശുപത്രിയിലും ദുലിയാജാനിലെ ഓയിൽ ഇന്ത്യ ആശുപത്രിയിലുമാണ് ആദ്യം ചികിത്സ നൽകിയത്. പിന്നീട് ഗുരുതരാവസ്ഥയിലായവരിൽ ചിലരെ ദിബ്രുഗഢിലെയും ഗുവാഹത്തിയിലെയും സ്വകാര്യ ആശുപത്രികളിലേക്ക് മാറ്റി.

മരിച്ചവരെ രാജു ദത്ത, തപസ് ഗൊഗോയ്, രൂപം ഗൊഗോയ് എന്നിങ്ങനെയാണ് തിരിച്ചറിഞ്ഞത്. ശനിയാഴ്ച പുലർച്ചെ ദിബ്രുഗഢിലെ സ്വകാര്യ ആശുപത്രിയിൽ എൻജിനീയറായ തപസ് ഗൊഗോയും ഗുവാഹത്തിയിലെ ആശുപത്രിയിൽ തൊഴിലാളിയായ രൂപം ഗൊഗോയിയും മരിച്ചു.

തീപിടിത്തത്തെ തുടർന്ന് ഓയിൽ ഇന്ത്യയുടെ അഗ്നിരക്ഷാസേന ഉടൻ സ്ഥലത്തെത്തി. 11 ഫയർ ടെൻഡറുകൾ ഉപയോഗിച്ചാണ് തീയണച്ചത്. ഉച്ചയ്ക്ക് 12.30ഓടെ തീ പൂർണമായും നിയന്ത്രണവിധേയമാക്കി. അപകടത്തിന്റെ യഥാർഥ കാരണം കണ്ടെത്തുന്നതിനും നാശനഷ്ടങ്ങൾ വിലയിരുത്തുന്നതിനുമായി കമ്പനി ആഭ്യന്തര അന്വേഷണ സമിതിയെ നിയോഗിച്ചിട്ടുണ്ട്.

അപകടത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് 10 ലക്ഷം രൂപ വീതവും പരുക്കേറ്റവർക്ക് അഞ്ചു ലക്ഷം രൂപ വീതവും അടിയന്തര ധനസഹായം നൽകുമെന്ന് ഓയിൽ ഇന്ത്യ പ്രഖ്യാപിച്ചു. കേന്ദ്രമന്ത്രി സർബാനന്ദ സോനോവാളും അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമയും സ്ഥിതിഗതികൾ നിരീക്ഷിച്ചുവരികയാണ്

Leave a Reply

Your email address will not be published. Required fields are marked *