ഇറാന്റെ ആണവപദ്ധതിയെക്കുറിച്ച് വിവരം നൽകുന്നവർക്ക് 20 മില്യൺ ഡോളർ പാരിതോഷികം; ആയുധക്കടത്ത് തടയാൻ പുതിയ നീക്കവുമായി അമേരിക്ക

വാഷിങ്ടൺ: ഇറാന്റെ ആണവപദ്ധതിയുമായി ബന്ധപ്പെട്ട രഹസ്യവിവരങ്ങൾ കൈമാറുന്നവർക്ക് 20 മില്യൺ ഡോളർ (ഏകദേശം 180 കോടി രൂപ) വരെ പാരിതോഷികം പ്രഖ്യാപിച്ച് അമേരിക്ക. വിവരങ്ങൾ കൈമാറുന്നവർക്ക് താമസം മാറ്റുന്നതിനുള്ള സൗകര്യവും വാഗ്ദാനം ചെയ്തിട്ടുണ്ട്. ഇറാന്റെ ആണവകേന്ദ്രങ്ങൾ, ഉപകരണങ്ങൾ, ശാസ്ത്രജ്ഞർ ഉൾപ്പെടെയുള്ള ബന്ധപ്പെട്ട വ്യക്തികൾ എന്നിവയെക്കുറിച്ചുള്ള വിവരങ്ങളാണ് അമേരിക്ക തേടുന്നത്.

അമേരിക്കൻ സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റിന്റെ ‘റിവാർഡ്സ് ഫോർ ജസ്റ്റിസ്’ പദ്ധതിയുടെ ഭാഗമായാണ് പ്രഖ്യാപനം. 1984ൽ ആരംഭിച്ച ഈ പദ്ധതിയിലൂടെ അമേരിക്കയുടെ ദേശീയ സുരക്ഷയ്ക്ക് സഹായകമായ വിവരങ്ങൾ നൽകുന്നവർക്ക് സാമ്പത്തിക പാരിതോഷികം നൽകിവരുന്നു. അമേരിക്കൻ സെൻട്രൽ കമാൻഡാണ് നവംബർ ഏഴിന് സമൂഹമാധ്യമമായ എക്സിലൂടെ ഇക്കാര്യം അറിയിച്ചത്.

ഇറാൻ അന്താരാഷ്ട്ര ആണവോർജ ഏജൻസിയുടെ (IAEA) സുരക്ഷാ ബാധ്യതകൾ പാലിക്കാത്തത് രാജ്യത്തെ ആണവപദ്ധതിയെക്കുറിച്ചുള്ള വിവരങ്ങൾ ശേഖരിക്കുന്നതിൽ ഏജൻസിക്ക് തടസ്സമുണ്ടാക്കിയെന്നാണ് അമേരിക്കയുടെ ആരോപണം. യുറേനിയം സമ്പുഷ്ടീകരണത്തിന് ഉപയോഗിക്കുന്ന സെൻട്രിഫ്യൂജുകളുടെ ഉത്പാദനവും ശേഖരവും സംബന്ധിച്ച വിവരങ്ങളിൽ വ്യക്തത നഷ്ടപ്പെട്ടതായും യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് ചൂണ്ടിക്കാട്ടി.

എന്നാൽ, പരമാവധി 20 മില്യൺ ഡോളർ പാരിതോഷികം ലഭിക്കാൻ ആവശ്യമായ വിവരങ്ങളുടെ കൃത്യമായ മാനദണ്ഡങ്ങൾ അമേരിക്ക വ്യക്തമാക്കിയിട്ടില്ല.

അതേസമയം, ഇറാന്റെ ആണവപദ്ധതി പൂർണമായും തകർത്തുവെന്ന് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ആവർത്തിക്കുന്നതിനിടെയാണ് പുതിയ പാരിതോഷിക പ്രഖ്യാപനം. അമേരിക്കൻ ആക്രമണങ്ങളിൽ ഇറാന്റെ ആണവശേഷിക്ക് കനത്ത നാശമുണ്ടായെന്നാണ് ട്രംപിന്റെ അവകാശവാദം. എന്നാൽ, ആണവപദ്ധതിയുമായി ബന്ധപ്പെട്ട വിവരങ്ങൾക്കായി അമേരിക്ക ഇപ്പോഴും അന്വേഷണം തുടരുകയാണ്.

ഇതിനിടെ, ഇറാനിലേക്കുള്ള ആയുധങ്ങളുടെയും സൈനിക സാങ്കേതികവിദ്യകളുടെയും കൈമാറ്റം തടയുന്നതിനായി ‘ടാസ്ക് ഫോഴ്സ് അയൺ ഗേറ്റ്’ എന്ന പുതിയ ദൗത്യവും അമേരിക്കൻ സൈന്യം പ്രഖ്യാപിച്ചു. കരമാർഗങ്ങളിലൂടെയും കാസ്പിയൻ കടൽ വഴിയുമുള്ള ആയുധക്കടത്ത്, ഉപരോധം ഏർപ്പെടുത്തിയ ഉത്പന്നങ്ങളുടെ നീക്കം, ഇരട്ട ഉപയോഗ സാങ്കേതികവിദ്യകളുടെ കൈമാറ്റം എന്നിവ തടയുകയാണ് ലക്ഷ്യം. ഇതിനായി അമേരിക്കയിലെ വിവിധ സർക്കാർ ഏജൻസികളുമായി സൈന്യം ഏകോപിപ്പിച്ച് പ്രവർത്തിക്കും.

ഇറാന്റെ എണ്ണവ്യാപാരത്തെയും സൈനിക ശേഷിയെയും ലക്ഷ്യമിട്ടുള്ള അമേരിക്കൻ സമ്മർദനീക്കങ്ങൾ ശക്തമാകുന്നതിനിടെയാണ് പുതിയ നടപടികൾ.

Leave a Reply

Your email address will not be published. Required fields are marked *