അഭിരാം കൊലപാതകം: ഉമറിനെ രക്ഷിക്കാൻ 17-കാരനെ പ്രതിയാക്കാൻ നീക്കം; വ്യാജ തെളിവുണ്ടാക്കാനും ശ്രമം

തിരുവനന്തപുരം: പാങ്ങപ്പാറയിൽ 17-കാരനായ അഭിരാമിനെ കൊലപ്പെടുത്തിയ കേസിൽ രണ്ടാം പ്രതി ഉമർ മുഖ്താർ പോലീസിനെ തെറ്റിദ്ധരിപ്പിക്കാൻ ആസൂത്രിത നീക്കം നടത്തിയതായി അന്വേഷണസംഘം. കൊലപാതകസമയത്ത് വീട്ടിലായിരുന്നുവെന്ന് വരുത്തിത്തീർക്കാൻ കാമുകിയുമായി മണിക്കൂറുകളോളം ഫോൺവിളി തുടർന്നതായും കൊലപാതകത്തിന്റെ ഉത്തരവാദിത്വം പ്രായപൂർത്തിയാകാത്ത ഒന്നാം പ്രതിയുടെ മേൽ ചുമത്താൻ ശ്രമിച്ചതായും പോലീസ് കണ്ടെത്തി.

കൊലപാതകം നടന്ന ഞായറാഴ്ച ഉച്ചയ്ക്കാണ് ഉമർ കാമുകിയായ ഐശ്വര്യയെ ഫോണിൽ ബന്ധപ്പെട്ടത്. തുടർന്ന് സ്വന്തം മൊബൈൽ ഫോൺ വീട്ടിൽ ഉപേക്ഷിച്ച് കൊലപാതകം നടന്ന സ്ഥലത്തേക്ക് പോയി. അതേസമയം, ഐശ്വര്യയുമായുള്ള ഫോൺവിളി വിച്ഛേദിക്കാതെ തുടർന്നു. മണിക്കൂറുകളോളം കോൾ സജീവമായി നിലനിർത്തിയതിലൂടെ മൊബൈൽ ടവർ ലൊക്കേഷൻ പരിശോധിക്കുമ്പോൾ ഉമർ വീട്ടിലുണ്ടായിരുന്നുവെന്ന് തെളിയിക്കാനായിരുന്നു ശ്രമമെന്നാണ് അന്വേഷണസംഘത്തിന്റെ കണ്ടെത്തൽ.

കൊലപാതകത്തിനുശേഷം വീട്ടിൽ തിരിച്ചെത്തിയ ഉമർ ഐശ്വര്യയ്ക്ക് ഇൻസ്റ്റഗ്രാം സന്ദേശവും അയച്ചു. 17-കാരനാണ് അഭിരാമിനെ കൊലപ്പെടുത്തിയതെന്നും അവൻ അനുഭവിക്കട്ടെയെന്നുമുള്ള തരത്തിലായിരുന്നു സന്ദേശം. കൊലപാതകത്തിൽ തനിക്ക് പങ്കില്ലെന്നും ഒന്നാം പ്രതി മാത്രമാണ് കുറ്റം ചെയ്തതെന്നും വരുത്തിത്തീർക്കുകയായിരുന്നു ലക്ഷ്യമെന്ന് പോലീസ് സംശയിക്കുന്നു.

ഉമറിനെ സംരക്ഷിക്കാനും തെളിവുകൾ നശിപ്പിക്കാനും ഗൂഢാലോചനയിൽ പങ്കാളിയായെന്ന കണ്ടെത്തലിനെത്തുടർന്നാണ് ഐശ്വര്യയെ പ്രത്യേക അന്വേഷണസംഘം അറസ്റ്റ് ചെയ്തത്. ചോദ്യംചെയ്യലിൽ ഉമറിനെ രക്ഷിക്കാനാണ് താൻ ഗൂഢാലോചനയിൽ പങ്കുചേർന്നതെന്ന് ഐശ്വര്യ സമ്മതിച്ചതായും റിപ്പോർട്ടുണ്ട്. ഇതോടെ കേസിൽ അറസ്റ്റിലായവരുടെ എണ്ണം നാലായി.

അതേസമയം, കൊലപാതകത്തിന് പിന്നിൽ മറ്റൊരു യുവാവിനോടുള്ള വ്യക്തിവൈരാഗ്യമാണ്. മുൻ കാമുകിയുടെ പുതിയ ബന്ധത്തിലുള്ള യുവാവിനെ ലക്ഷ്യമിട്ട ഒന്നാം പ്രതി, ഇയാളുടെ സുഹൃത്തായ അഭിരാമിനെ ഇൻസ്റ്റഗ്രാം വഴി കെണിയിൽപ്പെടുത്തി പാങ്ങപ്പാറയിലെ ആളൊഴിഞ്ഞ സ്ഥലത്തെത്തിക്കുകയായിരുന്നു. അഭിരാം സുഹൃത്തിനെ അവിടേക്ക് വിളിച്ചുവരുത്താൻ വിസമ്മതിച്ചതിനെത്തുടർന്ന് ഒന്നാം പ്രതിയും ഉമറും ചേർന്ന് കൊലപ്പെടുത്തിയെന്നാണ് പോലീസ് കണ്ടെത്തൽ.

കൊലപാതകത്തിനുശേഷം മൃതദേഹം ചാക്കിലാക്കി ഉപേക്ഷിക്കുകയും മൊബൈൽ ഫോണുകൾ നശിപ്പിക്കാൻ ശ്രമിക്കുകയും ചെയ്തു. അഭിരാമിന്റെയും ഒന്നാം പ്രതിയുടെയും അനന്തയുടെയും മൊബൈൽ ഫോണുകൾ ഇതുവരെ കണ്ടെത്താനായിട്ടില്ല. ഇവ സമീപത്തെ തോട്ടിൽ ഉപേക്ഷിച്ചതായാണ് പ്രതികളുടെ മൊഴി. ഫോണുകൾ കണ്ടെത്താനുള്ള തിരച്ചിൽ തുടരുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *