മാട്ടുപുറം–ചേന്ദമംഗലം പാലം നിർമ്മാണ ഉദ്ഘാടനം മുഖ്യമന്ത്രി നിർവഹിച്ചു; പാലം ആറുമാസത്തിനകം പൂർത്തിയാക്കും

ചേന്ദമംഗലം: ചേന്ദമംഗലം ഗ്രാമപഞ്ചായത്തിലെ മാട്ടുപുറത്തെയും കോട്ടയിൽ കോവിലകത്തെയും തമ്മിൽ ബന്ധിപ്പിക്കുന്ന മാട്ടുപുറം–ചേന്ദമംഗലം പാലത്തിന്റെ നിർമ്മാണ ഉദ്ഘാടനം മുഖ്യമന്ത്രി വി.ഡി. സതീശൻ നിർവഹിച്ചു. പാലത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ ആറുമാസത്തിനകം പൂർത്തിയാക്കുമെന്ന് ഉദ്ഘാടന പ്രസംഗത്തിൽ മുഖ്യമന്ത്രി വ്യക്തമാക്കി. ചടങ്ങിൽ സംസ്ഥാന പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.കെ. ബഷീർ അധ്യക്ഷത വഹിച്ചു.

പത്തുവർഷം മുമ്പ് മാട്ടുപുറം പാലത്തിനും ചെറായി പാലത്തിനും ഭരണാനുമതി ലഭിച്ചിരുന്നെങ്കിലും നിർമ്മാണം അനിശ്ചിതമായി നീളുകയായിരുന്നുവെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. പുതിയ സർക്കാർ അധികാരമേറ്റ് ആറുമാസത്തിനകം തന്നെ നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിക്കാൻ കഴിഞ്ഞത് ചേന്ദമംഗലത്തിന്റെയും പറവൂരിന്റെയും വികസനത്തിന് വലിയ ആക്കം കൂട്ടുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കിഫ്ബി പദ്ധതിയിൽ ഉൾപ്പെടുത്തി 15 കോടി രൂപയുടെ ഭരണാനുമതിയാണ് പദ്ധതിക്ക് ആദ്യം ലഭിച്ചത്. തുടർന്ന് പാലം നിർമ്മിക്കുന്ന ഇരുവശങ്ങളിലുമായി 22 ഭൂവുടമകളിൽ നിന്ന് സ്ഥലം ഏറ്റെടുക്കുന്ന നടപടികൾ പൂർത്തിയാക്കി. ഇതിനായി വകയിരുത്തിയ 2.28 കോടി രൂപ രണ്ടുമാസം മുമ്പ് ഉടമകൾക്ക് വിതരണം ചെയ്ത് ഭൂമി പൂർണമായി ഏറ്റെടുത്തു. പുതുക്കിയ എസ്റ്റിമേറ്റ് പ്രകാരം 15.45 കോടി രൂപയ്ക്കുള്ള ഭരണാനുമതി ലഭ്യമാക്കിയാണ് ടെൻഡർ നടപടികൾ പൂർത്തിയാക്കിയത്. കാസർഗോഡ് ആസ്ഥാനമായ എം.എസ് & ബിൽഡേഴ്സ് പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിയാണ് നിർമ്മാണ കരാർ ഏറ്റെടുത്തിരിക്കുന്നത്.

129 മീറ്റർ നീളത്തിൽ ഏഴ് സ്പാനുകളോടെയാണ് പാലം നിർമ്മിക്കുന്നത്. കോട്ടയിൽ കോവിലകം ഭാഗത്ത് 66 മീറ്ററും മാട്ടുപുറം ഭാഗത്ത് 127 മീറ്ററും നീളത്തിലാണ് അപ്രോച്ച് റോഡുകൾ സജ്ജമാക്കുന്നത്. പൊതുമരാമത്ത് വകുപ്പിന്റെ മേൽനോട്ടത്തിലാണ് നിർമ്മാണം നടക്കുന്നത്.

ചടങ്ങിൽ കേരള റോഡ് ഫണ്ട് ബോർഡ് (കെ.ആർ.എഫ്.ബി) പ്രൊജക്റ്റ് ഡയറക്ടർ ദീപു എസ്. സ്വാഗതം ആശംസിച്ചു. കെ.ആർ.എഫ്.ബി ടീം ലീഡർ ജഗദീഷ് എം., പറവൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.ആർ. സൈജൻ, ആലങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സെബാസ്റ്റ്യൻ വേവുകാട്, ചേന്ദമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.എ. ഹരിദാസ്, കരുമാലൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.എ. മുജീബ്, ചേന്ദമംഗലം പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബെസ്സി സെബാസ്റ്റ്യൻ, ജില്ലാ പഞ്ചായത്ത് അംഗം ബിന്ദു ജോർജ്, ജനപ്രതിനിധികളായ ടി.ജി. അനൂപ്, നമിത ജോസ്, അജിത കെ.എൻ, നിഷാ ഷംനാദ്, വിവിധ രാഷ്ട്രീയ കക്ഷി നേതാക്കൾ, ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *