കൊച്ചി: ഇന്ത്യയിലെ ഏറ്റവും മികച്ച ദുരന്തനിവാരണ–പ്രതിരോധശേഷി പദ്ധതി കേരളത്തിൽ നടപ്പാക്കുമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ. കാലാവസ്ഥാ വ്യതിയാനത്തെക്കുറിച്ചും കാലാവസ്ഥാ പ്രവചനത്തെക്കുറിച്ചുമുള്ള പഠനങ്ങളിലും ഗവേഷണങ്ങളിലും കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാല (കുസാറ്റ്) മികച്ച സംഭാവനകളാണ് നൽകുന്നതെന്നും അദ്ദേഹം പറഞ്ഞു. കുസാറ്റിൽ സംഘടിപ്പിച്ച ദ്വിദിന സംസ്ഥാനതല തീരദേശ പരമാധികാര–കാലാവസ്ഥാ പ്രതിരോധ സമ്മേളനത്തിന്റെ സമാപന ചടങ്ങ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
മത്സ്യത്തൊഴിലാളികൾ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങൾക്ക് മുൻഗണന നൽകി പരിഹാരം കാണേണ്ടതുണ്ടെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. മത്സ്യമേഖലയ്ക്കായുള്ള പ്രത്യേക ഫിഷറീസ് സബ് പ്ലാൻ, ഭവനപദ്ധതികൾ, പൊഴിയൂർ, പൂവാർ തുടങ്ങിയ തീരദേശ മേഖലകളിലെ വികസന പ്രവർത്തനങ്ങൾ എന്നിവയെക്കുറിച്ച് അദ്ദേഹം വിശദീകരിച്ചു. ഇതിനുപുറമെ, ‘മിഷൻ സമുദ്ര’ പദ്ധതിയുടെ ഭാഗമായി മാരിടൈം, ഫിഷറീസ് മേഖലകളിൽ വിദ്യാഭ്യാസം, നൈപുണ്യവികസനം, തൊഴിലവസരങ്ങൾ എന്നിവ ഉറപ്പാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കാലാവസ്ഥാ വ്യതിയാനം നേരിടൽ, കൃത്യമായ കാലാവസ്ഥാ പ്രവചനം, മുൻകൂട്ടിയുള്ള മുന്നറിയിപ്പ് സംവിധാനങ്ങൾ, ദുരന്ത ലഘൂകരണ പദ്ധതികൾ, പ്രവർത്തന മാർഗരേഖകൾ എന്നിവ കൂടുതൽ ശക്തിപ്പെടുത്തുമെന്നും മുഖ്യമന്ത്രി അറിയിച്ചു.
കുസാറ്റ് സ്കൂൾ ഓഫ് ലീഗൽ സ്റ്റഡീസ്, തീരഭൂസംരക്ഷണവേദി, വെസ്റ്റേൺ ഘാട്സ് ഹോൺബിൽ ഫൗണ്ടേഷൻ, എം.ഇ.എസ്. അസ്മാബി കോളേജിലെ സി.ഇ.ടി.സി. എന്നിവയുടെ സംയുക്താഭിമുഖ്യത്തിലാണ് സമ്മേളനം സംഘടിപ്പിച്ചത്. തീരദേശസമൂഹങ്ങളുടെ അവകാശങ്ങളും കാലാവസ്ഥാ അതിജീവന ശേഷിയും സംബന്ധിച്ച നിയമനിർമാണ–നയനിർദേശങ്ങൾ സമ്മേളനത്തിൽ പ്രധാന ചർച്ചയായി. തീരദേശ സമൂഹങ്ങളുടെ അവകാശങ്ങൾ സംബന്ധിച്ച കരട് നിയമം ഡോ. കെ.എച്ച്. അമിത ബച്ചൻ അവതരിപ്പിച്ചു. തീരദേശ ജനതയുടെ അവകാശ സംരക്ഷണം, ഉപജീവന സുരക്ഷ, കാലാവസ്ഥാ അതിജീവനം എന്നിവ മുൻനിർത്തിയുള്ള തുടർനടപടികളിൽ വിദഗ്ധരും ഗവേഷകരും സംഘടന പ്രതിനിധികളും വിശദമായ ചർച്ചകൾ നടത്തി.
സമാപന സമ്മേളനത്തിൽ കുസാറ്റ് വൈസ് ചാൻസലർ പ്രൊഫ. ഡോ. എം. ജുനൈദ് ബുഷിരി അധ്യക്ഷത വഹിച്ചു. തീരഭൂസംരക്ഷണവേദി ചെയർപേഴ്സൺ മാഗ്ലിൻ പീറ്റർ സ്വാഗതം ആശംസിച്ചു. ഫിഷറീസ്, സാമൂഹ്യനീതി വകുപ്പ് മന്ത്രി വി.ഇ. അബ്ദുൾ ഗഫൂർ മുഖ്യപ്രഭാഷണം നടത്തി. ഹൈബി ഈഡൻ എം.പി., കുസാറ്റ് സിൻഡിക്കേറ്റ് അംഗങ്ങളായ ഡോ. പ്രവീൺ സി.എസ്, അരുൺ എസ്.പി, കുസാറ്റ് രജിസ്ട്രാർ ഡോ. ഹരിഗോവിന്ദ് പി.സി. എന്നിവർ സംസാരിച്ചു. തീരഭൂസംരക്ഷണവേദി വൈസ് ചെയർമാൻ ബിജു കണ്ണങ്ങാട്ട് നന്ദി രേഖപ്പെടുത്തി.

