നാലാമത് എം.പി. കപ്പ് സ്കൂൾ ഫുട്ബോൾ, മാർ ബേസിൽ ഹയർ സെക്കൻഡറി സ്കൂളിന് കിരീടം;തൊടുപുഴയ്ക്ക് ഗ്രൗണ്ട് യാഥാർത്ഥ്യമാക്കുമെന്ന് കായിക മന്ത്രി

തൊടുപുഴ: മൈ ഭാരത് ഇടുക്കിയുടെയും തൊടുപുഴ സോക്കർ സ്കൂളിന്റെയും സംയുക്താഭിമുഖ്യത്തിൽ ഇടുക്കി എം.പി. അഡ്വ. ഡീൻ കുര്യാക്കോസിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച നാലാമത് എം.പി. കപ്പ് സ്കൂൾ ലെവൽ ഫുട്ബോൾ ടൂർണമെന്റിൽ കോതമംഗലം മാർ ബേസിൽ ഹയർ സെക്കൻഡറി സ്കൂൾ ജേതാക്കളായി.

ഇടുക്കി പാർലമെന്റ് മണ്ഡലത്തിലെ 25-ഓളം സ്കൂൾ ടീമുകൾ പങ്കെടുത്ത ടൂർണമെന്റിന്റെ കലാശപ്പോരാട്ടത്തിൽ മൂവാറ്റുപുഴ തർബിയത്ത് ഹയർ സെക്കൻഡറി സ്കൂളിനെയാണ് മാർ ബേസിൽ പരാജയപ്പെടുത്തിയത്. നിശ്ചിത സമയത്ത് ഇരു ടീമുകളും രണ്ട് ഗോളുകൾ വീതം നേടി തുല്യത പാലിച്ചതിനെ തുടർന്ന് മത്സരം പെനാൽറ്റി ഷൂട്ടൗട്ടിലേക്ക് നീങ്ങി. ആവേശകരമായ ഷൂട്ടൗട്ടിൽ 7-6 എന്ന സ്കോറിനാണ് മാർ ബേസിൽ കിരീടം സ്വന്തമാക്കിയത്.

സമാപന സമ്മേളനവും വിജയികൾക്കുള്ള ട്രോഫി വിതരണവും കായിക വകുപ്പ് മന്ത്രി ഒ.ജെ. ജിനീഷ് നിർവഹിച്ചു. തൊടുപുഴക്കാരുടെ ചിരകാല സ്വപ്നമായ സ്പോർട്സ് ഗ്രൗണ്ട് യാഥാർത്ഥ്യമാക്കാൻ ആവശ്യമായ എല്ലാ സഹായങ്ങളും സർക്കാർ നൽകുമെന്ന് മന്ത്രി ഉറപ്പുനൽകി.

ചടങ്ങിൽ അഡ്വ. ഡീൻ കുര്യാക്കോസ് എം.പി. അധ്യക്ഷത വഹിച്ചു. ഗവൺമെന്റ് ചീഫ് വിപ്പ് അബു ജോൺ ജോസഫ് കായിക സന്ദേശം നൽകി. സോക്കർ സ്കൂൾ ഡയറക്ടർ പി.എ. സലിംകുട്ടി സ്വാഗതം ആശംസിച്ചു. മൂവാറ്റുപുഴ മുനിസിപ്പൽ ചെയർപേഴ്സൺ ജോയ്സ് മേരി ആന്റണി, തൊടുപുഴ മുനിസിപ്പൽ വൈസ് ചെയർമാൻ കെ. ദീപക്, മഞ്ഞള്ളൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടോമി തനിറ്റാമാക്കൽ, ഡി.സി.സി. പ്രസിഡന്റ് സി.പി. മാത്യു, മൂവാറ്റുപുഴ ആർ.ഡി.ഒ. അബ്ബാസ് വി.ഇ., ജില്ലാ പഞ്ചായത്ത് അംഗം മനോജ് കൊക്കാടൻ, മർച്ചന്റ്സ് അസോസിയേഷൻ സെക്രട്ടറി ജിമ്മി കുന്നത്തുശ്ശേരി, മർച്ചന്റ് യൂത്ത് വിംഗ് പ്രസിഡന്റ് ജോർജുകുട്ടി ജോസ്, മുനിസിപ്പൽ കൗൺസിലർ ആതിര ജോഷി, ഡി.എഫ്.എ. സെക്രട്ടറി സജീവ് എം.എച്ച്. എന്നിവർ പങ്കെടുത്തു സംസാരിച്ചു. തൊടുപുഴ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മുഹമ്മദ് അൻഷാദ് കൃതജ്ഞത രേഖപ്പെടുത്തി.

Leave a Reply

Your email address will not be published. Required fields are marked *