സിഡ്നി: വേനൽക്കാലത്തിന് ആഴ്ചകൾ മാത്രം ബാക്കിനിൽക്കെ, കിഴക്കൻ ഓസ്ട്രേലിയയിൽ ആഞ്ഞടിച്ച അപ്രതീക്ഷിത ശീതക്കാറ്റിലും കൊടുങ്കാറ്റിലും വിറച്ച് രാജ്യം.ന്യൂ സൗത്ത് വെയിൽസ് ,വിക്ടോറിയ, ടാസ്മാനിയ എന്നിവയുടെ വിവിധ ഭാഗങ്ങളിൽ അപൂർവ്വമായ നവംബർ മാസ മഞ്ഞുവീഴ്ച രേഖപ്പെടുത്തി.
ശക്തമായ കാറ്റും കൊടുങ്കാറ്റും അകമ്പടി സേവിച്ച ശീതതരംഗത്തെ തുടർന്ന് സിഡ്നിയിലെ താപനില 9.7 ഡിഗ്രി സെൽഷ്യസിലേക്ക് കൂപ്പുകുത്തി. വെതർസോണിന്റെ കണക്കുകൾ പ്രകാരം കഴിഞ്ഞ 20 വർഷത്തിനിടെ സിഡ്നിയിൽ രേഖപ്പെടുത്തുന്ന ഏറ്റവും തണുപ്പേറിയ നവംബർ രാത്രിയാണിത്.
പെരിഷർ മേഖലയിൽ ഞായറാഴ്ച രാവിലെ 10 സെൻ്റീമീറ്ററോളം മഞ്ഞുവീഴ്ചയുണ്ടായി. ത്രെഡ്ബോ റിസോർട്ടിലെ റീട്ടെയിൽ മാനേജർ മഡലീൻ മക്വി എബിസി ന്യൂസ് ബ്രേക്ക്ഫാസ്റ്റിനോട് സംസാരിക്കവെ, കഴിഞ്ഞ കുറച്ചു ദിവസങ്ങളായി താപനിലയിൽ വലിയ ഏറ്റക്കുറച്ചിലുകൾ അനുഭവപ്പെട്ടിരുന്നതായും അതിശൈത്യം കാരണം കിടക്കയിൽനിന്ന് എഴുന്നേൽക്കാൻ പോലും ബുദ്ധിമുട്ടായിരുന്നുവെന്നും വ്യക്തമാക്കി. ശനിയാഴ്ച വൈകുന്നേരം 4 മണിയോടെ തുടങ്ങിയ മഞ്ഞുവീഴ്ച കനത്ത രീതിയിൽ തുടരുകയാണെന്നും അവർ കൂട്ടിച്ചേർത്തു. തിങ്കളാഴ്ച രാവിലെ വരെ അതിശൈത്യം തുടരുമെന്നാണ് കാലാവസ്ഥാ പ്രവചനം.

