കൊച്ചി: ‘താന്തോന്നി’ എന്ന ചിത്രത്തിന് ശേഷം ജോർജ് വർഗീസ് സംവിധാനം ചെയ്ത പുതിയ സസ്പെൻസ് ക്രൈം ത്രില്ലർ ചിത്രം ‘ഐ.സി.യു’ സൺ നെക്സ്റ്റ് ഒടിടി പ്ലാറ്റ്ഫോമിൽ സ്ട്രീമിങ് ആരംഭിക്കുന്നു. ബാബുരാജും ബിബിൻ ജോർജും ആദ്യമായി ഒന്നിക്കുന്ന ചിത്രം നവംബർ ആറ് മുതലാണ് പ്രേക്ഷകരിലേക്ക് എത്തുന്നത്. മിനി സ്റ്റുഡിയോയുടെ ബാനറിൽ ജെയിൻ പോളാണ് ചിത്രത്തിന്റെ നിർമാണം നിർവഹിച്ചിരിക്കുന്നത്. സന്തോഷ് കുമാറാണ് ചിത്രത്തിന്റെ കഥ, തിരക്കഥ, സംഭാഷണം എന്നിവ ഒരുക്കിയിരിക്കുന്നത്.
തമിഴിൽ സൂര്യ നിർമിച്ച ‘ഉറിയടി’ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയയായ വിസ്മയയാണ് ചിത്രത്തിൽ നായികയായി എത്തുന്നത്. മുരളി ഗോപി, ശ്രീകാന്ത് മുരളി, മീര വാസുദേവ്, നവാസ് വള്ളിക്കുന്ന് തുടങ്ങി വലിയൊരു താരനിര തന്നെ ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ അണിനിരക്കുന്നുണ്ട്. സി. ലോകനാഥൻ ഛായാഗ്രഹണവും ലിജോ പോൾ എഡിറ്റിംഗും നിർവഹിച്ചിരിക്കുന്നു. ചിത്രത്തിന് സംഗീതം പകർന്നിരിക്കുന്നത് ജോസ് ഫ്രാങ്ക്ളിനാണ്. പി. ശിവപ്രസാദാണ് ചിത്രത്തിന്റെ പി.ആർ.ഒ.

