ഹൈദരാബാദ്: കന്നഡ താരം കോമൾ കുമാർ, മേഘ്‌ന രാജ് സർജ, അനുഷ റായ് എന്നിവർ പ്രധാന വേഷങ്ങളിലെത്തുന്ന ബഹുഭാഷാ ചിത്രം ‘സംഗീത ബാർ ആൻഡ് റസ്റ്റോറന്റി’ന്റെ ടീസർ പുറത്തിറങ്ങി. ഹൈദരാബാദിൽ നടന്ന ചടങ്ങിൽ മുതിർന്ന നടനും രാജ്യസഭാ എംപിയുമായ ജഗ്ഗേഷ് മുഖ്യാതിഥിയായി പങ്കെടുത്തു. നടനും സംവിധായകനുമായ സന്ദേശ് ഷെട്ടി അജ്രി രചനയും സംവിധാനവും നിർവ്വഹിക്കുന്ന ചിത്രം ജ്യോതി പ്രൊഡക്ഷൻസിന്റെ ബാനറിൽ വികാസ് എസ്. ഷെട്ടിയാണ് നിർമ്മിക്കുന്നത്. ചിത്രം ഡിസംബറിൽ തിയേറ്ററുകളിലെത്തും.
ഒരു ഇടവേളയ്ക്ക് ശേഷം മേഘ്‌ന രാജ് അഭിനയരംഗത്തേക്ക് ശക്തമായ തിരിച്ചുവരവ് നടത്തുന്ന ചിത്രം കൂടിയാണിത്. കോമഡി, ഫാന്റസി, ആത്മീയ വിഷയങ്ങൾ സമന്വയിപ്പിച്ച് ഒരുക്കുന്ന ചിത്രത്തിൽ അഷറഫ് ഗുരുക്കളാണ് ആക്ഷൻ കൊറിയോഗ്രാഫി കൈകാര്യം ചെയ്തിരിക്കുന്നത്. മലയാളം, കന്നഡ, തമിഴ്, തെലുങ്ക്, ഹിന്ദി എന്നീ അഞ്ചു ഭാഷകളിലായി റിലീസ് ചെയ്യുന്ന ചിത്രത്തിന്റെ ടീസറിൽ ലവ് ജിഹാദ്, മതപരിവർത്തനങ്ങൾ, ക്ഷേത്ര ആക്രമണങ്ങൾ, മതാന്തര സംഘർഷങ്ങൾ തുടങ്ങിയ നിർണ്ണായക വിഷയങ്ങൾ പരാമർശിക്കുന്നുണ്ട്.
രണ്ട് വ്യത്യസ്ത കാലഘട്ടങ്ങളിലൂടെ വികസിക്കുന്ന അസാധാരണമായ ഇരട്ട ആഖ്യാനശൈലിയാണ് ചിത്രത്തിന്റേത്. ആദ്യ പകുതി പൂർണ്ണമായും ഒരു ബാറിന്റെ പശ്ചാത്തലത്തിൽ ഒരുക്കിയിരിക്കുമ്പോൾ, രണ്ടാം പകുതി തികച്ചും ഒരു ആത്മീയ സങ്കേതത്തിലേക്കാണ് കടക്കുന്നത്. സിനിമയ്ക്ക് രണ്ട് ഭാഗങ്ങളായി വ്യത്യസ്ത പേരുകളുണ്ടെന്നും ആദ്യ പകുതി ‘സംഗീത ബാർ & റെസ്റ്റോറന്റ്’ എന്നും രണ്ടാം പകുതി ‘ദേവര താന’ എന്നുമാണെന്നും സംവിധായകൻ സന്ദേശ് ഷെട്ടി വ്യക്തമാക്കി. സെൻസർ മാർഗ്ഗനിർദ്ദേശങ്ങൾ പ്രകാരം ഒരു രജിസ്റ്റർ ചെയ്ത പേര് ആവശ്യമായതിനാൽ ചിത്രത്തിന് ‘സംഗീത ബാർ ആൻഡ് റെസ്റ്റോറന്റ്’ എന്ന പേര് നൽകുകയായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കോമൾ കുമാർ, മേഘ്‌ന രാജ്, അനുഷ റായ് എന്നിവർ ചിത്രത്തിൽ രണ്ട് വ്യത്യസ്ത വേഷങ്ങളിലാണ് എത്തുന്നത്. സംവിധായകൻ സന്ദേശ് ഷെട്ടിയും ചിത്രത്തിൽ സുപ്രധാന വേഷം ചെയ്യുന്നുണ്ട്. പ്രമോദ് ഷെട്ടി, പ്രകാശ് തുമ്മിനാട്, വജ്രധിർ ജെയിൻ, ഉത്സവ്, കാർത്തിക് റാവു, രഘു രമണകോപ, സിരിജ, വർദ്ധൻ, കരൺ, രാധിക റാവു, ദിവ്യശ്രീ, അക്ഷത, അരസു, മഹേഷ്, നാഗരാജ്, ചിത്രകല, ഉമേഷ് കിന്നൽ, മനീഷ് ഷെട്ടി, രാധാകൃഷ്ണ, മഹാബൽ ഭരതൻ, മഹാബൽഷെട്ടി, സിരി പ്രഭാകർ, എം.കെ. മഠ് തുടങ്ങിയ വലിയ താരനിര തന്നെ ചിത്രത്തിൽ അണിനിരക്കുന്നു. സജീഷ് രാജ് ഛായാഗ്രഹണവും പ്രാൻഷു ഝാ സംഗീതവും നിർവ്വഹിച്ചിരിക്കുന്നു. മലയാളം പി.ആർ.ഒ: പി. ശിവപ്രസാദ്, ഡിജിറ്റൽ മാർക്കറ്റിംഗ്: യു.വി ഡിജിറ്റൽ പ്രമോഷൻസ് എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ

