പൈതൃകപ്പെരുമയുണർത്തി കൽപ്പാത്തി രഥോത്സവത്തിന് കൊടിയേറി; ദേവരഥസംഗമം നവംബർ 16-ന്

പാലക്കാട്: പൈതൃകപ്പെരുമ വിളിച്ചോതുന്ന പ്രശസ്തമായ കൽപ്പാത്തി രഥോത്സവത്തിന് ഭക്തിനിർഭരമായ ചടങ്ങുകളോടെ കൊടിയേറി. പ്രധാന ക്ഷേത്രമായ കൽപ്പാത്തി വിശാലാക്ഷീസമേത വിശ്വനാഥസ്വാമി ക്ഷേത്രത്തിന് പുറമെ പുതിയകൽപ്പാത്തി മന്തക്കര മഹാഗണപതി ക്ഷേത്രം, പഴയകൽപ്പാത്തി ലക്ഷ്മിനാരായണ പെരുമാൾ ക്ഷേത്രം, ചാത്തപുരം പ്രസന്ന മഹാഗണപതി ക്ഷേത്രം എന്നീ ഗ്രാമക്ഷേത്രങ്ങളിലും വിവിധ തന്ത്രിമാരുടെയും ക്ഷേത്രം ഭാരവാഹികളുടെയും കാർമികത്വത്തിൽ കൊടിയേറ്റം നടന്നു. വിശേഷാൽ പൂജകൾക്കും യാഗശാലാ ചടങ്ങുകൾക്കും വേദപാരായണത്തിനും ശേഷമാണ് കൊടിയേറ്റ കർമ്മങ്ങൾ പൂർത്തിയായത്.

ഉത്സവത്തിന്റെ ഭാഗമായി നവംബർ 12-ന് അഞ്ചാം തിരുനാളാഘോഷം നടക്കും. അന്ന് അർധരാത്രിയോടെ ഗ്രാമദേവതകൾ പരസ്പരം മുഖാമുഖമെത്തും. പ്രധാന ആകർഷണമായ രഥപ്രയാണങ്ങളിൽ ഒന്നാം തേര് നവംബർ 14-നും, രണ്ടാം തേര് നവംബർ 15-നും നടക്കും. നവംബർ 16-ന് നടക്കുന്ന മൂന്നാം തേരിന് ശേഷം വൈകീട്ടോടെ ഭക്തിസാന്ദ്രമായ ദേവരഥസംഗമവും അരങ്ങേറും.

രഥോത്സവത്തോടനുബന്ധിച്ച് ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലിന്റെ (ഡി.ടി.പി.സി) നേതൃത്വത്തിലുള്ള കൽപ്പാത്തി ദേശീയ സംഗീതോത്സവത്തിന് തിങ്കളാഴ്ച തുടക്കമാകും. ചാത്തപുരം മണി അയ്യർ റോഡിൽ പ്രത്യേകം സജ്ജീകരിച്ച ഡോ. സി.വി. കൃഷ്ണമൂർത്തി നഗറാണ് സംഗീതോത്സവത്തിന് വേദിയാകുന്നത്.

Leave a Reply

Your email address will not be published. Required fields are marked *