ഡക്കാർ: 2026 യൂത്ത് ഒളിമ്പിക്സ് ബീച്ച് റെസ്‌ലിങ്ങിൽ വെള്ളി മെഡൽ നേടി ഇന്ത്യൻ താരം താനിയ ചരിത്രം കുറിച്ചു. യൂത്ത് ഒളിമ്പിക്സിൽ ബീച്ച് റെസ്‌ലിങ്ങിൽ മെഡൽ നേടുന്ന ആദ്യ ഇന്ത്യൻ താരമാണ് താനിയ. വനിതകളുടെ 75 കിലോഗ്രാം വിഭാഗത്തിലാണ് നേട്ടം.
സെനഗലിലെ സാലി ബീച്ച് വെസ്റ്റിൽ ശനിയാഴ്ച നടന്ന ഫൈനലിൽ ചൈനയുടെ മിൻ ഷാവോയോടാണ് താനിയ മത്സരിച്ചത്. ആവേശകരമായ പോരാട്ടത്തിൽ 1–0ന് മുന്നിലെത്തിയ താനിയയെ മറികടന്ന് ഷാവോ 2–1ന് വിജയം സ്വന്തമാക്കി. ഇതോടെ താനിയയ്ക്ക് വെള്ളി മെഡൽ ലഭിച്ചു.
ഫൈനലിന് മുമ്പ് മത്സരിച്ച നാലു പോരാട്ടങ്ങളിലും താനിയ വിജയിച്ചിരുന്നു. ഗ്രൂപ്പ് ഘട്ടത്തിൽ ജർമനിയുടെ മിയ ബോവറിനെ 3–1നും ഗ്രീസിന്റെ വാസിലിക്കി കരവനൗവിനെ 3–0നും പരാജയപ്പെടുത്തി. എസ്തോണിയയുടെ മെറിലി വാസ്റ്ററിനെ ക്വാർട്ടർ ഫൈനലിൽ 4–1ന് തോൽപ്പിച്ചു. സെമിയിൽ അമേരിക്കയുടെ മാറ്റിൽഡ ആൻ ഹ്രൂബിയെ 3–1ന് കീഴടക്കിയാണ് ഫൈനലിൽ പ്രവേശിച്ചത്.
ഈ വർഷം അസർബൈജാനിലെ ബാക്കുവിൽ നടന്ന അണ്ടർ 17 ലോക ഗുസ്തി ചാമ്പ്യൻഷിപ്പിൽ വനിതകളുടെ 69 കിലോഗ്രാം ഫ്രീസ്റ്റൈൽ വിഭാഗത്തിൽ താനിയ വെങ്കലം നേടിയിരുന്നു. അണ്ടർ 17 ഏഷ്യൻ ചാമ്പ്യൻഷിപ്പിൽ വെള്ളിയും സ്വന്തമാക്കിയിട്ടുണ്ട്. ഈ അന്താരാഷ്ട്ര മത്സരപരിചയമാണ് ഡക്കാറിലെ പ്രകടനത്തിനും കരുത്തായത്.
യൂത്ത് ഒളിമ്പിക്സിൽ ആദ്യമായാണ് ബീച്ച് റെസ്‌ലിങ് ഉൾപ്പെടുത്തിയിരിക്കുന്നത്. ഇതിലെ ആദ്യ ഇന്ത്യൻ മെഡൽ ജേതാവെന്ന നേട്ടവും ഇതോടെ താനിയയ്ക്ക് സ്വന്തമായി.
താനിയയുടെ വെള്ളിയോടെ ഡക്കാർ യൂത്ത് ഒളിമ്പിക്സിൽ ഇന്ത്യയുടെ മെഡൽ നേട്ടം ഏഴായി. മൂന്ന് വെള്ളിയും നാല് വെങ്കലവുമാണ് ഇന്ത്യ ഇതുവരെ നേടിയത്. ജൂഡോയിൽ ഖുഷ്ബു ദർജാദയും ബാഡ്മിന്റണിൽ തൻവി പത്രിയും വെള്ളി നേടിയിരുന്നു. നീന്തലിൽ ദിനിധി ദേശിംഗു രണ്ട് വെങ്കലവും തീർത്ഥങ്ക് പേകു ഒരു വെങ്കലവും നേടി. വുഷുവിൽ രാജ്കുമാരി ലാൻചെൻബി ചാനുവും വെങ്കലം സ്വന്തമാക്കി.

