മെൽബൺ എംഎവി കേസിൽ നിർണായക വിധി ഇന്ന്

മെൽബൺ: ഓസ്‌ട്രേലിയയിലെ ഏറ്റവും പഴക്കം ചെന്ന മലയാളി സംഘടനയായ മലയാളി അസോസിയേഷൻ ഓഫ് വിക്ടോറിയയുമായി (എംഎവി) ബന്ധപ്പെട്ട കേസിൽ കോടതി ഇന്ന് വിധി പറയും. വ്യാഴാഴ്ച രാവിലെ 10.30-നും 11-നും ഇടയിലാണ് വിധിപ്രസ്താവം പ്രതീക്ഷിക്കുന്നത്. ‘സത്യത്തിലേക്കുള്ള നീണ്ട യാത്ര’ എന്ന് വിശേഷിപ്പിച്ചുകൊണ്ടുള്ള പ്രചാരണങ്ങൾ മലയാളി സമൂഹത്തിൽ ശക്തമായി നടക്കുന്നതിനിടെയാണ് ഏവരും ഉറ്റുനോക്കുന്ന കോടതി വിധി വരുന്നത്. ‘നീതി നിലനിൽക്കട്ടെ, സത്യം ജയിക്കട്ടെ’ എന്ന സന്ദേശത്തോടെയുള്ള പ്രതികരണങ്ങളും വിഷയത്തിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.

2025 ജൂലൈയിൽ എംഎവിയിൽ നടന്ന നേതൃമാറ്റത്തെ തുടർന്നാണ് തർക്കങ്ങളുടെ തുടക്കം. സംഘടനയിലെ ഭൂരിഭാഗം എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങൾക്കും സാധുവായ അംഗത്വം ഇല്ലെന്ന് ചൂണ്ടിക്കാട്ടി, അംഗങ്ങളുടെ ആവശ്യപ്രകാരം 2025 ജൂലൈ 13-ന് റോവിൽസിൽ (Rowville) വെച്ച് പ്രത്യേക ജനറൽ ബോഡി യോഗം ചേർന്നിരുന്നു. തുടർന്ന് മുൻ കമ്മിറ്റിയെ പിരിച്ചുവിടുകയും, പ്രസിഡന്റ് മദനൻ ചെല്ലപ്പന്റെ നേതൃത്വത്തിൽ 2025–2027 കാലയളവിലേക്കുള്ള പുതിയ ഭരണസമിതിയെ തെരഞ്ഞെടുക്കുകയുമായിരുന്നു.

1976-ൽ സ്ഥാപിതമായ എംഎവി ഈ വർഷമാണ് സുവർണ ജൂബിലി ആഘോഷിച്ചത്. ആയിരക്കണക്കിന് അംഗങ്ങളുള്ള വിക്ടോറിയയിലെ ഏറ്റവും വലിയ പ്രവാസി മലയാളി കൂട്ടായ്മകളിലൊന്നായ സംഘടനയുടെ നേതൃത്വ തർക്കത്തിൽ കോടതി ഇന്ന് പുറപ്പെടുവിക്കുന്ന വിധി സംഘടനയുടെ ഭാവി പ്രവർത്തനങ്ങളിൽ ഏറെ നിർണായകമാകും.

Leave a Reply

Your email address will not be published. Required fields are marked *