ലോകത്തിലെ ഏറ്റവും വലിയ മ്യൂസിയം ഇന്ത്യയിൽ; 3,230 കോടി രൂപയുടെ യെഗെ യെഗീൻ ഭാരത് മ്യൂസിയത്തിന് കേന്ദ്രമന്ത്രിസഭയുടെ അംഗീകാരം

ന്യൂഡൽഹി: ലോകത്തിലെ ഏറ്റവും വലിയ പ്രദർശന വിസ്തൃതിയുള്ള മ്യൂസിയം ഇന്ത്യയിൽ സ്ഥാപിക്കുന്നതിനുള്ള പദ്ധതിക്ക് കേന്ദ്രമന്ത്രിസഭയുടെ അംഗീകാരം. ഡൽഹിയിലെ ചരിത്രപ്രസിദ്ധമായ നോർത്ത് ബ്ലോക്ക്, സൗത്ത് ബ്ലോക്ക് കെട്ടിടങ്ങൾ പുനർവികസിപ്പിച്ച് ‘യെഗെ യെഗീൻ ഭാരത് മ്യൂസിയം’ (Yuge Yugeen Bharat Museum) ഒരുക്കുന്നതിനാണ് 3,230 കോടി രൂപയുടെ പദ്ധതി അംഗീകരിച്ചത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ചേർന്ന സാമ്പത്തികകാര്യ മന്ത്രിസഭാ സമിതിയാണ് (CCEA) ബുധനാഴ്ച തീരുമാനമെടുത്തത്.

ഏകദേശം ഒരു ലക്ഷം ചതുരശ്ര മീറ്റർ പ്രദർശന വിസ്തൃതിയിലാണ് മ്യൂസിയം ഒരുക്കുന്നത്. ലോകത്തിലെ പ്രമുഖ മ്യൂസിയങ്ങളായ ഫ്രാൻസിലെ ലൂവ്ര് (73,000 ചതുരശ്ര മീറ്റർ), ബ്രിട്ടീഷ് മ്യൂസിയം (70,000 ചതുരശ്ര മീറ്റർ), റഷ്യയിലെ ഹെർമിറ്റേജ് (66,800 ചതുരശ്ര മീറ്റർ) എന്നിവയെക്കാൾ വലിയ പ്രദർശന വിസ്തൃതിയാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. പ്രതിദിനം ഏകദേശം 30,000 സന്ദർശകരെ ഉൾക്കൊള്ളാൻ കഴിയുന്ന രീതിയിലാണ് മ്യൂസിയം വിഭാവനം ചെയ്തിരിക്കുന്നത്.

2026-27 സാമ്പത്തിക വർഷം മുതൽ 2030-31 വരെയുള്ള കാലയളവിൽ ഘട്ടംഘട്ടമായാണ് നിർമാണവും വികസനപ്രവർത്തനങ്ങളും നടപ്പാക്കുക. നോർത്ത് ബ്ലോക്കിൽ ആഭരണങ്ങളും അലങ്കാരരീതികളും പ്രമേയമാക്കിയ ആദ്യ ഗാലറി 2027-ന്റെ രണ്ടാം പകുതിയിൽ പൊതുജനങ്ങൾക്കായി തുറന്നുകൊടുക്കാനാണ് ലക്ഷ്യമിടുന്നത്.

ഇന്ത്യയുടെ ആയിരക്കണക്കിന് വർഷത്തെ നാഗരികതയും സാംസ്കാരിക പൈതൃകവും അവതരിപ്പിക്കുന്ന മ്യൂസിയത്തിൽ വിവിധ സംസ്ഥാനങ്ങളിലെയും കേന്ദ്രസർക്കാർ സ്ഥാപനങ്ങളിലെയും ശേഖരങ്ങളിൽനിന്നുള്ള പുരാവസ്തുക്കൾ ഉൾപ്പെടുത്തും. നാഷണൽ മ്യൂസിയം, സാംസ്കാരിക മന്ത്രാലയത്തിന് കീഴിലുള്ള മറ്റ് മ്യൂസിയങ്ങൾ, ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയുടെ 52 മ്യൂസിയങ്ങൾ, സംസ്ഥാന മ്യൂസിയങ്ങൾ, സ്വകാര്യ ശേഖരങ്ങൾ എന്നിവിടങ്ങളിൽനിന്നായി ഏകദേശം 18 ലക്ഷം വസ്തുക്കൾ ഇതിനായി തിരിച്ചറിഞ്ഞിട്ടുണ്ട്.

വാസ്തുവിദ്യയും നഗരജീവിതവും, ഗണിതശാസ്ത്രവും ജ്യോതിശാസ്ത്രവും, ഭാഷകളും ലിപികളും, വിശ്വാസവും ആത്മീയതയും, വ്യാപാരവും ആശയവിനിമയവും തുടങ്ങിയ വിഷയങ്ങളെ അടിസ്ഥാനമാക്കിയുള്ള ഗാലറികളും മ്യൂസിയത്തിലുണ്ടാകും. ഇന്ത്യയുടെ കലാ-സാംസ്കാരിക പാരമ്പര്യത്തിനൊപ്പം വിവിധ കാലഘട്ടങ്ങളിലെ വിജ്ഞാന സമ്പ്രദായങ്ങളും പ്രദർശനങ്ങളുടെ ഭാഗമാകും.

ബ്രിട്ടീഷ് ഭരണകാലത്ത് നിർമിച്ച നോർത്ത്, സൗത്ത് ബ്ലോക്കുകളുടെ ചരിത്രപരവും വാസ്തുവിദ്യാപരവുമായ സവിശേഷതകൾ നിലനിർത്തിക്കൊണ്ടായിരിക്കും മ്യൂസിയമാക്കി മാറ്റുക. നിലവിൽ ഈ കെട്ടിടങ്ങളിൽ പ്രവർത്തിച്ചിരുന്ന കേന്ദ്രസർക്കാർ മന്ത്രാലയങ്ങൾ പുതിയ ഓഫീസുകളിലേക്ക് മാറിയിട്ടുണ്ട്. പൈതൃക കെട്ടിടങ്ങളുടെ പുനരുപയോഗം (Adaptive Reuse) എന്ന ആശയത്തിലാണ് പദ്ധതി നടപ്പാക്കുന്നത്.

2023 മേയ് 18-നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി മ്യൂസിയം പദ്ധതി പ്രഖ്യാപിച്ചത്. ഫ്രാൻസിലെ മ്യൂസിയം വികസന സ്ഥാപനമായ ഫ്രാൻസ് മ്യൂസിയംസ് ഡെവലപ്മെന്റുമായി 2024 ഡിസംബറിൽ സാങ്കേതിക സഹകരണ കരാറും ഒപ്പുവച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *