ന്യൂഡൽഹി: രാജ്യത്തേക്കുള്ള വിദേശ വിനോദസഞ്ചാരികളുടെയും വിദ്യാർത്ഥികളുടെയും വരവ് പ്രോത്സാഹിപ്പിക്കുന്നതിനായി വീസ നടപടികളിൽ കേന്ദ്ര സർക്കാർ വൻ ഇളവുകൾ വരുത്തി. പ്രധാന വീസ വിഭാഗങ്ങളുടെ എണ്ണം 13-ൽ നിന്ന് 9 ആയും, ഉപവിഭാഗങ്ങളുടെ എണ്ണം 49-ൽ നിന്ന് 23 ആയും കുറച്ചതായി കേന്ദ്ര ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
വിദേശ വിനോദസഞ്ചാരികൾ, വിദ്യാർത്ഥികൾ എന്നിവർക്കൊപ്പം മെഡിക്കൽ ടൂറിസവും പ്രോത്സാഹിപ്പിക്കുകയാണ് പുതിയ പരിഷ്കാരങ്ങളിലൂടെ ലക്ഷ്യമിടുന്നത്. ഇതിനുപുറമെ വീസ അപേക്ഷകർ പൂരിപ്പിക്കേണ്ട വിവരങ്ങളിലും മന്ത്രാലയം ഗണ്യമായ ഇളവ് വരുത്തിയിട്ടുണ്ട്.
നടപടിക്രമങ്ങൾ പൂർത്തിയാക്കി ഈ വർഷം അവസാനത്തോടെ പുതിയ പരിഷ്കാരങ്ങൾക്കനുസരിച്ച് വീസകൾ അനുവദിച്ചു തുടങ്ങുമെന്ന് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. കഴിഞ്ഞ വർഷം ഒക്ടോബറിലും വീസ നടപടികൾ ലഘൂകരിക്കുന്നതിനായി കേന്ദ്ര സർക്കാർ ഇളവുകൾ വരുത്തിയിരുന്നു.

