എല്ലാ എൽ.പി. സ്‌കൂളുകളിലും ഡിജിറ്റൽ സ്‌ക്വയറുകൾ ഒരുക്കും; മന്ത്രി എൻ. ഷംസുദ്ദീൻ

തിരുവനന്തപുരം: സർക്കാരിന്റെ 100 ദിന കർമ്മപരിപാടിയിൽ ഉൾപ്പെടുത്തി സംസ്ഥാനത്തെ എല്ലാ എൽ.പി. സ്‌കൂളുകളിലും നാലോ അഞ്ചോ കമ്പ്യൂട്ടറുകൾ വീതം സജ്ജീകരിച്ച് ‘ഡിജിറ്റൽ സ്‌ക്വയറുകൾ’ ഒരുക്കുമെന്ന് പൊതുവിദ്യാഭ്യാസ, ന്യൂനപക്ഷ ക്ഷേമ വകുപ്പ് മന്ത്രി എൻ. ഷംസുദ്ദീൻ. എൽ.പി. പഠനം പൂർത്തിയാക്കി പുറത്തിറങ്ങുന്ന വിദ്യാർത്ഥികൾ കമ്പ്യൂട്ടർ സാക്ഷരത കൈവരിക്കുകയെന്നതാണ് ഇതിലൂടെ ലക്ഷ്യമിടുന്നതെന്നും മന്ത്രി പറഞ്ഞു. ഒരു കോടി രൂപ ചെലവിൽ നിർമ്മിച്ച തിരുവല്ലം ഗവ. എൽ.പി. സ്‌കൂളിന്റെ പുതിയ കെട്ടിടം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഒരു രാഷ്ട്രം ഏറ്റവും കൂടുതൽ പ്രാധാന്യം നൽകേണ്ട മേഖലയാണ് വിദ്യാഭ്യാസമെന്നും ഇന്നത്തെ ക്ലാസ് മുറികളിലാണ് നാളത്തെ രാഷ്ട്രനേതാക്കളും ഉദ്യോഗസ്ഥരും രൂപപ്പെടുന്നതെന്നും മന്ത്രി ചൂണ്ടിക്കാട്ടി. അതിനാൽ വിദ്യാലയങ്ങളിലെ ഭൗതിക സാഹചര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനൊപ്പം ആധുനിക സാങ്കേതികവിദ്യകളും പഠനത്തിന്റെ ഭാഗമാക്കേണ്ടതുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി.

ഹൈസ്‌കൂൾ വിദ്യാർത്ഥികൾക്ക് നിർമ്മിത ബുദ്ധി പരിചയപ്പെടുത്തുന്നതിനും അഭിരുചി പരീക്ഷകൾക്കും വ്യക്തിഗത പഠനത്തിനുമായി ‘എറൈസ്’ പദ്ധതി നടപ്പാക്കും. സാധാരണക്കാരുടെ മക്കൾ പഠിക്കുന്ന സർക്കാർ വിദ്യാലയങ്ങളുടെ അടിസ്ഥാന സൗകര്യ വികസനത്തിന് പ്ലാൻ ഫണ്ട് ഉപയോഗിച്ചുള്ള പ്രവർത്തനങ്ങൾ തുടരുമെന്നും മന്ത്രി അറിയിച്ചു.

പൊതുവിദ്യാഭ്യാസ വകുപ്പിന്റെ 2023-24 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് ഒരു കോടി രൂപ ചെലവിൽ സ്‌കൂളിന് പുതിയ കെട്ടിടം നിർമ്മിച്ചത്. ചടങ്ങിൽ രാജീവ് ചന്ദ്രശേഖർ എം.എൽ.എ അധ്യക്ഷത വഹിച്ചു. നഗരസഭാ മേയർ വി.വി. രാജേഷ് മുഖ്യാതിഥിയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *