കമ്മ്യൂണിറ്റി സുരക്ഷയ്ക്ക് ഭീഷണിയാകുന്നവരുടെ വിസ റദ്ദാക്കി നാടുകടത്താൻ കർശന നിയമങ്ങളുമായി ഓസ്‌ട്രേലിയ

കാൻബറ: ഓസ്‌ട്രേലിയൻ സമൂഹത്തിന്റെ സുരക്ഷയ്ക്ക് ഭീഷണിയാണെന്ന് കരുതുന്ന വിദേശ പൗരന്മാരുടെ വിസ റദ്ദാക്കാനും അവരെ നാടുകടത്താനും വ്യവസ്ഥ ചെയ്യുന്ന കർശനമായ വിസ ക്യാരക്ടർ ചട്ടങ്ങൾ ആൽബനീസ് സർക്കാർ നടപ്പിലാക്കി. കോടതി കുറ്റക്കാരാണെന്ന് കണ്ടെത്തിയിട്ടില്ലാത്ത വ്യക്തികൾക്കെതിരെ പോലും പൊതുസുരക്ഷ മുൻനിർത്തി നടപടിയെടുക്കാൻ പുതിയ നിയമങ്ങൾ അധികാരം നൽകുന്നു. 2026 ഒക്ടോബർ 31-നാണ് ‘മിനിസ്റ്റീരിയൽ ഡയറക്ഷൻ 123’ (Ministerial Direction 123) എന്ന പേരിൽ ഈ ഭേദഗതികൾ പ്രാബല്യത്തിൽ വന്നത്.

പുതിയ നിയമപ്രകാരം വിസ റദ്ദാക്കൽ അല്ലെങ്കിൽ പുനഃസ്ഥാപിക്കൽ കേസുകളിൽ ഒരാൾ ഓസ്‌ട്രേലിയയിൽ താമസിച്ച കാലയളവ്, കുടുംബബന്ധങ്ങൾ, കുട്ടികൾ, സാമൂഹിക സംഭാവനകൾ എന്നിവയ്ക്ക് നൽകിയിരുന്ന മുൻഗണന കുറച്ചിട്ടുണ്ട്. ഈ ഘടകങ്ങളെ ഇനിമുതൽ പ്രാഥമിക പരിഗണനകളായി കണക്കാക്കില്ല. അതേസമയം, വിദ്വേഷ ഗ്രൂപ്പുകളിലെ പ്രവർത്തനം, വിദ്വേഷ കുറ്റകൃത്യങ്ങൾ, ഭീകരവാദ പിന്തുണ, വംശീയ നിലപാടുകൾ എന്നിവ വിസ ക്യാരക്ടർ പരിശോധനയ്ക്ക് കീഴിൽ പുതിയതായി ഉൾപ്പെടുത്തിയിട്ടുണ്ട്. ഇതിനുപുറമെ ഗാർഹിക പീഡനം, ഡിജിറ്റൽ സാങ്കേതികവിദ്യ ഉപയോഗിച്ചുള്ള ഉപദ്രവങ്ങൾ എന്നിവയും കേസ് വിലയിരുത്തുമ്പോൾ കൂടുതൽ ഗൗരവത്തോടെ പരിഗണിക്കും.

അനിശ്ചിതകാല ഇമിഗ്രേഷൻ തടവ് നിയമവിരുദ്ധമാണെന്ന് വ്യക്തമാക്കിയ 2023-ലെ ഹൈക്കോടതി വിധിയെ തുടർന്ന്, ക്രിമിനൽ പശ്ചാത്തലമുള്ളവർ ഉൾപ്പെടെ 200-ലധികം ആളുകളെ തടങ്കലിൽ നിന്ന് മോചിപ്പിക്കേണ്ടി വന്നിരുന്നു. ഈ പശ്ചാത്തലത്തിൽ മാറിയ സാഹചര്യങ്ങൾക്ക് അനുസൃതമായി നിയമങ്ങൾ പുതുക്കേണ്ടതിന്റെ ഭാഗമായാണ് പുതിയ ഉത്തരവ് പുറപ്പെടുവിച്ചതെന്ന് ഇമിഗ്രേഷൻ മന്ത്രി ടോണി ബർക്ക് വ്യക്തമാക്കി. രാജ്യത്തെ കുടിയേറ്റ അധിഷ്ഠിത ജനസംഖ്യാ വളർച്ച പ്രതിവർഷം 2,25,000 ആയി കുറയ്ക്കുക എന്ന ദീർഘകാല ലക്ഷ്യത്തിന്റെ ഭാഗമായാണ് സർക്കാർ ഇത്തരം കർശന നടപടികളിലേക്ക് കടക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *