ഇന്ത്യയിലേക്കുള്ള വീസ വിഭാഗങ്ങൾ ഒമ്പതായി ചുരുക്കി; അപേക്ഷയിലെ വിവരങ്ങൾ 70 ശതമാനം വരെ കുറച്ചു

ന്യൂഡൽഹി: ഇന്ത്യയിലേക്കുള്ള വിദേശ പൗരന്മാരുടെ വീസ നടപടികൾ ലളിതമാക്കുന്നതിന്റെ ഭാഗമായി പ്രധാന വീസ വിഭാഗങ്ങളുടെ എണ്ണം 13ൽനിന്ന് ഒമ്പതായി കുറച്ച് കേന്ദ്ര ആഭ്യന്തര മന്ത്രാലയം. ഉപവിഭാഗങ്ങളുടെ എണ്ണം 49ൽനിന്ന് 23 ആയും കുറച്ചിട്ടുണ്ട്. വീസ അപേക്ഷാ ഫോമുകളിൽ ആവശ്യമായ വിവരങ്ങളുടെ എണ്ണം 65 മുതൽ 70 ശതമാനം വരെ കുറച്ചതായും മന്ത്രാലയം അറിയിച്ചു.

2026 ഓഗസ്റ്റ് 27നാണ് പുതിയ പരിഷ്കാരങ്ങൾ നടപ്പാക്കാൻ തീരുമാനിച്ചത്. സമാനമായ യാത്രാ ആവശ്യങ്ങൾക്കുള്ള വീസ വിഭാഗങ്ങൾ ഏകീകരിച്ച് വിദേശികൾക്ക് അനുയോജ്യമായ വീസ തിരഞ്ഞെടുക്കുന്നത് എളുപ്പമാക്കുകയാണ് ലക്ഷ്യം. 2025 ഒക്ടോബറിൽ പ്രധാന വീസ വിഭാഗങ്ങൾ 22ൽനിന്ന് 13 ആയും ഉപവിഭാഗങ്ങൾ 63ൽനിന്ന് 49 ആയും കുറച്ചിരുന്നു. ഇതിന്റെ തുടർച്ചയായാണ് പുതിയ പരിഷ്കാരം.

ഒമ്പത് പ്രധാന വീസ വിഭാഗങ്ങൾ

  • ബിസിനസ് വീസ
  • നയതന്ത്ര വീസ
  • തൊഴിൽ വീസ
  • മാധ്യമപ്രവർത്തക വീസ
  • മെഡിക്കൽ വീസ
  • ഔദ്യോഗിക വീസ
  • വിദ്യാർഥി വീസ
  • സന്ദർശക വീസ
  • മിസലേനിയസ് വീസ

ടൂറിസ്റ്റ് വീസയ്ക്ക് പകരം ഇനി സന്ദർശക വീസ (Visitor Visa) എന്നായിരിക്കും അറിയപ്പെടുക. ഇത് വി-1, വി-2 എന്നിങ്ങനെ രണ്ട് ഉപവിഭാഗങ്ങളായി തിരിച്ചിരിക്കുന്നു. ബിസിനസ് മീറ്റിങ്ങുകൾ, മെഡിക്കൽ കൺസൾട്ടേഷനുകൾ, വെൽനസ് റിട്രീറ്റുകൾ, ഹ്രസ്വകാല ചികിത്സ, ഇന്ത്യൻ ഭാഷകൾ, സംഗീതം, കല, കരകൗശലം എന്നിവയിലെ ഹ്രസ്വകാല കോഴ്സുകൾ തുടങ്ങിയവ വി-1 വിഭാഗത്തിൽ ഉൾപ്പെടും. ഒന്നിലധികം തവണ പ്രവേശനം അനുവദിക്കുന്ന ഈ വീസയ്ക്ക് 30 ദിവസമാണ് കാലാവധി.

ദീർഘകാല സന്ദർശനങ്ങൾക്കുള്ളതാണ് വി-2 വീസ. ഒന്ന്, അഞ്ച്, പത്ത് വർഷം എന്നിങ്ങനെയാണ് ഇതിന്റെ കാലാവധി. വി-1 വിഭാഗത്തിൽ അനുവദിക്കുന്ന ആവശ്യങ്ങൾക്കു പുറമേ പർവതാരോഹണത്തിനും ഈ വീസ ഉപയോഗിക്കാം. പർവതാരോഹണത്തിന് ആറുമാസത്തെ മൾട്ടിപ്പിൾ എൻട്രി വീസ അനുവദിക്കും.

മെഡിക്കൽ വീസയിൽ പരമ്പരാഗത ചികിത്സയ്ക്കും ആയുഷ് ചികിത്സയ്ക്കും പ്രത്യേകം വിഭാഗങ്ങളുണ്ട്. വിദ്യാർഥി വീസയും വിദ്യാഭ്യാസം, ഗവേഷണം, ഇന്റേൺഷിപ്പ്, വിദ്യാർഥി കൈമാറ്റം തുടങ്ങിയ ആവശ്യങ്ങൾ പരിഗണിച്ച് രണ്ട് ഉപവിഭാഗങ്ങളായി ക്രമീകരിച്ചിട്ടുണ്ട്. ബിസിനസ് വീസയും ദീർഘകാല ബിസിനസ് ആവശ്യങ്ങൾക്കും ഹ്രസ്വകാല കരാർ അടിസ്ഥാനത്തിലുള്ള പ്രവർത്തനങ്ങൾക്കുമായി ബി-1, ബി-2 എന്നിങ്ങനെ തിരിച്ചിരിക്കുന്നു.

വീസ അപേക്ഷാ ഫോമുകളിലെ വിവരങ്ങൾ കുറയ്ക്കുമ്പോഴും നടപടികൾക്ക് ആവശ്യമായ അടിസ്ഥാന വിവരങ്ങൾ നിലനിർത്തും. ഇത് അപേക്ഷകർക്ക് സമയവും അധ്വാനവും ലാഭിക്കുന്നതിനൊപ്പം പരിശോധനാ നടപടികൾ കൂടുതൽ കാര്യക്ഷമമാക്കുമെന്നും മന്ത്രാലയം വ്യക്തമാക്കി.

പുതിയ പരിഷ്കാരം നടപ്പാക്കുന്നതിനായി ആഭ്യന്തര മന്ത്രാലയം ഐടി സംവിധാനങ്ങൾ പുതുക്കിവരികയാണ്. 2026 അവസാനത്തോടെ പുതുക്കിയ സംവിധാനപ്രകാരം വീസകൾ അനുവദിച്ചു തുടങ്ങാനാണ് ലക്ഷ്യമിടുന്നത്. നിലവിൽ 172 രാജ്യങ്ങളിലെ പൗരന്മാർക്ക് ഇന്ത്യ ഇ-വീസ സൗകര്യം നൽകുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *