ജപ്പാൻ മാസ്റ്റേഴ്സ്: ശ്രീകാന്തും ലക്ഷ്യ സെന്നും ക്വാർട്ടർ ഫൈനലിൽ

ടോക്കിയോ: ജപ്പാൻ മാസ്റ്റേഴ്സ് സൂപ്പർ 500 ബാഡ്മിന്റൺ ടൂർണമെന്റിൽ ഇന്ത്യൻ താരങ്ങളായ കിഡംബി ശ്രീകാന്തും ലക്ഷ്യ സെന്നും പുരുഷ സിംഗിൾസ് ക്വാർട്ടർ ഫൈനലിൽ പ്രവേശിച്ചു. പ്രീക്വാർട്ടർ മത്സരങ്ങളിൽ മികച്ച വിജയം നേടിയാണ് ഇരുവരും അവസാന എട്ടിൽ ഇടംപിടിച്ചത്.

ജപ്പാന്റെ അഞ്ചാം സീഡ് താരം കൊഡായ് നറോക്കയെ മൂന്ന് ഗെയിമുകൾ നീണ്ട പോരാട്ടത്തിൽ പരാജയപ്പെടുത്തിയാണ് ശ്രീകാന്ത് ക്വാർട്ടറിലെത്തിയത്. ഒരു മണിക്കൂർ നീണ്ട മത്സരത്തിൽ 21-15, 11-21, 21-18 എന്ന സ്കോറിനായിരുന്നു മുൻ ലോക ഒന്നാം നമ്പർ താരത്തിന്റെ ജയം. ഇരുവരും തമ്മിലുള്ള അഞ്ച് ഏറ്റുമുട്ടലുകളിൽ ശ്രീകാന്തിന്റെ ആദ്യ വിജയമാണിത്.

ചൈനീസ് താരം ഡോങ് ടിയാൻ യാവോയെ നേരിട്ടുള്ള ഗെയിമുകൾക്ക് കീഴടക്കിയാണ് ലക്ഷ്യ സെൻ ക്വാർട്ടർ ഫൈനലിലെത്തിയത്. 21-8, 21-14 എന്ന സ്കോറിനായിരുന്നു എട്ടാം സീഡായ ലക്ഷ്യയുടെ വിജയം. ജർമനിയിൽ നടന്ന ഹൈലോ ഓപ്പൺ കിരീടനേട്ടത്തിനു പിന്നാലെയാണ് ലക്ഷ്യയുടെ ഈ മുന്നേറ്റം.

ക്വാർട്ടർ ഫൈനലിൽ ശ്രീകാന്ത് ജപ്പാന്റെ കോക്കി വാതനാബെയെയും ലക്ഷ്യ സെൻ യുഷി തനാക്കയെയും നേരിടും.

അതേസമയം, വനിതാ ഡബിൾസിൽ ഇന്ത്യയുടെ ട്രീസ ജോളി-ഗായത്രി ഗോപിചന്ദ് സഖ്യം പ്രീക്വാർട്ടറിൽ പുറത്തായി. ജപ്പാന്റെ റിൻ ഇവാനാഗ-കി നകാനിഷി സഖ്യത്തോട് 14-21, 14-21 എന്ന സ്കോറിനാണ് ഇന്ത്യൻ സഖ്യം പരാജയപ്പെട്ടത്.

Leave a Reply

Your email address will not be published. Required fields are marked *