ഇ-ബൈക്കുകളെയും മോട്ടോർ ബൈക്കുകളെയും പിന്തുടരേണ്ടെന്ന് ഉദ്യോഗസ്ഥരോട് ന്യൂ സൗത്ത് വെയിൽസ് പോലീസ് യൂണിയൻ

സിഡ്‌നി: ഉദ്യോഗസ്ഥർ നേരിടുന്ന നിയമപരമായ വെല്ലുവിളികളും കേസിനെ കുറിച്ചുള്ള ഭയവും ചൂണ്ടിക്കാട്ടി ഇ-ബൈക്കുകളെയും മോട്ടോർ ബൈക്കുകളെയും പിന്തുടരുന്നത് ഉടൻ നിർത്തിവയ്ക്കാൻ പോലീസിന്‌ നിർദേശം നൽകി ന്യൂ സൗത്ത് വെയിൽസ് പോലീസ് അസോസിയേഷൻ.പോലീസ് ഉദ്യോഗസ്ഥർക്ക് കൂടുതൽ ശക്തമായ നിയമപരിരക്ഷ ഉറപ്പാക്കണമെന്നും യൂണിയൻ ആവശ്യപ്പെട്ടു. ഇത്തരം സംഭവങ്ങളിൽ ഉദ്യോഗസ്ഥർ ആനുപാതികമല്ലാത്ത നിയമപരവും വ്യക്തിപരവുമായ വെല്ലുവിളികൾ നേരിടുന്നുണ്ടെന്നും, സർക്കാരിന്റെ ഭാഗത്തുനിന്ന് കൃത്യമായ നടപടിയുണ്ടായതിനുശേഷം മാത്രമേ അംഗങ്ങൾ ഇത്തരം പിന്തുടരലുകൾ പുനരാരംഭിക്കാവൂ എന്നും യൂണിയൻ പ്രസിഡന്റ് കെവിൻ മോർട്ടൻ വ്യക്തമാക്കി. അതേസമയം, ഇത് പോലീസ് യൂണിയന്റെ നിർദേശം മാത്രമാണെന്നും ന്യൂ സൗത്ത് വെയിൽസ് പോലീസിന്റെ ഔദ്യോഗിക നിരോധനമല്ലെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.

മേയ് 12-ന് ഗ്ലീബിൽ (Glebe) 25 വയസ്സുകാരനായ ഇ-ബൈക്ക് യാത്രികനുമായി ബന്ധപ്പെട്ടുണ്ടായ അപകടത്തെത്തുടർന്ന് രണ്ട് കോൺസ്റ്റബിൾമാർക്കെതിരെ ക്രിമിനൽ കുറ്റം ചുമത്തിയ പശ്ചാത്തലത്തിലാണ് യൂണിയന്റെ ഈ നിർദേശം. അപകടത്തിനുശേഷം യാത്രികന് ആവശ്യമായ സഹായം നൽകാതെ സ്ഥലം വിട്ടുവെന്ന ആരോപണത്തെത്തുടർന്ന് ഇരുവർക്കുമെതിരെ പോലീസ് ഉദ്യോഗസ്ഥന്റെ അനാസ്ഥയ്ക്ക് കേസെടുത്തിരുന്നു.

എല്ലാവരുടെയും സുരക്ഷ ഉറപ്പാക്കിക്കൊണ്ട് പോലീസിന് എങ്ങനെ ഗതാഗത നിയമങ്ങൾ ഫലപ്രദമായി നടപ്പിലാക്കാൻ സാധിക്കുമെന്ന ചോദ്യമാണ് ഈ തർക്കത്തിലൂടെ ഉയരുന്നത്. റോഡുകളിലെ സുരക്ഷയും ഉത്തരവാദിത്തവും വർദ്ധിപ്പിക്കുന്നതിനായി ഇ-ബൈക്കുകൾക്ക് ലൈസൻസ് നിർബന്ധമാക്കണോ എന്ന ചർച്ചയും ഇതോടെ സജീവമായിട്ടുണ്ട്

Leave a Reply

Your email address will not be published. Required fields are marked *