ജുവനൈൽ കേസുകളിലെ പ്രായപരിധി 16 വയസ്സാക്കുന്നത് പരിഗണിക്കണം: കേരള ഹൈക്കോടതി

കൊച്ചി: കുറ്റകൃത്യങ്ങളിൽ ഉൾപ്പെടുന്ന കുട്ടികളുടെ ജുവനൈൽ കേസുകളിലെ പ്രായപരിധി 18 വയസ്സിൽ നിന്നും 16 വയസ്സാക്കുന്നത് പരിഗണിക്കണമെന്ന് കേരള ഹൈക്കോടതി. നിലവിലെ സാഹചര്യം വിലയിരുത്തുമ്പോൾ 16 വയസ്സിൽ കുട്ടികൾക്ക് മതിയായ മാനസിക വളർച്ചയും പക്വതയും വരുന്നുവെന്നാണ് വ്യക്തമാകുന്നതെന്നും, ഇക്കാര്യത്തിൽ കാലാനുസൃതമായി ഉചിതമായ തീരുമാനമെടുക്കുന്നത് നിയമനിർമ്മാണ സഭകൾ ആലോചിക്കണമെന്നും ഹൈക്കോടതി നിർദ്ദേശിച്ചു. വയസ്സെന്നത് കേസിൽ നിന്നും രക്ഷപ്പെടാനുള്ള പഴുതായി മാറുകയാണെന്നും, പല കേസുകളിലും കോടതിക്ക് നടപടിയെടുക്കാൻ കഴിയാതെ പോകുകയാണെന്നും, വൈകാരികമായി നടപടികളെടുക്കാൻ കോടതിക്ക് കഴിയില്ലെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി.

23 വയസ്സിന് താഴെയുള്ളവർക്ക് മദ്യം വിളമ്പുന്നതും വിൽക്കുന്നതും കർശനമായി തടയണമെന്നാവശ്യപ്പെട്ട് മാധ്യമപ്രവർത്തകൻ വിനോദ് വിക്രമൻ പിള്ള സമർപ്പിച്ച ഹർജി പരിഗണിക്കവെയാണ് കോടതിയുടെ ഈ സുപ്രധാന നിർദ്ദേശം. കേരള അബ്കാരി നിയമത്തിലെ സെക്ഷൻ 15A, 15B എന്നിവ പ്രകാരം 23 വയസ്സിന് താഴെയുള്ളവർക്ക് മദ്യം നൽകുന്നത് നിരോധിച്ചിട്ടുണ്ടെങ്കിലും ബാറുകളിലും മറ്റും ഇത് വ്യാപകമായി ലംഘിക്കപ്പെടുകയാണെന്ന് ഹർജിയിൽ ചൂണ്ടിക്കാട്ടിയിരുന്നു.

18 വയസ്സിന് താഴെയുള്ളവർ മദ്യപിച്ച് വാഹനമോടിച്ചുണ്ടായ മാരകമായ അപകടങ്ങളും കോടതി പരാമർശിച്ചു. നെടുമ്പാശ്ശേരിയിൽ 19-കാരൻ മദ്യപിച്ച് കാറോടിച്ചുണ്ടായ അപകടത്തിൽ മൂന്നുപേർ മരിച്ച സംഭവവും ഹർജിയിൽ ഉന്നയിച്ചിരുന്നു. തിരുവനന്തപുരം പാങ്ങപ്പാറയിൽ 17 വയസ്സുകാരനെ മറ്റൊരു 17-കാരൻ കൊലപ്പെടുത്തിയ കേസടക്കം റിപ്പോർട്ട് ചെയ്യപ്പെട്ട വേളയിലും ജുവനൈൽ പ്രായപരിധി സംബന്ധിച്ച വിഷയം വലിയ ചർച്ചയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *