ഒരു പ്രവാസിയുടെ സ്വപ്നങ്ങളും ഒരു കുടുംബത്തിന്റെ കാത്തിരിപ്പും

ക്രിസ്തുദാസൻ ജോസ്, ഓക്സ്ഫോർഡ്
ആമുഖം: ചുമരുകൾക്കുള്ളിൽ ഒതുങ്ങാത്തൊരു സ്വപ്നം
ഒരു വീടുപണിയാൻ എത്ര ഇഷ്ടിക വേണം? എത്ര ചാക്ക് സിമന്റ് വേണം? എത്ര പണം ചെലവാകും? എത്ര വർഷത്തെ അധ്വാനം വേണ്ടിവരും?ഇതിനൊക്കെ കണക്കുണ്ടാകാം. എന്നാൽ ഒരു വീടിനുള്ളിൽ എത്ര സ്വപ്നങ്ങളാണ് ഒളിഞ്ഞിരിക്കുന്നത്? എത്ര പ്രതീക്ഷകളും പ്രാർത്ഥനകളും കാത്തിരിപ്പുകളും അതിന്റെ ഓരോ ചുമരിലും ചേർന്നിരിക്കുന്നു എന്നതിന് കണക്കുണ്ടാകുമോ?
എന്നെ സംബന്ധിച്ചിടത്തോളം വീട് എന്നത് വെറുമൊരു കെട്ടിടമായിരുന്നില്ല. വർഷങ്ങളായി മനസ്സിൽ കൊണ്ടുനടന്ന ഒരു സ്വപ്നമായിരുന്നു. പ്രവാസജീവിതത്തിന്റെ തിരക്കുകൾക്കിടയിലും ഒരുനാൾ കുടുംബത്തോടൊപ്പം സന്തോഷത്തോടെ കഴിയാൻ കഴിയുന്ന സ്വന്തം വീട് എന്ന പ്രതീക്ഷയായിരുന്നു അതിന് പിന്നിൽ.പുറമേ നോക്കിയാൽ വീടിൻ്റെ നിർമാണം പൂർത്തിയായിരിക്കാം. എന്നാൽ ആ വീടിനുള്ളിൽ ഞാൻ സ്വപ്നം കണ്ട കുടുംബജീവിതം ഇന്നും തുടങ്ങിയിട്ടില്ല. അതുകൊണ്ടുതന്നെയാണ് ആ വീടിനെക്കുറിച്ച് എഴുതുമ്പോൾ എന്റെ മനസ്സിൽ അതൊരു പണിതീരാത്ത വീടായി തുടരുന്നത്.
പ്രവാസത്തിന്റെ സ്വപ്നം
പ്രവാസജീവിതം തുടങ്ങുമ്പോൾ മനസ്സിൽ ഒരുപാട് മോഹങ്ങളുണ്ടായിരുന്നു. കുടുംബത്തിന്റെ ജീവിതം മെച്ചപ്പെടുത്തണം, മക്കൾക്ക് നല്ല വിദ്യാഭ്യാസം നൽകണം, സ്വന്തമായി ഒരു വീട് പണിയണം. അതിനുവേണ്ടിയായിരുന്നു നാടും വീടും പ്രിയപ്പെട്ടവരെയും വിട്ട് അന്യനാട്ടിലേക്ക് യാത്രയായത്.കുടുംബത്തിന്റെ ഭാവിക്കുവേണ്ടി അധ്വാനിച്ച ഓരോ ദിവസവും മനസ്സിൽ ഒരു ആഗ്രഹമുണ്ടായിരുന്നു. ഒരുനാൾ നാട്ടിൽ സ്വന്തമായി ഒരു വീടുണ്ടാകണം. കുടുംബാംഗങ്ങളെ ല്ലാവരും ഒരുമിച്ച് കഴിയണം. ആ ലക്ഷ്യത്തിലേക്കുള്ള ആദ്യ ചുവടുവയ്പായിരുന്നു 2000-ൽ സ്വന്തമായി ഒരു സ്ഥലം വാങ്ങിയത്.എന്നാൽ ആ സ്ഥലത്ത് വീട് ഉയരുന്നത് കാണാൻ പിന്നെയും വർഷങ്ങൾ കാത്തിരിക്കേണ്ടിവന്നു. പ്രവാസജീവിതത്തിലെ ഉത്തരവാദിത്വങ്ങളും സാമ്പത്തിക പരിമിതികളും കാരണം വീടുപണി ഉടൻ ആരംഭിക്കാൻ കഴിഞ്ഞില്ല.
വിശ്വാസത്തോടെ ഏൽപ്പിച്ച വീടുപണി
വർഷങ്ങളുടെ കാത്തിരിപ്പിനുശേഷം 2024 ജൂലൈ 15-ന് വീടിന്റെ തറക്കല്ലിട്ടു. ഏറെ നാളായി മനസ്സിൽ കൊണ്ടുനടന്ന ആഗ്രഹത്തിന് അന്നാണ് യഥാർഥ തുടക്കമായത്.പ്രവാസിയായതിനാൽ വീടുപണിയുടെ ഓരോ ഘട്ടത്തിലും നേരിട്ട് ഇടപെടാൻ എനിക്ക് കഴിഞ്ഞിരുന്നില്ല. നാട്ടിലുള്ളവരെ വിശ്വസിച്ച് നിർമാണച്ചുമതലകൾ ഏൽപ്പിക്കേണ്ടിവന്നു. ഫോണിലൂടെയും ചിത്രങ്ങളിലൂടെയും ലഭിക്കുന്ന വിവരങ്ങളെ ആശ്രയിച്ചായിരുന്നു പല തീരുമാനങ്ങളും എടുത്തത്.
എന്നാൽ ദൂരെയിരുന്ന് വീടുപണി നടത്തുമ്പോൾ ചിലപ്പോൾ വിശ്വാസത്തിന് വിള്ളലുണ്ടാകുന്ന അനുഭവങ്ങളും ഉണ്ടാകാം. പണിയുടെ കണക്കുകൾ വ്യക്തമായി ലഭിക്കാതിരിക്കുക, നിശ്ചയിച്ച സമയത്ത് നിർമാണം പൂർത്തിയാകാതിരിക്കുക, ഉപയോഗിക്കുന്ന സാധനങ്ങളുടെ ഗുണ നിലവാരത്തിൽ കുറവുണ്ടാകുക തുടങ്ങിയ പ്രശ്നങ്ങൾ പ്രവാസിയെ കൂടുതൽ ബുദ്ധിമുട്ടിലാക്കും. നേരിട്ട് എത്തി കാര്യങ്ങൾ പരിശോധിക്കാൻ കഴിയാത്ത സാഹചര്യം ചിലർ മുതലെടുക്കാനും സാധ്യതയുണ്ട്.അതുകൊണ്ട് വീടുപണി ആരംഭിക്കുന്നതിന് മുമ്പ് നിർമാണത്തിൻ്റെ ഓരോ ഘട്ടവും വ്യക്തമായി രേഖപ്പെടുത്തണം. പണിയുടെ സമയപരിധി, ഉപയോഗിക്കേണ്ട സാധനങ്ങൾ, അവയുടെ ഗുണനിലവാരം, ഓരോ ഘട്ടത്തിലും നൽകേണ്ട പണം എന്നിവ എഴുതി ഉറപ്പാക്കണം. പണം നൽകുമ്പോൾ അതിന്റെ രേഖകളും രസീതുകളും ബില്ലുകളും സൂക്ഷിക്കണം.
വിശ്വാസം ആവശ്യമാണ്. എന്നാൽ വിശ്വാസത്തോടൊപ്പം വ്യക്തമായ കണക്കുകളും രേഖകളും ഉണ്ടായിരിക്കണം. കാരണം, പ്രവാസിയുടെ അധ്വാനത്തിൽനിന്ന് സ്വരൂപിക്കുന്ന പണം വളരെ വിലപ്പെട്ടതാണ്.ഇത് എല്ലാവരെയും കുറിച്ചുള്ള പൊതുവായ വിലയിരുത്തലല്ല. ഉത്തരവാദിത്വത്തോടെ വീടുപണി ഏറ്റെടുത്ത് നല്ല രീതിയിൽ പൂർത്തിയാക്കുന്ന നിരവധി ആളുകളുണ്ട്. എന്നാൽ പ്രവാസികൾ സ്വന്തം വീടുപണി ഏൽപ്പിക്കുമ്പോൾ ആവശ്യമായ ജാഗ്രത പാലിക്കേണ്ടതിന്റെ പ്രാധാന്യം ഇത്തരം അനുഭവങ്ങൾ ഓർമിപ്പിക്കുന്നു.
കടബാധ്യതകൾക്കിടയിൽ നീളുന്ന പ്രവാസജീവിതം
വീടുപണി ആരംഭിച്ചതോടെ സാമ്പത്തിക ഉത്തരവാദിത്വങ്ങളും വർധിച്ചു. ഇതിനകം കുടുംബത്തിനുവേണ്ടിയുള്ള ചെലവുകളും മക്കളുടെ വിദ്യാഭ്യാസവും മറ്റ് ആവശ്യങ്ങളും ഉണ്ടായിരുന്നു. അതിനിടയിൽ വീടുപണിക്കുള്ള പണം കണ്ടെത്തുക എന്നത് വലിയ വെല്ലുവിളിയായി.ഒരു വശത്ത് വീടിന്റെ നിർമാണച്ചെലവ്. മറുവശത്ത് കടബാധ്യതകൾ. ഇതെല്ലാം താങ്ങാൻ കൂടുതൽ അധ്വാനിക്കേണ്ടിവന്നു. സ്വന്തം ആവശ്യങ്ങൾ പലതും മാറ്റിവെച്ച് കിട്ടുന്ന വരുമാനത്തിന്റെ വലിയൊരു ഭാഗം വീടിനും കുടുംബത്തിനുമായി ചെലവഴിക്കേണ്ടിവന്നു.
വീടുപണി മുന്നോട്ടുകൊണ്ടുപോകാൻ ചിലപ്പോൾ സുഹൃത്തുക്കളിൽനിന്നുപോലും പണം കടം വാങ്ങേണ്ടിവന്നു. ഒരു ബാധ്യത തീർക്കുമ്പോൾ മറ്റൊരു ബാധ്യത മുന്നിലെത്തും. അങ്ങനെ കടങ്ങളുടെ കണക്കുകൾ നീളുമ്പോൾ മനസ്സിൽ ഉണ്ടായിരുന്ന മടക്കയാത്രയും വീണ്ടും പിന്നിലേക്ക് നീളും.വീടുപണി തുടങ്ങുമ്പോൾ തന്നെ വരവുചെലവുകൾ യാഥാർഥ്യബോധത്തോടെ കണക്കാക്കേണ്ടതുണ്ട്. കൈവശമുള്ള പണവും ഭാവിയിൽ ലഭിക്കാവുന്ന വരുമാനവും തിരിച്ചടയ്ക്കാൻ കഴിയുന്ന കടവും മാത്രം പരിഗണിച്ചായിരിക്കണം നിർമാണം മുന്നോട്ടുകൊണ്ടുപോകേണ്ടത്. കടം വാങ്ങി പണി തുടങ്ങിയാൽ അതിന്റെ തിരിച്ചടവിനുള്ള ഉത്തരവാദിത്വവും മറക്കരുത്.
പ്രവാസിയുടെ ജീവിതത്തിൽ സാമ്പത്തിക പ്രതിസന്ധികൾ മാത്രമല്ല, മറ്റു പല തടസ്സങ്ങളുമുണ്ടാകാം. പാസ്പോർട്ടുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ, നിയമപരമായ കാര്യങ്ങൾ, എമിഗ്രേഷൻ നടപടികൾ, ജോലി സംബന്ധമായ നിയന്ത്രണങ്ങൾ എന്നിവ കാരണം നാട്ടിലേക്ക് യാത്ര ചെയ്യാൻ കഴിയാത്ത സാഹചര്യങ്ങൾ ഉണ്ടാകാം. അത്തരം സാഹചര്യങ്ങളിൽ വീടുപണിയുടെ കാര്യങ്ങൾ നേരിട്ട് കൈകാര്യം ചെയ്യുക കൂടുതൽ ബുദ്ധിമുട്ടാകും.ചിലപ്പോൾ പണം അയയ്ക്കാൻ വൈകിയാൽ നാട്ടിൽനിന്ന് തുടർച്ചയായ ഫോൺവിളികൾ വരും. പണിക്കാർക്ക് പണം നൽകണം, സാധനങ്ങൾ വാങ്ങണം, അടുത്ത ഘട്ടം ആരംഭിക്കണം എന്നിങ്ങനെ ആവശ്യങ്ങൾ ഉയരും. കൂടുതൽ പണം ആവശ്യപ്പെടുന്ന സാഹചര്യങ്ങളും ഉണ്ടാകാം. അപ്പോൾ വിദേശത്തിരുന്ന് അതിനുള്ള പണം കണ്ടെത്തുക പ്രവാസിക്ക് വലിയ മാനസിക സമ്മർദമുണ്ടാക്കും.
ഇതെല്ലാം നടക്കുമ്പോൾ സ്വന്തം ആരോഗ്യവും അവഗണിക്കപ്പെടാം. നീണ്ട അധ്വാനവും വിശ്രമമില്ലായ്മയും മാനസിക സമ്മർദവും ശരീരത്തെ തളർത്തും. ചികിത്സ ആവശ്യമായി വന്നാൽ സമ്പാദിച്ച പണത്തിൻ്റെ ഒരു ഭാഗം അതിനായി ചെലവഴിക്കേണ്ടിവരും. ആരോഗ്യം നഷ്ടപ്പെട്ടാൽ സമ്പാദ്യത്തിന്റെ അർഥംതന്നെ മാറിപ്പോകും.വീട് പണിയാനുള്ള ആഗ്രഹം നല്ലതാണ്. എന്നാൽ അതിനുവേണ്ടി സ്വന്തം ആരോഗ്യവും ജീവിതസുരക്ഷയും പൂർണമായി പണയപ്പെടുത്തേണ്ടിവരുന്ന അവസ്ഥ ഉണ്ടാകരുത്.
ഭാര്യയുടെ കാത്തിരിപ്പും കുടുംബത്തിന്റെ ഉത്തരവാദിത്വങ്ങളും
ഞാൻ വിദേശത്ത് കഴിയുമ്പോൾ നാട്ടിൽ കുടുംബത്തിൻ്റെ ഉത്തരവാദിത്വങ്ങൾ ഏറ്റെടുത്തത് ഭാര്യയായിരുന്നു. മക്കളുടെ പഠനം, അവരുടെ ദൈനംദിന ആവശ്യങ്ങൾ, വീട്ടിലെ കാര്യങ്ങൾ, മറ്റ് പ്രതിസന്ധികൾ എല്ലാം അവൾക്ക് ഒറ്റയ്ക്ക് കൈകാര്യം ചെയ്യേണ്ടിവന്നു.വീടുപണിയുടെ കാര്യങ്ങളിലും അവൾക്ക് പല ഉത്തരവാദിത്വങ്ങളും ഉണ്ടായിരുന്നു. ഞാൻ ദൂരെയിരുന്ന് തീരുമാനങ്ങൾ എടുക്കുമ്പോൾ നാട്ടിലെ സാഹചര്യങ്ങൾ നേരിട്ട് നേരിടേണ്ടിവന്നത് അവളായിരുന്നു. സ്വന്തം ആരോഗ്യപ്രശ്നങ്ങളും ക്ഷീണവും ഉണ്ടായിരുന്നിട്ടും കുടുംബത്തിന്റെ കാര്യങ്ങൾ മുന്നോട്ടുകൊണ്ടുപോകാൻ അവൾ ശ്രമിച്ചു.
സ്വന്തം വേദനകളും ബുദ്ധിമുട്ടുകളും പലപ്പോഴും ഉള്ളിലൊതുക്കിയാണ് അവൾ മുന്നോട്ടുപോയത്. കുട്ടികൾക്ക് അച്ഛനെ ആവശ്യമുള്ള പല സമയങ്ങളിലും അവരുടെ അരികിൽ നിൽക്കാൻ എനിക്ക് കഴിഞ്ഞിരുന്നില്ല. അവരുടെ സന്തോഷങ്ങളിലും സങ്കടങ്ങളിലും പങ്കുചേരേണ്ട സമയത്ത് അകലെയിരുന്ന് ഫോണിലൂടെ സംസാരിക്കേണ്ടിവന്നു.പണം അയച്ചുകൊടുക്കാൻ എനിക്ക് കഴിഞ്ഞു. കുടുംബത്തിന്റെ ആവശ്യങ്ങൾ നിറവേറ്റാനും ശ്രമിച്ചു. എന്നാൽ പണം അയച്ചുകൊടുക്കുന്നതുകൊണ്ട് മാത്രം ഒരു അച്ഛന്റെയോ ഭർത്താവിന്റെയോ സാന്നിധ്യം പകരംവയ്ക്കാൻ കഴിയില്ല. അതാണ് പ്രവാസജീവിതത്തിലെ ഏറ്റവും വലിയ വൈരുധ്യം. കുടുംബത്തിനുവേണ്ടിയാണ് അകലെ കഴിയുന്നത്; എന്നാൽ കുടുംബത്തിന് ഏറ്റവും ആവശ്യമുള്ള സമയത്ത് അരികിലുണ്ടാകാൻ കഴിയാതെ പോകുന്നു.
കാത്തിരുന്ന അമ്മ
ഈ വീടിനെക്കുറിച്ച് ഓർക്കുമ്പോൾ എൻ്റെ മനസ്സിൽ ആദ്യം തെളിയുന്നത് അമ്മയുടെ മുഖമാണ്.അമ്മയ്ക്ക് കാലിലെ അസുഖം കാരണം കിടപ്പിലായിരിക്കേണ്ടിവന്നു. പ്രായവും അസുഖവും കാരണം അമ്മയുടെ ലോകം പതുക്കെ വീടിൻ്റെ ചുവരുകൾക്കുള്ളിലേക്ക് ചുരുങ്ങി. എങ്കിലും മകനെ കാണണമെന്ന ആഗ്രഹം അമ്മയുടെ മനസ്സിൽ എന്നും ഉണ്ടായിരുന്നു. അമ്മയുമായി ഫോണിൽ സംസാരിക്കുമ്പോൾ ഒരിക്കൽ അമ്മ എന്നോട് ചോദിച്ചു:
“എല്ലാവരും എന്നെ കാണാൻ വരുന്നുണ്ട്. നീയും നിന്റെ ഇളയ അമ്മാവനും മാത്രം വരുന്നില്ല. മോനേ, നീ എന്നെ കാണാൻ എന്ന് വരും?”
അത് ഒരു സാധാരണ ചോദ്യമായിരുന്നില്ല. മകനെ കാണാനുള്ള അമ്മയുടെ ആഗ്രഹവും ദൂരെയായിപ്പോയ മകനോടുള്ള പരിഭവവും ഇനിയും എത്രനാൾ കാത്തിരിക്കേണ്ടിവരുമെന്ന വേദനയും ആ വാക്കുകളിൽ ഉണ്ടായിരുന്നു.
അമ്മയെ പുതിയ വീട്ടിലേക്ക് കൊണ്ടുവരണം. അവിടെ അമ്മയ്ക്ക് സമാധാനത്തോടെ കഴിയാനുള്ള സൗകര്യങ്ങൾ ഒരുക്കണം. അതായിരുന്നു എൻ്റെ വലിയ ആഗ്രഹം.എന്നാൽ എന്റെ കാത്തിരിപ്പിന് മുമ്പേ അമ്മ യാത്രയായി.
2025 മാർച്ച് 4-ന് അമ്മ ഞങ്ങളെ വിട്ടുപോയി. അമ്മയോടൊപ്പം ചെലവഴിക്കണമെന്ന് കരുതിയിരുന്ന പല നിമിഷങ്ങളും ഓർമകളായി മാറി. ഒന്നും ആവശ്യപ്പെടാതെ, ആരെയും വേദനിപ്പിക്കാതെ അമ്മ നിശ്ശബ്ദമായി യാത്രയായി.മരണവാർത്ത അറിഞ്ഞ നിമിഷം ഞാൻ ജോലി നിർത്തി മുറിയിലെത്തി. ഫോണെടുത്ത് എനിക്കറിയാവുന്ന എല്ലാവരെയും വിളിച്ച് വിവരം അറിയിച്ചു. എന്റെ അഭാവത്തിൽ അവർ അമ്മയെ നല്ല രീതിയിൽ യാത്രയയച്ചു.കർത്താവിന്റെ മണവാട്ടിയായി അവിടുത്തെ ഭവനത്തിൽ ശുശ്രൂഷയ്ക്കായി പോയ അമ്മയുടെ അവസാന നാളുകളിലും ശവസംസ്കാര ശുശ്രൂഷയിലും പങ്കെടുക്കാൻ കഴിയാത്ത മകനായി, ഉള്ളിലെ നൊമ്പരങ്ങൾ കടിച്ചമർത്തി, അമ്മയുടെ ഓർമകളുമായി ഞാൻ പ്രവാസജീവിതത്തിൽ ഒതുങ്ങിപ്പോകുന്നു.
ഇത് എന്റെ മാത്രം കഥയല്ല. ഒരു പ്രവാസിയുടെ കഥയാണ്.
“മോനേ, നീ എന്നെ കാണാൻ എന്ന് വരും?” എന്ന ആ ചോദ്യം ഇന്നും എൻ്റെ കാതിൽ മുഴങ്ങുന്നു. ദൂരെയിരുന്ന് നേടിയെടുക്കുന്ന ഓരോ നേട്ടത്തിന്റെയും പിന്നിൽ നഷ്ടപ്പെട്ടുപോകുന്ന നിമിഷങ്ങളുണ്ടെന്ന സത്യം ആ ഓർമ എന്നെ വീണ്ടും വീണ്ടും ബോധ്യപ്പെടുത്തുന്നു.
ദിയയുടെ മനസ്സിൽ പൂർത്തിയായ വീട്
വീടുപണിയുടെ കാലത്ത് മകൾ ദിയയുടെ മനസ്സിൽ ആ വീട് ഇതിനകം പൂർത്തിയായിരുന്നു.സ്കൂൾ വിട്ടുവന്നാൽ അവൾ പലപ്പോഴും നേരെ നിർമാണസ്ഥലത്തേക്ക് ഓടിയെത്തുമായിരുന്നു. ചുമരുകൾ ഉയരുന്നതും മുറികൾ രൂപപ്പെടുന്നതും അവൾക്ക് വലിയ കൗതുകമായിരുന്നു. നിർമാണം നടന്നുകൊണ്ടിരുന്ന സമയത്ത് വീടിൻ്റെ ചുമരുകൾക്ക് വെള്ളം നനച്ചുകൊടുക്കുന്നതിലും അവൾ സന്തോഷം കണ്ടെത്തി.
അവൾ സ്വന്തം ഭാവനയിൽ വീടിൻ്റെ ഒരു രൂപരേഖ വരച്ചിരുന്നു. വീടിനുചുറ്റും ചെടികൾ വേണം. മീനുകളുള്ള അക്വേറിയം വേണം. പക്ഷികൾ വരണം. പൂച്ചയും നായയും ഉണ്ടാകണം. അങ്ങനെ പലതും ഉൾപ്പെടുത്തിയായിരുന്നു അവളുടെ ചെറിയ വീടിന്റെ രൂപരേഖ.ആ രൂപരേഖയുടെ ചിത്രമെടുത്ത് ദിയ എനിക്ക് അയച്ചുതന്നു. കടലിനക്കരെ കഴിയുന്ന അച്ഛന് മകൾ വരച്ച വീടിന്റെ ചിത്രം കാണുമ്പോൾ അത് വെറുമൊരു കടലാസിലെ വരകളായിരുന്നില്ല. മകളുടെ മനസ്സിൽ രൂപപ്പെട്ട കുടുംബജീവിതത്തിന്റെ ഒരു ചിത്രമായിരുന്നു.അവളുടെ കൂടെ നിർമാണസ്ഥലത്ത് നടക്കാനും ഓരോ മുറിയും അവൾ കാണിച്ചുതരുന്നത് നേരിൽ കാണാനും കഴിഞ്ഞിരുന്നെങ്കിൽ എന്ന് ആഗ്രഹിച്ചുപോയി. എന്നാൽ അകലെയിരുന്ന് ആ ചിത്രം നോക്കി സന്തോഷിക്കാനേ എനിക്ക് കഴിഞ്ഞുള്ളൂ.ദിയയുടെ ആ ചെറിയ സങ്കൽപ്പങ്ങളിൽ ഒരു കുട്ടിയുടെ നിഷ്കളങ്കതയും കുടുംബത്തോടൊപ്പം കഴിയണമെന്ന ആഗ്രഹവും നിറഞ്ഞുനിന്നിരുന്നു.
ദിയ മോളും അമ്മൂമ്മയും: സ്നേഹത്തിന്റെ മായാത്ത ചിത്രങ്ങൾ
ദിയയും അമ്മൂമ്മയും തമ്മിലുള്ള ബന്ധം ഓർക്കുമ്പോൾ മനസ്സിൽ ഒരുപാട് ചിത്രങ്ങൾ തെളിയുന്നു. അമ്മൂമ്മയോടൊപ്പം കുറച്ചു നല്ല ദിവസങ്ങൾ മാത്രം ചെലവഴിക്കാനേ ദിയയ്ക്ക് കഴിഞ്ഞുള്ളൂ. എങ്കിലും ആ സ്നേഹവും അടുപ്പവും അവളുടെ മനസ്സിൽ വലിയ സ്ഥാനം നേടിയിരുന്നു.അമ്മൂമ്മയുടെ അരികിലെത്തുമ്പോൾ ദിയയ്ക്ക് അവരെ പരിചരിക്കാൻ പല ചെറിയ ആഗ്രഹങ്ങളുമുണ്ടായിരുന്നു. പൗഡർ ഇടുക, പൊട്ട് തൊടുക, മുടി ചീകിക്കൊടുക്കുക തുടങ്ങിയ കാര്യങ്ങൾ അവൾ സന്തോഷത്തോടെ ചെയ്യുമായിരുന്നു. മുതിർന്നവർക്ക് നിസ്സാരമായി തോന്നാവുന്ന ഇത്തരം പ്രവൃത്തികളിൽ ഒരു കുട്ടിയുടെ സ്നേഹവും കരുതലും നിറഞ്ഞുനിന്നിരുന്നു.
പുതിയ വീട്ടിൽ അമ്മൂമ്മയ്ക്കായി പ്രത്യേകം ഒരു മുറി വേണമെന്നതും അമ്മൂമ്മയെ വീൽചെയറിൽ ഇരുത്തി വീടിനുള്ളിലും പുറത്തും കൊണ്ടുപോകണമെന്നതും ദിയയുടെ ആഗ്രഹമായിരുന്നു. അമ്മൂമ്മയോടൊപ്പം കൂടുതൽ സമയം ചെലവഴിക്കാനും അവരെ സന്തോഷിപ്പിക്കാനും അവൾ ആഗ്രഹിച്ചു.എന്നാൽ കാലം ആ കുട്ടിയുടെ ആഗ്രഹങ്ങൾക്ക് വേണ്ടത്ര സമയം നൽകിയില്ല. അമ്മൂമ്മയോടൊപ്പം ചെലവഴിച്ച ആ കുറച്ചു ദിവസങ്ങൾ ഇന്ന് വിലപ്പെട്ട ഓർമകളായി മാറിയിരിക്കുന്നു.
പ്രവാസത്തിന്റെ വില: നഷ്ടപ്പെടുന്ന നിമിഷങ്ങൾ
പ്രവാസജീവിതം പലർക്കും സാമ്പത്തികമായി മെച്ചപ്പെട്ട ജീവിതം നൽകുന്നുണ്ടാകാം. എന്നാൽ അതിന് നൽകേണ്ടിവരുന്ന വില പലപ്പോഴും പണംകൊണ്ട് അളക്കാനാവാത്തതാണ്.മക്കളുടെ വളർച്ചയിലെ പല ഘട്ടങ്ങളും നേരിട്ട് കാണാൻ കഴിയാതെ പോകുന്നു. കുടുംബത്തിലെ സന്തോഷങ്ങളിലും ദുഃഖങ്ങളിലും അരികിലുണ്ടാകാൻ കഴിയാതെ വരുന്നു. പ്രിയപ്പെട്ടവരുടെ രോഗാവസ്ഥയിലും അവസാന നിമിഷങ്ങളിലും കൂടെയുണ്ടാകാൻ കഴിയാത്ത വേദനയും ചിലരുടെ ജീവിതത്തിൽ ഉണ്ടാകുന്നു.പ്രവാസിയുടെ സമ്പാദ്യംകൊണ്ട് ഒരു വീട് പണിയാൻ കഴിഞ്ഞേക്കാം. കുടുംബത്തിന്റെ സാമ്പത്തിക ആവശ്യങ്ങൾ നിറവേറ്റാനും കഴിഞ്ഞേക്കാം. എന്നാൽ നഷ്ടപ്പെട്ട സമയവും കൂടെയുണ്ടാകേണ്ടിയിരുന്ന നിമിഷങ്ങളും തിരികെ വാങ്ങാൻ ആ സമ്പാദ്യത്തിന് കഴിയില്ല.
ഒരു മനുഷ്യന്റെ വിജയം അളക്കേണ്ടത് അയാൾ പണിത വീടിൻ്റെ വലുപ്പംകൊണ്ടോ ബാങ്കിലെ സമ്പാദ്യംകൊണ്ടോ മാത്രമല്ല. കുടുംബത്തോടൊപ്പം ചെലവഴിച്ച സമയവും ബന്ധങ്ങളിൽ പങ്കുചേർന്ന നിമിഷങ്ങളും ജീവിതത്തിലെ സന്തോഷങ്ങളും അതിൽ പ്രധാനമാണ്.സ്വന്തം കുടുംബത്തിന്റെ ഭാവിക്കുവേണ്ടി അധ്വാനിക്കുന്ന പ്രവാസി പലപ്പോഴും സ്വന്തം ജീവിതത്തിലെ സന്തോഷങ്ങൾ മാറ്റിവെക്കുകയാണ് ചെയ്യുന്നത്.
പൂർത്തിയാകാത്തത് ഒരു വീട് മാത്രമല്ല
2025 നവംബർ 16-ന് വീടിൻ്റെ പാലുകാച്ചൽ ചടങ്ങ് നടന്നു. വർഷങ്ങളായി കാത്തിരുന്ന വീടിന്റെ നിർമാണം പൂർത്തിയായതിൻ്റെ സന്തോഷം ആ ദിവസത്തിനുണ്ടായിരുന്നു. എന്നാൽ ആ സന്തോഷത്തിനൊപ്പം പറയാനാവാത്ത ചില വേദനകളും മനസ്സിലുണ്ടായിരുന്നു. അമ്മ യാത്രയായിട്ട് എട്ടുമാസത്തിലേറെ കഴിഞ്ഞിരുന്നു.ഇന്ന് ആ വീട്ടിൽ ആരും താമസിക്കുന്നില്ല. വാതിലുകൾ അടഞ്ഞുകിടക്കുന്നു. ഇടയ്ക്കൊരാൾ വന്ന് വീടിന്റെ കാര്യങ്ങൾ നോക്കിപ്പോകും. ഒരിക്കൽ കുടുംബത്തിന്റെ ചിരിയും സംസാരവും നിറയുമെന്ന് കരുതിയിരുന്ന മുറികളിൽ ഇപ്പോൾ നിശ്ശബ്ദത മാത്രമാണ്.ഒരു വീട് പണിയാൻ വർഷങ്ങൾ വേണ്ടിവന്നേക്കാം. എന്നാൽ അതിനുള്ളിൽ ഒരു കുടുംബത്തിന്റെ ജീവിതം തുടങ്ങാൻ ചിലപ്പോൾ അതിലേറെ കാത്തിരിക്കേണ്ടിവരും.പണത്തിനും അധ്വാനത്തിനും കണക്കുണ്ടാകാം. എന്നാൽ പ്രിയപ്പെട്ടവരോടൊപ്പം നഷ്ടപ്പെട്ടുപോയ നിമിഷങ്ങൾക്ക് പകരംവയ്ക്കാൻ മറ്റൊന്നിനുമാവില്ല.
ആ സ്വപ്നം ഇന്നും കാത്തിരിപ്പിലാണ്.
അതുതന്നെയാണ് പണിതീരാത്ത വീട്

