കേരളത്തിലും ഓസ്ട്രേലിയായിലും പെറ്റ് പെരുകുന്ന സാഹിത്യ പുരസ്ക്കാരങ്ങൾ

കാരൂർ സോമൻ, (ചാരുംമൂടൻ)

പൂവന്‍പഴം കണ്ടാല്‍ പുഴുക്കുത്തുണ്ടെന്ന് ആരും വിചാരിക്കാത്തതുപോലെയാണ് കേരളത്തില്‍ മുക്കിലും മൂലയിലും പെറ്റുപെരുകുന്ന പുരസ്‌കാരങ്ങള്‍.പച്ചപ്പുല്ല് കണ്ട പശുവിനെപോലെ സര്‍ഗ്ഗ സാഹിത്യത്തിന്റെ സൗന്ദര്യപ്പൊലിമ എന്തെന്നറിയാത്തവര്‍,ഉള്‍കാഴ്ചയില്ലാ ത്തവര്‍ പല പ്രമുഖരുടെ പേരില്‍ വ്യാജമായി കെട്ടിപ്പൊക്കുന്ന പുരസ്‌കാര മനഃശാസ്ത്രം പഠിക്കാതെ പേരുണ്ടാക്കാന്‍ ലഹരിയില്‍ മുങ്ങിക്കഴിയുന്നവരെപോലെ ഇതൊക്കെ പോയി വാങ്ങുന്നു. തെളിവുകള്‍ ധാരാളമുണ്ടെങ്കിലും ഒന്ന് പറഞ്ഞാല്‍ മഹാകവി പി.കുഞ്ഞുരാമന്‍ നായരുടെ പേരില്‍ ഫൗണ്ടേഷനുണ്ടാക്കി കാശ് വാങ്ങി ഒരാള്‍ ഈ കച്ചവടം പൊടിപൊടിക്കുന്നുണ്ട്.ഇങ്ങനെ പല സംഘടനകളും പല പ്രമുഖരുടെ പേരില്‍ ഈ കച്ചവടം നടത്തി ലാഭമുണ്ടാക്കുന്നു.ഈ രംഗത്തു് സാഹിത്യ സംഭാവനകള്‍ ചെയ്തിട്ടുള്ള യോഗ്യരായവര്‍ക്ക് കൊടുക്കുന്നതില്‍ ആരും എതിര്‍ക്കുമെന്ന് തോന്നുന്നില്ല.സോഷ്യല്‍ മീഡിയയുടെ വരവോടെ പരിണമിച്ചുണ്ടായ ഉജ്ജ്വലമായ സാഹിത്യവൈകൃതത്തിന് കുടപിടിക്കുന്നത് ആരൊക്കെയാണ് ?

കേരളത്തിലെ അവിശുദ്ധ സംസ്‌കാരത്തിന്റെ ഉത്പന്നങ്ങളായ ഈ കച്ചവട പുരസ്‌കാരങ്ങളെപ്പറ്റി സാഹിത്യത്തെ വിശുദ്ധമായി കാണുന്ന കെ. പി. അപ്പന്‍ എഴുതിയത് എല്ലാം ആഴ്ചകളിലും കഴുകന്മാരെ കൂടുതുറന്നുവിടുന്നതുപോലെയാണ് പലതരം സമിതികള്‍ പുരസ്‌കാരങ്ങള്‍ നല്‍കുന്നത്.ഈ കാപട്യം സാഹിത്യത്തെ മലിനപ്പെടുത്തുന്നു(കൃതി. മലയാള സാഹിത്യം സ്വാതന്ത്ര്യലബ്ധിക്ക് ശേഷം).ഇതുപോലെ മറ്റൊരു കൂട്ടരും കടന്നുവന്നിട്ടുണ്ട്. ആര്‍ ട്ടിഫിഷ്യല്‍ ഇന്റലിജിന്‍സ് എഴുത്തുകാര്‍.അവരുടെ വികാരരംഗവും സോഷ്യല്‍ മീഡിയയാണ്.ഇതിനെപറ്റി ഡോ.ആനിയമ്മ ജോസഫ് ലിമ വേള്‍ഡ് ലൈബ്രറി സാഹിത്യ ഓണ്‍ലൈനില്‍ എഴുതിയ ‘സര്‍ഗ്ഗാത്മകതയും നിര്‍മ്മിത ബുദ്ധിയും’.എന്ന ലേഖനത്തില്‍ ചോദിക്കുന്ന ഒരു ചോദ്യമുണ്ട്. ‘നിര്‍മ്മിത ബുദ്ധി ഉപയോഗിച്ചു് സാഹിത്യോപാസന നടത്തുന്നത് ശരിയാണോ?കാലാതിത കാലം മുതല്‍ തനതായ സര്‍ഗ്ഗവാസനയിലാണ് കലാസാഹിത്യ പ്രതിഭകള്‍ അവ രുടെ സൃഷ്ടികള്‍ ആവിഷ്‌കരിച്ചിട്ടുള്ളത്.ഇന്ന് കാണുന്നത് നമ്മുടെ മനസാക്ഷിക്ക് വിരുദ്ധമല്ലേ’?

സാധാരണ നമ്മള്‍ കണ്ടുവരുന്നത് സാഹിത്യ മത്സരത്തിലേക്ക് പുസ്തകങ്ങള്‍ വരുത്തി ജഡ്ജസിനെ വെച്ച് പുരസ്‌കാരങ്ങള്‍ പ്രഖ്യാപിക്കുന്നതാണ്.സര്‍ക്കാര്‍ അവാര്‍ഡുകള്‍പോലെ അതിലും സ്വാര്‍ത്ഥതാല്പര്യങ്ങള്‍ ഇല്ലെന്ന് പറയാനാവില്ല.പ്രമുഖ പ്രസാധകരുള്ളപ്പോള്‍ സ്വന്തമായി പുസ്തമിറക്കുന്നവര്‍,സാഹിത്യത്തിന് വേണ്ടുന്ന സംഭാവനകള്‍ ചെയ്യാത്തവര്‍ തോളിലേറ്റി നടത്തുന്ന ഈ മാമാങ്കം ഭാഷയ്ക്കും സാഹിത്യത്തിനും അരോചകമാണ്.ഇതു പോലുള്ള പുരസ്‌കാരങ്ങള്‍ കാണുമ്പോള്‍ ന്യായമായും യുക്തിപരമായും ഉയരുന്ന ചോദ്യം സാഹിത്യ പുരസ്‌കാരങ്ങള്‍ കൊടുക്കുന്നതിന്റെ മാനദണ്ഡങ്ങള്‍ എന്താണ്?

സാഹിത്യത്തിന്റെ മൂല്യവും പ്രാധാന്യവും കച്ചവടമാക്കുന്നത് ആരാണ്?ഇങ്ങനെ പുരസ്‌കാരം വാങ്ങുന്നവരുടെ സര്‍ഗ്ഗചൈതന്യം എന്തെന്ന് അവര്‍ക്കുപോലുമറിയില്ല.ഈ കൂട്ടര്‍ പ്രതിഭകളായി വിലസുന്നത് തലയില്ലാത്ത സോഷ്യല്‍ മീഡിയയിലാണ്.അവിടെ ധാരാളം സ്തുതിപാഠകരെ കിട്ടും.പ്രതിഭാജന്യമായ ഭാഷാ സാഹിത്യം കച്ചവട അവാര്‍ഡുകളിലൂടെ ലോകത്തെ അറിയിക്കുന്നതല്ല അതിലുപരി സാഹിത്യം ഭാവനയുടെ,അറിവിന്റെ,അനുഭവത്തിന്റെ ഒരു ലോകമാണ്.അവരെയാണ് ഇന്നും ലോകം ആദരിക്കുന്നത്.പ്രതിഭാധനരായ സാഹിത്യ പ്രതിഭകള്‍ ഭൂമിയില്‍ നിന്ന് പ്രകാശമാനമായ നക്ഷത്രങ്ങളെ തേടിപോകുന്നവരും പ്രപഞ്ചത്തിന്റെ ആഴങ്ങളിലേക്ക് സഞ്ചരിക്കുന്ന അറിവും,അനുഭവസമ്പത്തുമുള്ളവരുമാണ്.അതിനാണ് ഇന്ന് മങ്ങലൂണ്ടായിരിക്കുന്നത്.ഈ ആസ്വാദനമേളയില്‍ പങ്കെടുക്കുന്നവരുടെ ലക്ഷ്യം പണം വാങ്ങുന്ന ലോക്കല്‍ പത്രത്തില്‍, സോഷ്യല്‍ മീഡിയയില്‍ മുഖം മിനുക്കി കാണിക്കാം.

സാഹിത്യ സൃഷ്ടികള്‍ക്ക് സൗന്ദര്യം പകരുന്നതിന് പകരം കൃത്രിമ സൗന്ദര്യം കൊടു ക്കുന്നതിന്റെ അനന്തരഫലങ്ങളാണ് മത്തിപോലെ വിറ്റഴിക്കപ്പെടുന്ന ഇന്നത്തെ പുരസ്‌കാരങ്ങള്‍. സാഹിത്യം ജീവിതസ്പര്‍ശിയായിരിക്കണമെന്നുള്ളത് ലോകം അംഗീകരിച്ച ഒരു യാഥാര്‍ഥ്യമാണ്.ഈ പുരസ്‌കാരം വാങ്ങുന്ന അഭിനവ എഴുത്തുകാരുടെ ഏതെങ്കിലും എഴുത്തുകളില്‍ സമൂഹത്തിലെ വിധ്വംസകശക്തികള്‍ക്കെതിരെ എഴുതാറുണ്ടോ?ഒരു ഭാഗത്തു് കച്ചവട അവാര്‍ഡുകള്‍ വാങ്ങുന്നവര്‍ മറുഭാഗത്തു ഭരിക്കുന്ന പാര്‍ട്ടിയുടെ അപ്പക്കഷണം തിന്ന് ജീവിക്കുന്ന ബന്ദികളായവര്‍ സര്‍ക്കാര്‍ പുരസ്‌കാരങ്ങള്‍ അടിച്ചുമാറ്റുന്നു.ഇവര്‍ ഭരിക്കുന്ന പാര്‍ട്ടിയുടെ സാമൂഹികങ്ങളായ ജനവിരുദ്ധ നയങ്ങള്‍ക്കെതിരെ ശബ്ദിക്കാറില്ല. ഇവര്‍ ലോക പ്രശസ്ത സാഹിത്യകാരന്‍,ഫ്രഞ്ച് വിപ്ലവത്തിന്റെ ആചാര്യന്‍ വോള്‍ട്ടയറേയെങ്കിലും വായിച്ചു പഠിക്കേണ്ടതല്ലേ?കലയെയും കാലത്തെയും അശുദ്ധിയിലേക്ക് നയിക്കുന്ന ഇവരെയും നമ്മള്‍ സാംസ്‌കാരിക വേദികളില്‍ ഉദ്ഘാടകരായി വിളിക്കുന്നു.നമ്മുടെ സാംസ്‌കാരിക ഭൂപടം എങ്ങോട്ടാണ് സഞ്ചരിക്കുന്നത്.?

Karoor Soman
www.karoorsoman.net

Leave a Reply

Your email address will not be published. Required fields are marked *