ശരണമന്ത്രങ്ങളാൽ ഭക്തിസാന്ദ്രമായി സന്നിധാനം; ശബരിമല മണ്ഡല-മകരവിളക്ക് തീർത്ഥാടനത്തിന് തുടക്കമായി

സന്നിധാനം: അയ്യപ്പഭക്തർ കാത്തിരുന്ന ശബരിമല മണ്ഡല-മകരവിളക്ക് മഹോത്സവത്തിന് തുടക്കം കുറിച്ച് ശബരിമല നട തിങ്കളാഴ്ച വൈകിട്ട് നാല് മണിക്ക് തുറന്നു. തീർത്ഥാടകരുടെ വലിയ തിരക്കാണ് തിങ്കളാഴ്ച ഉച്ചയോടെ തന്നെ പമ്പയിലും സന്നിധാനത്തും അനുഭവപ്പെട്ടത്.

വൈകിട്ട് തന്ത്രി കണ്ഠര് ബ്രഹ്‌മദത്തന്റെ മുഖ്യകാർമ്മികത്വത്തിൽ നിലവിലെ മേൽശാന്തി ഇ.ഡി. പ്രസാദ് നമ്പൂതിരിയാണ് നട തുറന്ന് ശ്രീകോവിലിലെ ദീപങ്ങൾ തെളിയിച്ചത്. തുടർന്ന് മാളികപ്പുറം നട തുറക്കുന്നതിനായി മേൽശാന്തി മനു നമ്പൂതിരിക്ക് താക്കോൽ കൈമാറി. പതിനെട്ടാംപടിക്ക് മുന്നിലെ ആഴി തെളിയിച്ച ശേഷം പുതിയ മേൽശാന്തിമാരുടെ അവരോധിക്കൽ ചടങ്ങുകൾ നടന്നു. ചടങ്ങുകൾക്ക് ശേഷം ശബരിമല പുതിയ മേൽശാന്തിയായി അരീക്കര സുബ്രഹ്‌മണ്യൻ നമ്പൂതിരിയും മാളികപ്പുറം മേൽശാന്തിയായി ദാമോദരൻ നമ്പൂതിരിയും ചുമതലയേറ്റു.

(നിയുക്ത മേൽശാന്തിമാർ ശബരിമലയിലേക്കുള്ള യാത്രയിൽ)

വൃശ്ചിക പുലരിയായ നവംബർ 17 മുതലാണ് ഭക്തർക്ക് പതിവ് പൂജകളും നെയ്യഭിഷേകവും ദർശനവും ലഭ്യമാകുക. തിങ്കളാഴ്ച രാത്രി 10 മണിവരെ ദർശന സൗകര്യം ഒരുക്കിയിരുന്നു. തീർത്ഥാടകരുടെ സുരക്ഷയും സുഗമമായ ദർശനവും ഉറപ്പാക്കാൻ ഇത്തവണ വലിയ തോതിലുള്ള മുന്നൊരുക്കങ്ങളാണ് തിരുവിതാംകൂർ ദേവസ്വം ബോർഡും സർക്കാരും ഏർപ്പെടുത്തിയിട്ടുള്ളത്.

(നിയുക്ത ശാന്തിമാരെ ശബരിമലയില്‍ സ്വീകരിച്ച് ആനയിക്കുന്നു)

ദേവസ്വം ബോർഡ് പ്രസിഡന്റ് കെ. ജയകുമാർ, അംഗങ്ങളായ അഡ്വ. കെ. രാജു, അഡ്വ. പി.ഡി. സന്തോഷ്‌കുമാർ, ശബരിമല സ്‌പെഷ്യൽ കമ്മീഷണർ ആർ. ജയകൃഷ്ണൻ, ചീഫ് പോലീസ് കോ-ഓർഡിനേറ്റർ എ.ഡി.ജി.പി പി. വിജയൻ, എക്‌സിക്യൂട്ടീവ് ഓഫീസർ പി.എസ്. ശാന്തകുമാർ തുടങ്ങിയവർ നടതുറക്കൽ ചടങ്ങിൽ സന്നിഹിതരായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *