കാൻബറ: ഓസ്ട്രേലിയൻ പൗരത്വമില്ലാത്തവർക്ക് നാഷണൽ ഡിസെബിലിറ്റി ഇൻഷുറൻസ് സ്കീം വഴി നൽകുന്ന സഹായത്തിന് അടുത്ത പത്ത് വർഷത്തിനുള്ളിൽ 53.5 ബില്യൺ ഡോളർ ചെലവാകുമെന്ന് പുതിയ വിലയിരുത്തൽ. ആംഗസ് ടെയ്ലറുടെ നിർദ്ദേശപ്രകാരം പാർലമെന്ററി ബജറ്റ് ഓഫീസ് (PBO) നടത്തിയ വിശകലനത്തിലാണ് ഈ ഞെട്ടിക്കുന്ന കണക്കുകളുള്ളതെന്ന് റിപ്പോർട്ട് ചെയ്യുന്നു.
വാർഷിക എൻ.ഡി.ഐ.എസ് ചെലവിന്റെ ഏകദേശം 10 ശതമാനത്തോളം പൗരത്വമില്ലാത്ത ഗുണഭോക്താക്കൾക്കായാണ് വിനിയോഗിക്കുന്നത്. 2026-27 സാമ്പത്തിക വർഷത്തിൽ മാത്രം ഇതിനായി 4.6 ബില്യൺ ഡോളർ ചെലവാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. വരും വർഷങ്ങളിൽ ഈ തുക പ്രതിവർഷം ഏകദേശം 5 ശതമാനം വീതം വർദ്ധിക്കുമെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു.
നിലവിലെ നിയമങ്ങൾ പ്രകാരം സ്ഥിരതാമസക്കാർക്കും, പ്രൊട്ടക്റ്റഡ് സ്പെഷ്യൽ കാറ്റഗറി വിസയുള്ള ചില ന്യൂസിലൻഡ് പൗരന്മാർക്കുമാണ് ഈ പദ്ധതിക്ക് അർഹതയുള്ളത്. എന്നാൽ വിസയോ താമസാനുമതിയോ ഉള്ളതുകൊണ്ട് മാത്രം ഈ ആനുകൂല്യം ലഭിക്കില്ല; അപേക്ഷകർ ഓസ്ട്രേലിയയിൽ താമസിക്കുന്നവരും പദ്ധതിയുടെ മറ്റ് കർശനമായ യോഗ്യതാ മാനദണ്ഡങ്ങൾ പാലിക്കുന്നവരുമായിരിക്കണം.
നിലവിലെ ചട്ടങ്ങൾ പ്രകാരം അർഹതയുള്ളവർക്ക് നൽകുന്ന പിന്തുണയുടെ കണക്കുകളാണ് പുറത്തുവന്നിരിക്കുന്നത്. ഇതോടെ എൻ.ഡി.ഐ.എസ് പദ്ധതിയുടെ ഭീമമായ ചെലവുകളും, ആനുകൂല്യങ്ങൾ ലഭിക്കുന്നതിനുള്ള മാനദണ്ഡങ്ങളും രാജ്യത്ത് വലിയ രാഷ്ട്രീയ-സാമൂഹിക ചർച്ചകൾക്ക് വഴിവെച്ചിരിക്കുകയാണ്. എൻ.ഡി.ഐ.എസ് ആനുകൂല്യങ്ങൾ ലഭിക്കാൻ ഓസ്ട്രേലിയൻ പൗരത്വം നിർബന്ധമാക്കണോ, അതോ നിലവിലുള്ളതുപോലെ അർഹരായ പൗരത്വമില്ലാത്തവർക്കും സഹായം തുടരണമോ എന്ന ചോദ്യമാണ് ഇപ്പോൾ പ്രധാനമായും ഉയരുന്നത്.

