അച്ഛന്റെ ജീവനാഡിയായിരുന്ന തട്ടുകട വീണ്ടും തുറന്ന് ഭദ്രകീർത്തി; ഹൈദരാബാദിലെ ജോലി ഉപേക്ഷിച്ചു

കൊച്ചി: ചേരാനല്ലൂരിൽ വാഹനാപകടത്തിൽ മരിച്ച ജയബാലകൃഷ്ണൻ ഉപജീവനമാർഗമായി നടത്തിയിരുന്ന തട്ടുകട വീണ്ടും തുറന്നു. മകൾ ഭദ്രകീർത്തിയുടെ നേതൃത്വത്തിൽ ഭാര്യ ബിന്ദുവും മകനും ചേർന്നാണ് എറണാകുളം ചിറ്റൂരിലെ ‘ശ്രീകൃഷ്ണ ടീ സ്റ്റാൾ’ പുനരാരംഭിച്ചത്.

അച്ഛന്റെ മരണത്തോടെ കുടുംബത്തിന്റെ പ്രധാന വരുമാനമാർഗം നിലച്ചിരുന്നു. ഇതോടെയാണ് കട വീണ്ടും തുറന്ന് മുന്നോട്ടുപോകാൻ കുടുംബം തീരുമാനിച്ചത്. ഹൈദരാബാദിലെ ജോലി തൽക്കാലത്തേക്ക് ഉപേക്ഷിച്ചാണ് ഭദ്രകീർത്തി കടയുടെ നടത്തിപ്പ് ഏറ്റെടുത്തിരിക്കുന്നത്.

ജയബാലകൃഷ്ണൻ നടത്തിയിരുന്ന അതേ രീതിയിൽത്തന്നെ കട മുന്നോട്ടുകൊണ്ടുപോകാനാണ് കുടുംബത്തിന്റെ തീരുമാനം. ദോശ, ചമ്മന്തി, ഓംലെറ്റ്, ചായ തുടങ്ങിയവ പഴയതുപോലെ ഉപഭോക്താക്കൾക്ക് ലഭ്യമാക്കും. ജയബാലകൃഷ്ണന്റെ ചിത്രത്തിനു മുന്നിൽ തിരിതെളിച്ചാണ് കടയുടെ പ്രവർത്തനം വീണ്ടും ആരംഭിച്ചത്. ചിറ്റൂരിലെ നാട്ടുകാരും കടയിലെത്തി കുടുംബത്തിന് പിന്തുണയേകി.

ഒക്ടോബർ 25ന് പുലർച്ചെയാണ് കണ്ടെയ്‌നർ റോഡിൽ സ്കൂട്ടറിൽ യാത്ര ചെയ്യുകയായിരുന്ന ജയബാലകൃഷ്ണനെ (55) ബെൻസ് കാർ ഇടിച്ചുതെറിപ്പിച്ചത്. അഡീഷണൽ ജില്ലാ ജഡ്ജിയുടെ മകനായ 17കാരനാണ് കാർ ഓടിച്ചിരുന്നത്. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ ജയബാലകൃഷ്ണൻ മരിച്ചു. തട്ടുകട അടച്ച് വീട്ടിലേക്ക് മടങ്ങുന്നതിനിടെയായിരുന്നു അപകടം.

സംഭവത്തിൽ നീതി ലഭിക്കണമെന്നാവശ്യപ്പെട്ട് ഭദ്രകീർത്തിയും കുടുംബവും നേരത്തെ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. കേസിലെ നടപടികൾ തുടരുന്നതിനിടെയാണ് കുടുംബം ഉപജീവനമാർഗം വീണ്ടെടുക്കാനുള്ള ശ്രമം ആരംഭിച്ചിരിക്കുന്നത്. നീതിക്കായുള്ള പോരാട്ടം തുടരുമെന്ന നിലപാടിലാണ് ഭദ്രകീർത്തി.

Leave a Reply

Your email address will not be published. Required fields are marked *