ജൊഹാനസ്ബർഗ്: ദക്ഷിണാഫ്രിക്കയിൽ ഞായറാഴ്ച രാത്രിയുണ്ടായ രണ്ട് വ്യത്യസ്ത കൂട്ടവെടിവയ്പുകളിൽ 17 പേർ കൊല്ലപ്പെട്ടു. തലസ്ഥാനമായ പ്രിട്ടോറിയയ്ക്കു സമീപവും പീറ്റർമാരിറ്റ്സ്ബർഗിന് പുറത്തുള്ള പ്രദേശത്തുമാണ് ആക്രമണങ്ങൾ നടന്നത്. സംഭവങ്ങളിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.
പ്രിട്ടോറിയയ്ക്കു സമീപമുള്ള അറ്ററിഡ്ജ്വില്ലിലെ ജെഫ്സ്വിൽ അനൗദ്യോഗിക ജനവാസകേന്ദ്രത്തിലെ നാലുമുറി ഷെഡിലാണ് ഒൻപതു പേരെ വെടിയേറ്റു മരിച്ച നിലയിൽ കണ്ടെത്തിയത്. ആറു പുരുഷന്മാരും മൂന്നു സ്ത്രീകളുമാണ് കൊല്ലപ്പെട്ടത്. ഞായറാഴ്ച രാത്രി പത്തു മണിക്കും പതിനൊന്നിനും ഇടയിലാണ് ആക്രമണം നടന്നതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. തിങ്കളാഴ്ച രാവിലെ 7.30ഓടെയാണ് വിവരം പൊലീസിന് ലഭിച്ചത്.
മറ്റൊരു സംഭവത്തിൽ പീറ്റർമാരിറ്റ്സ്ബർഗിന് സമീപമുള്ള സ്വീറ്റ്വാട്ടേഴ്സിലെ മബാനെ സെക്ഷനിൽ വെടിയുണ്ടകൾ തുളച്ചുകയറിയ വെള്ള നിറത്തിലുള്ള ഏഴു സീറ്റർ വാഹനത്തിനുള്ളിൽ എട്ടു പുരുഷന്മാരുടെ മൃതദേഹങ്ങൾ കണ്ടെത്തി. ഇവരുടെ ശരീരത്തിൽ ഒന്നിലധികം വെടിയേറ്റ പാടുകളുണ്ടായിരുന്നു. മരിച്ചവരെ തിരിച്ചറിയാനുള്ള നടപടികൾ പൊലീസ് ആരംഭിച്ചിട്ടുണ്ട്.
രണ്ട് സംഭവങ്ങളുടെയും പിന്നിലെ കാരണം വ്യക്തമായിട്ടില്ല. ജെഫ്സ്വിൽ ആക്രമണവുമായി ബന്ധപ്പെട്ട് ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല. സംഭവത്തിൽ പ്രതികളെ കണ്ടെത്താൻ രഹസ്യാന്വേഷണ വിഭാഗം ഉൾപ്പെടെയുള്ള പ്രത്യേക സംഘങ്ങളെ നിയോഗിച്ചിട്ടുണ്ട്.
ജെഫ്സ്വില്ലിൽ കൊല്ലപ്പെട്ടവരിൽ ഒരാൾക്ക് 2025ൽ സമീപപ്രദേശമായ സോൾസ്വില്ലിൽ 12 പേർ കൊല്ലപ്പെടുകയും 13 പേർക്ക് പരിക്കേൽക്കുകയും ചെയ്ത വെടിവയ്പ് കേസുമായി ബന്ധമുണ്ടായിരുന്നുവെന്ന് പൊലീസ് അറിയിച്ചു. പുതിയ ആക്രമണം പഴയ സംഭവത്തിന്റെ പ്രതികാരമായിരിക്കാമെന്ന സാധ്യതയും അന്വേഷിക്കുന്നുണ്ട്. എന്നാൽ ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല.
രാജ്യത്ത് അനധികൃത തോക്കുകളുടെ വ്യാപനവും തുടർച്ചയായ കൂട്ടക്കൊലകളും ആശങ്കയുണ്ടാക്കുന്നതായി ദേശീയ പൊലീസ് മേധാവി ഫാനി മസെമോള പറഞ്ഞു. കുറ്റവാളികൾ ജനവാസകേന്ദ്രങ്ങളിൽ ഭീതി സൃഷ്ടിക്കുന്നത് അനുവദിക്കില്ലെന്നും ഉത്തരവാദികളെ കണ്ടെത്തി നിയമത്തിനു മുന്നിൽ കൊണ്ടുവരുമെന്നും അദ്ദേഹം വ്യക്തമാക്കി.

