പശ്ചിമേഷ്യ വീണ്ടും യുദ്ധഭീതിയിൽ; ഹോർമുസിൽ കപ്പലുകൾക്കു നേരെ ആക്രമണം, യുഎസിന്റെ മൂന്നാം വിമാനവാഹിനിക്കപ്പലുമെത്തി

ദുബായ്/ടെഹ്റാൻ: പശ്ചിമേഷ്യയിൽ വീണ്ടും സംഘർഷം രൂക്ഷമാകുന്നു. ഹോർമുസ് കടലിടുക്കിലും ഇറാന്റെ തന്ത്രപ്രധാന ദ്വീപുകളിലും ആക്രമണങ്ങളും സ്ഫോടനങ്ങളും റിപ്പോർട്ട് ചെയ്തതിനു പിന്നാലെ അമേരിക്കയുടെ മൂന്നാമത്തെ വിമാനവാഹിനിക്കപ്പലായ യുഎസ്എസ് തിയഡോർ റൂസ്‌വെൽറ്റും മേഖലയിൽ എത്തിയതോടെ യുദ്ധഭീതി ശക്തമായി. നയതന്ത്ര ചർച്ചകൾ തുടരുന്നുണ്ടെങ്കിലും അമേരിക്കയും ഇറാനും നിലപാടുകളിൽ വിട്ടുവീഴ്ചയ്ക്ക് തയാറായിട്ടില്ല.

ഇറാന്റെ ഔദ്യോഗിക വാർത്താ ഏജൻസിയായ ഫാർസ് റിപ്പോർട്ട് ചെയ്തതനുസരിച്ച് തന്ത്രപ്രധാനമായ ഖ്വെഷം ദ്വീപിൽ നിരവധി സ്ഫോടനങ്ങളുണ്ടായി. സ്ഫോടനങ്ങളുടെ കാരണമോ നാശനഷ്ടങ്ങളോ സംബന്ധിച്ച് ഔദ്യോഗിക വിശദീകരണം പുറത്തുവന്നിട്ടില്ല. ഖ്വെഷം ദ്വീപിനു സമീപം അമേരിക്കയുടെ എംക്യു-1 പ്രിഡേറ്റർ ഡ്രോൺ വെടിവച്ചിട്ടതായും ഇറാൻ അവകാശപ്പെട്ടു.

ബഹ്റൈനിലെ അമേരിക്കൻ സൈനികതാവളത്തിനു നേരെ ഡ്രോൺ ആക്രമണം

ബഹ്റൈനിലെ ഷെയ്ഖ് ഈസ സൈനികതാവളത്തിലുള്ള അമേരിക്കൻ റഡാർ സംവിധാനത്തെ ലക്ഷ്യമിട്ട് ഇറാന്റെ ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സ് (ഐആർജിസി) ഡ്രോൺ ആക്രമണം നടത്തിയതായി റിപ്പോർട്ട്. ആക്രമണം പ്രതിരോധിച്ചതായും ആളപായമോ നാശനഷ്ടമോ ഉണ്ടായിട്ടില്ലെന്നും ബഹ്റൈൻ അറിയിച്ചു. അമേരിക്കൻ സെൻട്രൽ കമാൻഡും റഡാർ സംവിധാനത്തിനു നേരെയുണ്ടായ ആക്രമണങ്ങൾ തടഞ്ഞതായി വ്യക്തമാക്കി.

ഹോർമുസിൽ കപ്പൽഗതാഗതം ആശങ്കയിൽ

ഹോർമുസ് കടലിടുക്കിൽ സ്ഥാപിച്ച മൈനുകളിൽ തട്ടി രണ്ട് എണ്ണക്കപ്പലുകൾക്ക് സ്ഫോടനമുണ്ടായതായി ഇറാന്റെ റെവല്യൂഷണറി ഗാർഡ്സ് അറിയിച്ചു. ഞായർ, തിങ്കൾ ദിവസങ്ങളിലുണ്ടായ സമാന സംഭവങ്ങളിൽ ആറു കപ്പലുകൾക്ക് തീപിടിച്ചതായും ഇറാൻ അവകാശപ്പെട്ടു.

ഒമാൻ തീരത്തിനു സമീപം അജ്ഞാത പ്രൊജക്ടൈൽ പതിച്ചതിനെ തുടർന്ന് പനാമ പതാകയേന്തിയ ‘ഓൺ ഫീനിക്സ്’ എന്ന എണ്ണക്കപ്പലിന്റെ എൻജിൻ മുറിയിൽ തീപിടിച്ചു. കപ്പലിലെ ജീവനക്കാരെല്ലാം സുരക്ഷിതരാണെന്നാണ് വിവരം. ഹോർമുസ് കടലിടുക്കിലൂടെയുള്ള യാത്രയിൽ അമേരിക്ക നിർദേശിക്കുന്ന പാതകൾ ഒഴിവാക്കണമെന്ന് ഇറാൻ സൈന്യം കപ്പലുകൾക്ക് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

ആണവകേന്ദ്രങ്ങളിൽ പരിശോധന അനുവദിക്കില്ലെന്ന് ഇറാൻ

യുദ്ധത്തിൽ തകർന്ന നതാൻസ്, ഫോർദോ, ഇസ്ഫഹാൻ ആണവകേന്ദ്രങ്ങളിൽ അന്താരാഷ്ട്ര ആണവോർജ ഏജൻസി (ഐഎഇഎ) ഉദ്യോഗസ്ഥരെ പരിശോധനയ്ക്ക് അനുവദിക്കില്ലെന്ന് ഇറാൻ വ്യക്തമാക്കി. യുദ്ധം പൂർണമായി അവസാനിക്കുകയും തങ്ങളുടെ ഉപാധികൾ അംഗീകരിക്കുകയും ചെയ്താൽ മാത്രമേ പരിശോധന അനുവദിക്കൂ എന്നാണ് ഇറാന്റെ നിലപാട്.

ആണവകേന്ദ്രങ്ങളിൽ പരിശോധന നടത്താൻ കഴിയാത്തതിനാൽ ആണവവസ്തുക്കൾ മാറ്റിയിട്ടുണ്ടോയെന്ന് സ്ഥിരീകരിക്കാനാകുന്നില്ലെന്ന് ഐഎഇഎ നേരത്തേ ആശങ്ക അറിയിച്ചിരുന്നു.

അമേരിക്കയുടെ മുന്നറിയിപ്പ്; ഇസ്രയേൽ സൈനികനടപടിക്ക് അനുകൂലം

ഹോർമുസ് കടലിടുക്കിലെ ഉപരോധം നീക്കുന്നതിനും സംഘർഷം അവസാനിപ്പിക്കുന്നതിനുമായി മരവിപ്പിച്ച ആസ്തികൾ വിട്ടുനൽകണമെന്നും ഉപരോധങ്ങൾ പിൻവലിക്കണമെന്നും ഇറാൻ ആവശ്യപ്പെടുന്നു. ഇറാന്റെയും യെമനിലെ ഹൂതി വിമതരുടെയും ഭാഗത്തുനിന്ന് പുതിയ പ്രകോപനങ്ങളുണ്ടായില്ലെങ്കിൽ ആക്രമണം തത്കാലം നിർത്തിവയ്ക്കാൻ തയാറാണെന്ന സൂചനയാണ് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് നൽകുന്നതെന്ന് റിപ്പോർട്ട്.

എന്നാൽ ഇറാനെതിരായ സൈനികനടപടി തുടരണമെന്ന നിലപാടിലാണ് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു.

Leave a Reply

Your email address will not be published. Required fields are marked *