അഹമ്മദാബാദ്: 2002-ലെ ഗുജറാത്ത് കലാപത്തിനിടെ കൂട്ടബലാത്സംഗത്തിനും കുടുംബാംഗങ്ങളുടെ കൊലപാതകത്തിനും ഇരയായ ബിൽക്കിസ് ബാനുവും കുടുംബവും സുരക്ഷാഭീതി കാരണം ഗുജറാത്ത് വിട്ടു. കേസിൽ ശിക്ഷിക്കപ്പെട്ട രണ്ടുപേർക്ക് സുപ്രീംകോടതി ജാമ്യം അനുവദിച്ചതിനു പിന്നാലെയാണ് കുടുംബം സംസ്ഥാനം വിട്ടതെന്ന് ബിൽക്കിസ് ബാനുവിന്റെ ബന്ധു റസാഖ് മൻസൂരി അറിയിച്ചു.
നവംബർ രണ്ടിനും മൂന്നിനുമിടയിലാണ് ബിൽക്കിസും കുടുംബവും ഗുജറാത്ത് വിട്ടതെന്നാണ് ബന്ധു മാധ്യമങ്ങളോട് പറഞ്ഞത്. പ്രതികൾക്ക് ജാമ്യം അനുവദിച്ച ഒക്ടോബർ 28-ലെ സുപ്രീംകോടതി ഉത്തരവ് കുടുംബത്തെ ഞെട്ടിച്ചെന്നും ഭയപ്പെടുത്തിയെന്നും അദ്ദേഹം പറഞ്ഞു. നേരത്തേ സുരക്ഷാഭീതി കാരണം ഗുജറാത്തിനുള്ളിൽ തന്നെ താമസസ്ഥലങ്ങൾ ഇടയ്ക്കിടെ മാറ്റിയിരുന്ന കുടുംബം ഇത്തവണ സംസ്ഥാനം വിടാൻ തീരുമാനിക്കുകയായിരുന്നു.
ബിൽക്കിസ് ബാനുവിനെ കൂട്ടബലാത്സംഗം ചെയ്യുകയും കുടുംബത്തിലെ ഏഴുപേരെ കൊലപ്പെടുത്തുകയും ചെയ്ത കേസിൽ 2008-ൽ മുംബൈയിലെ പ്രത്യേക സിബിഐ കോടതിയാണ് 11 പ്രതികൾക്ക് ജീവപര്യന്തം തടവുശിക്ഷ വിധിച്ചത്. ഇതിൽ ബിപിൻചന്ദ്ര ജോഷി, പ്രദീപ് മോർധ്യ എന്നിവർക്കാണ് ഒക്ടോബർ 28-ന് സുപ്രീംകോടതി ജാമ്യം അനുവദിച്ചത്. 17 വർഷത്തിലധികമായി തടവിൽ കഴിയുന്ന കാര്യം പരിഗണിച്ചാണ് ജസ്റ്റിസുമാരായ എം.എം. സുന്ദരേഷ്, പ്രസന്ന ബി. വരാലെ എന്നിവരടങ്ങിയ ബെഞ്ചിന്റെ നടപടി.
2022-ൽ ഗുജറാത്ത് സർക്കാർ 11 പ്രതികൾക്കും അനുവദിച്ച ശിക്ഷായിളവ് 2024 ജനുവരിയിൽ സുപ്രീംകോടതി റദ്ദാക്കിയിരുന്നു. ഇതോടെയാണ് പ്രതികൾ വീണ്ടും ജയിലിലായത്. നിലവിൽ ജോഷി ഗോധ്ര സബ് ജയിലിലും മോർധ്യ ദാഹോദ് സബ് ജയിലിലുമാണെന്നാണ് റിപ്പോർട്ട്. പ്രതികൾ പരോളിലിറങ്ങുമ്പോൾ സ്വദേശമായ ഗ്രാമത്തിലെത്താറുണ്ടെന്നും ചിലർക്ക് ഒരുമാസം വരെ പരോൾ ലഭിച്ചിട്ടുണ്ടെന്നും ബിൽക്കിസിന്റെ ബന്ധു ആരോപിച്ചു.
സുപ്രീംകോടതിയുടെ പുതിയ ഉത്തരവിൽ ഞെട്ടലും അവിശ്വാസവും രേഖപ്പെടുത്തി ബിൽക്കിസ് ബാനു പ്രസ്താവന പുറത്തിറക്കി. തന്റെ ഭാഗം കേൾക്കാതെയും ഉത്തരവിനെക്കുറിച്ച് അറിയിക്കാതെയുമാണ് കോടതി നടപടി സ്വീകരിച്ചതെന്ന് അവർ പറഞ്ഞു. മാധ്യമവാർത്തകളിലൂടെയാണ് ഉത്തരവിനെക്കുറിച്ച് അറിഞ്ഞതെന്നും വ്യക്തമാക്കി.
2002-ലെ ഗുജറാത്ത് കലാപസമയത്ത് 19 വയസുകാരിയായിരുന്ന ബിൽക്കിസ് ബാനു കൂട്ടബലാത്സംഗത്തിനിരയാകുമ്പോൾ അഞ്ചുമാസം ഗർഭിണിയായിരുന്നു. മൂന്നുവയസുകാരിയായ മകൾ ഉൾപ്പെടെ കുടുംബത്തിലെ ഏഴുപേരും അന്ന് കൊല്ലപ്പെട്ടു. കഴിഞ്ഞ 24 വർഷമായി നീതിക്കുവേണ്ടി നിയമപോരാട്ടം നടത്തുകയാണെന്നും പുതിയ ഉത്തരവ് തനിക്കും കുടുംബത്തിനും വീണ്ടും ഭയം സൃഷ്ടിച്ചെന്നും അവർ പ്രസ്താവനയിൽ പറഞ്ഞു.

