ബെംഗളൂരു: നിശ്ചിത പരിധിയിൽ കൂടുതൽ എഥനോൾ കലർത്തിയ പെട്രോൾ ഉപയോഗിച്ചതുമൂലം വാഹനങ്ങൾക്ക് കേടുപാടുകൾ സംഭവിച്ചാൽ ഉടമകൾക്ക് നഷ്ടപരിഹാരം നൽകാൻ പ്രത്യേക ഫണ്ട് രൂപീകരിക്കണമെന്ന് കർണാടക സർക്കാർ കേന്ദ്രത്തോട് ആവശ്യപ്പെട്ടു. പെട്രോളിലെ എഥനോൾ അളവ് പമ്പുകളിൽ പ്രദർശിപ്പിക്കുക, കുറഞ്ഞ അളവിൽ എഥനോൾ കലർന്ന പെട്രോൾ ലഭ്യമാക്കുക തുടങ്ങിയ ആവശ്യങ്ങളും ഭക്ഷ്യ-പൊതുവിതരണ മന്ത്രി റിസ്വാൻ അർഷാദ് കേന്ദ്ര പെട്രോളിയം മന്ത്രി ഹർദീപ് സിങ് പുരിക്ക് അയച്ച കത്തിൽ ഉന്നയിച്ചു.
രാജ്യം നടപ്പാക്കുന്ന എഥനോൾ ബ്ലെൻഡിങ് പദ്ധതിയെ കർണാടക എതിർക്കുന്നില്ലെന്നും എന്നാൽ നിശ്ചിത പരിധിയേക്കാൾ കൂടുതൽ എഥനോൾ കലർത്തുന്നതിനെയാണ് എതിർക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി. വാഹനങ്ങളും ഇന്ധനവിതരണ സംവിധാനങ്ങളും ഉയർന്ന എഥനോൾ സാന്ദ്രതയുള്ള ഇന്ധനത്തിന് അനുയോജ്യമാകുന്ന തരത്തിൽ സജ്ജമാക്കാതെ പദ്ധതി നടപ്പാക്കുന്നത് ഉപഭോക്താക്കൾക്ക് ബുദ്ധിമുട്ടുണ്ടാക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
കഴിഞ്ഞ ഏതാനും മാസങ്ങളായി സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്ന് വാഹനയുടമകൾ നിരവധി പരാതികൾ നൽകിയിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു. വാഹനങ്ങളുടെ മൈലേജ് കുറയുക, എൻജിൻ സുഗമമായി പ്രവർത്തിക്കാതിരിക്കുക, പഴയ വാഹനങ്ങൾക്ക് കേടുപാടുകൾ സംഭവിക്കുക, പണം നൽകിയ അളവിനേക്കാൾ കുറഞ്ഞ ഇന്ധനം ലഭിക്കുക തുടങ്ങിയ പരാതികളാണ് ഉയർന്നത്.
എഥനോൾ കലർത്തിയ പെട്രോളിന്റെ അളവ് എല്ലാ പെട്രോൾ പമ്പുകളിലും നിർബന്ധമായും പ്രദർശിപ്പിക്കണം. ഇന്ധനം വാങ്ങുമ്പോൾ നൽകുന്ന ബില്ലിലും എഥനോൾ ശതമാനം രേഖപ്പെടുത്തണം. കുറഞ്ഞ എഥനോൾ അളവിലുള്ള E10 പെട്രോളും എഥനോൾ കലരാത്ത പെട്രോളും E20 പെട്രോളിനൊപ്പം ലഭ്യമാക്കണം. ഇന്ധനത്തിന്റെ ഗുണനിലവാരം പരിശോധിക്കാൻ നാഷണൽ അക്രഡിറ്റേഷൻ ബോർഡ് ഫോർ ടെസ്റ്റിങ് ആൻഡ് കാലിബ്രേഷൻ ലബോറട്ടറീസ് (NABL) അംഗീകാരമുള്ള സ്വതന്ത്ര ലാബുകളുടെ പരിശോധന ഉറപ്പാക്കണമെന്നും കത്തിൽ ആവശ്യപ്പെട്ടു.
നിശ്ചിത പരിധിയായ 20 ശതമാനത്തിൽ കൂടുതൽ എഥനോൾ കലർന്ന ഇന്ധനം ഉപയോഗിച്ച് വാഹനങ്ങൾക്ക് കേടുപാടുകൾ സംഭവിച്ചാൽ നഷ്ടപരിഹാരം ലഭിക്കുന്നതിനായി പ്രത്യേക E20 നഷ്ടപരിഹാര ഫണ്ട് രൂപീകരിക്കണമെന്നാണ് മറ്റൊരു ആവശ്യം. അംഗീകൃത സർവീസ് സെന്ററുകൾ വഴി വാഹനങ്ങളുടെ കേടുപാടുകൾ പരിശോധിച്ച് സമയബന്ധിതമായി നഷ്ടപരിഹാരം നൽകാനുള്ള സംവിധാനം വേണമെന്നും മന്ത്രി നിർദേശിച്ചു.
നവംബർ ആറിന് കർണാടക സർക്കാർ പുറത്തുവിട്ട പരിശോധനാഫലങ്ങളാണ് വിവാദത്തിന് ആധാരം. സംസ്ഥാനത്തെ ഏഴ് ജില്ലകളിൽനിന്ന് ശേഖരിച്ച ഇന്ധന സാമ്പിളുകളിൽ ചിലതിൽ 20 ശതമാനത്തിലധികം എഥനോൾ കണ്ടെത്തിയെന്നാണ് സർക്കാരിന്റെ അവകാശവാദം. ഇന്ത്യൻ ഓയിൽ കോർപറേഷന്റെ ഒരു സാമ്പിളിൽ 31.2 ശതമാനവും ഹിന്ദുസ്ഥാൻ പെട്രോളിയത്തിന്റെ സാമ്പിളിൽ 30.5 ശതമാനവും എഥനോൾ കണ്ടെത്തിയതായി മന്ത്രി അറിയിച്ചിരുന്നു.
എന്നാൽ കർണാടകയുടെ കണ്ടെത്തലുകളെ പൊതുമേഖലാ എണ്ണക്കമ്പനികളായ ഇന്ത്യൻ ഓയിൽ കോർപറേഷൻ, ഭാരത് പെട്രോളിയം, ഹിന്ദുസ്ഥാൻ പെട്രോളിയം എന്നിവ നിഷേധിച്ചു. പരിശോധനയ്ക്കായി സ്വീകരിച്ച സാമ്പിൾ ശേഖരണരീതിയും സാങ്കേതിക നടപടിക്രമങ്ങളും ചട്ടപ്രകാരമല്ലെന്നാണ് കമ്പനികളുടെ വാദം. കർണാടകയിൽ പരിശോധിച്ച 56 സാമ്പിളുകളിലും എഥനോൾ അളവ് 19 മുതൽ 20 ശതമാനം വരെയാണെന്നും പെട്രോളിയം മന്ത്രാലയം വ്യക്തമാക്കിയിരുന്നു.
എഥനോൾ കലർത്തിയ പെട്രോൾ ഉപയോഗിക്കുന്നതിലൂടെ വിദേശനാണ്യ ലാഭം, ക്രൂഡ് ഓയിൽ ഇറക്കുമതി കുറയ്ക്കൽ, കർഷകർക്ക് വരുമാനം വർധിപ്പിക്കൽ തുടങ്ങിയ നേട്ടങ്ങളുണ്ടെന്നാണ് കേന്ദ്രസർക്കാരിന്റെ നിലപാട്. അതേസമയം, ഇന്ധനത്തിന്റെ ഗുണനിലവാരത്തിലും വാഹനങ്ങളുടെ അനുയോജ്യതയിലും വ്യക്തത ഉറപ്പാക്കണമെന്നാണ് കർണാടകയുടെ ആവശ്യം.
ഇതോടെ രാജ്യത്തെ എഥനോൾ കലർത്തൽ നയത്തെച്ചൊല്ലി കേന്ദ്രവും കർണാടക സർക്കാരും തമ്മിലുള്ള തർക്കം കൂടുതൽ ശക്തമായിരിക്കുകയാണ്.

