ഗാസ: വെടിനിർത്തൽ കരാർ നിലനിൽക്കെ മധ്യ ഗാസയിൽ കരയാക്രമണം ശക്തമാക്കി ഇസ്രയേൽ സൈന്യം. നുസൈറാത്ത് അഭയാർഥി ക്യാംപിന് സമീപം ടാങ്കുകളും ബുൾഡോസറുകളും വിന്യസിച്ചാണ് സൈനിക നീക്കം. ആക്രമണഭീഷണിയെത്തുടർന്ന് നിരവധി പലസ്തീൻ കുടുംബങ്ങൾ വീടുകളും താൽക്കാലിക അഭയകേന്ദ്രങ്ങളും ഉപേക്ഷിച്ച് പലായനം ചെയ്തു.
2025 ഒക്ടോബർ 10ന് വെടിനിർത്തൽ പ്രാബല്യത്തിൽ വന്നതിനുശേഷം ഇസ്രയേൽ സൈന്യം പരസ്യമായി പ്രഖ്യാപിക്കുന്ന ആദ്യത്തെ പ്രധാന കരസൈനിക നടപടിയാണിത്. നവംബർ 18നാണ് നടപടി ആരംഭിച്ചത്. നുസൈറാത്ത്, ബുറൈജ് അഭയാർഥി ക്യാംപുകൾക്ക് സമീപമുള്ള പ്രദേശങ്ങളിലാണ് സൈനിക നീക്കം.
വെടിനിർത്തൽ കരാറിന്റെ ഭാഗമായി ഇസ്രയേൽ സൈന്യം പിന്മാറിയിരുന്ന ‘യെല്ലോ ലൈൻ’ മറികടന്ന് സൈന്യം മുന്നേറിയതായാണ് റിപ്പോർട്ട്. സലാഹുദ്ദീൻ റോഡിന് സമീപം ടാങ്കുകളും സൈനിക ബുൾഡോസറുകളും എത്തിയതോടെ പ്രദേശത്ത് ശക്തമായ വെടിവയ്പും പീരങ്കിയാക്രമണവും ഉണ്ടായി. ഗാസയിലെ പ്രധാന വടക്ക്-തെക്ക് പാതയായ സലാഹുദ്ദീൻ റോഡിന്റെ ഈ ഭാഗത്തെ ഗതാഗതം സൈന്യം തടഞ്ഞു.
പ്രദേശത്തെ ജനങ്ങളോട് ഒഴിഞ്ഞുപോകാൻ ഇസ്രയേൽ സൈന്യത്തിന്റെ സിവിലിയൻ കാര്യങ്ങൾ കൈകാര്യം ചെയ്യുന്ന വിഭാഗമായ കോഗാറ്റ് (COGAT) നിർദേശിച്ചിരുന്നു. സൈനിക നടപടി അവസാനിക്കുന്നതായി ഔദ്യോഗിക അറിയിപ്പ് ലഭിക്കുന്നതുവരെ പ്രദേശത്തേക്ക് മടങ്ങരുതെന്നും മുന്നറിയിപ്പ് നൽകി.
ഹമാസ് അടിസ്ഥാനസൗകര്യങ്ങൾ തകർക്കുന്നതിനും ഇസ്രയേൽ സൈനികർക്ക് ഭീഷണിയായ തുരങ്കം നശിപ്പിക്കുന്നതിനുമാണ് നടപടിയെന്ന് ഇസ്രയേൽ സൈന്യം വിശദീകരിച്ചു. വെടിനിർത്തൽ കരാർ ലംഘിച്ച് ഹമാസ് സൈനിക പ്രവർത്തനങ്ങൾ തുടരുകയാണെന്നും ഇസ്രയേൽ ആരോപിച്ചു.
അതേസമയം, സൈനിക നടപടിക്കിടെ അൽ മുഗ്രാഖ മേഖലയിൽ ഇസ്രയേൽ നടത്തിയ ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി അൽ ഔദ ആശുപത്രി അധികൃതർ അറിയിച്ചു. ദേർ അൽ ബലാഹ്, നുസൈറാത്ത്, ഗാസ സിറ്റി എന്നിവിടങ്ങളിലുണ്ടായ മറ്റു ആക്രമണങ്ങളിലും പലസ്തീനികൾ കൊല്ലപ്പെട്ടു. ബുധനാഴ്ച നടന്ന മൂന്ന് ഡ്രോൺ ആക്രമണങ്ങളിലായി മൂന്ന് പേർ കൊല്ലപ്പെട്ടതായി ഗാസ സിവിൽ ഡിഫൻസ് വിഭാഗവും അറിയിച്ചു. ഇവയെല്ലാം കരസൈനിക നടപടിയുമായി നേരിട്ട് ബന്ധപ്പെട്ടതാണെന്ന് സ്ഥിരീകരിച്ചിട്ടില്ല.
സൈനിക നടപടി വെടിനിർത്തൽ കരാറിന്റെ നഗ്നമായ ലംഘനമാണെന്ന് ഹമാസ് പ്രതികരിച്ചു. ജനങ്ങളെ നിർബന്ധിതമായി കുടിയൊഴിപ്പിക്കാനുള്ള നീക്കമാണിതെന്നും കരാറിന് മധ്യസ്ഥത വഹിച്ച രാജ്യങ്ങൾ ഇടപെടണമെന്നും ഹമാസ് ആവശ്യപ്പെട്ടു.
2025ലെ വെടിനിർത്തൽ കരാർ പ്രകാരം ഗാസയിൽനിന്നുള്ള ഇസ്രയേൽ സൈനിക പിന്മാറ്റം, പുനർനിർമാണം, ഹമാസിന്റെ ആയുധനിരായുധീകരണം തുടങ്ങിയ വിഷയങ്ങളിൽ ഇതുവരെ പുരോഗതിയുണ്ടായിട്ടില്ല. പരസ്പരം വെടിനിർത്തൽ കരാർ ലംഘിക്കുന്നുവെന്ന ആരോപണങ്ങളും ഇരു വിഭാഗങ്ങളും ഉന്നയിക്കുന്നുണ്ട്. പുതിയ സൈനിക നടപടി കരാറിന്റെ ഭാവിയെക്കുറിച്ചുള്ള ആശങ്ക വർധിപ്പിച്ചിട്ടുണ്ട്.
യുദ്ധം ആരംഭിച്ചതിനുശേഷം ഗാസയിലെ 21 ലക്ഷം ജനങ്ങളിൽ ഭൂരിഭാഗവും ഒന്നിലധികം തവണ കുടിയൊഴിപ്പിക്കപ്പെട്ടിട്ടുണ്ട്. പുതിയ സൈനിക നീക്കത്തോടെ വീണ്ടും അഭയകേന്ദ്രങ്ങൾ തേടേണ്ടിവരുന്ന സാഹചര്യത്തിലാണ് ആയിരക്കണക്കിന് കുടുംബങ്ങൾ.
അ

