ന്യൂഡൽഹി: ഡൽഹിയിലെ ഷഹ്ദാര ജില്ലയിലെ ജ്വാല നഗറിൽ രണ്ടുനില കെട്ടിടം തകർന്നുവീണ് മൂന്നുവയസുകാരൻ ഉൾപ്പെടെ രണ്ടുപേർ മരിച്ചു. നാലുപേർക്ക് പരിക്കേറ്റു. ചൊവ്വാഴ്ച (നവംബർ 17) രാവിലെ 10.15ഓടെയായിരുന്നു അപകടം. വിവേക് വിഹാർ മേഖലയിലെ ഗലി നമ്പർ ആറിലാണ് സംഭവം.
ലഡ്ഡു എന്ന ദേവാൻഷ് (3), പിന്റു (35) എന്നിവരാണ് മരിച്ചത്. കെട്ടിടത്തിന്റെ താഴത്തെ നിലയിലും ഒന്നാം നിലയിലുമായി താമസിച്ചിരുന്നവരാണ് അപകടത്തിൽപ്പെട്ടത്. പരിക്കേറ്റ ഖുഷ്ബു (27), വികേഷ് (35), ആകാശ് (25), ദലീപ് (22) എന്നിവരെ രക്ഷപ്പെടുത്തി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കെട്ടിടത്തിൽ വാടകയ്ക്ക് താമസിച്ചിരുന്നവരാണ് ഇവരെല്ലാം.
വിവരമറിഞ്ഞ് ഡൽഹി പൊലീസ്, അഗ്നിരക്ഷാസേന, ദേശീയ ദുരന്തനിവാരണ സേന (എൻഡിആർഎഫ്) ഉൾപ്പെടെയുള്ള വിഭാഗങ്ങൾ സ്ഥലത്തെത്തി രക്ഷാപ്രവർത്തനം നടത്തി. കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ കൂടുതൽ പേർ കുടുങ്ങിക്കിടക്കുന്നില്ലെന്ന് അധികൃതർ അറിയിച്ചു.
ഏകദേശം 40–50 വർഷം പഴക്കമുള്ള കെട്ടിടമാണ് തകർന്നുവീണതെന്നാണ് ഡൽഹി മുനിസിപ്പൽ കോർപ്പറേഷന്റെ പ്രാഥമിക റിപ്പോർട്ടിലുള്ളത്. സമീപത്തെ റെയിൽവേ പാതയിൽനിന്ന് ഏകദേശം 24 മീറ്റർ അകലെയായിരുന്നു കെട്ടിടം. ട്രെയിനുകൾ കടന്നുപോകുമ്പോഴുണ്ടാകുന്ന പ്രകമ്പനം കെട്ടിടത്തിന്റെ ബലക്ഷയത്തിന് കാരണമായിരിക്കാമെന്ന സാധ്യതയും റിപ്പോർട്ടിൽ പരാമർശിച്ചിട്ടുണ്ട്. എന്നാൽ അപകടത്തിന്റെ കൃത്യമായ കാരണം ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.
കെട്ടിടത്തിന്റെ ഉടമ സുരേന്ദർ സിങ്ങിനെ പൊലീസ് അറസ്റ്റ് ചെയ്തതായി റിപ്പോർട്ടുകളുണ്ട്. സംഭവത്തിൽ അന്വേഷണം തുടരുകയാണ്.

