തിരുവനന്തപുരം:കേരളത്തിന്റെ പതിനഞ്ചാം പഞ്ചവത്സര പദ്ധതിയുടെ (2027–2032) കരട് സമീപന രേഖ സംസ്ഥാന ആസൂത്രണ ബോർഡ് പ്രസിദ്ധീകരിച്ചു. 2031–32 സാമ്പത്തിക വർഷത്തോടെ സംസ്ഥാനത്തിന്റെ മൊത്തം ആഭ്യന്തര ഉത്പാദനം (ജിഎസ്ഡിപി) നിലവിലെ ഏകദേശം 16 ലക്ഷം കോടി രൂപയിൽനിന്ന് 28 ലക്ഷം കോടി രൂപയായി ഉയർത്തുകയാണ് പ്രധാന ലക്ഷ്യം. വാർഷിക സാമ്പത്തിക വളർച്ചാനിരക്ക് അഞ്ചു ശതമാനത്തിൽനിന്ന് ഏഴു ശതമാനമായി വർധിപ്പിക്കാനും ലക്ഷ്യമിടുന്നു.
‘പുതുയുഗ കേരളം’ എന്ന ആശയത്തിലൂന്നിയുള്ള സമീപന രേഖയിൽ വികസന പ്രവർത്തനങ്ങൾ കൂടുതൽ കാര്യക്ഷമമാക്കുന്നതിനും തൊഴിലവസരങ്ങൾ വർധിപ്പിക്കുന്നതിനും സ്വകാര്യ നിക്ഷേപവും പ്രവാസി മലയാളികളുടെ പങ്കാളിത്തവും പ്രയോജനപ്പെടുത്തുന്നതിനുമുള്ള നിർദേശങ്ങളുണ്ട്. പരമ്പരാഗത പദ്ധതിയധിഷ്ഠിത രീതിയിൽനിന്ന് മാറി വ്യക്തമായ ലക്ഷ്യങ്ങളും സമയപരിധിയും ഫലങ്ങളും നിശ്ചയിച്ചുള്ള പ്രോജക്ട് അധിഷ്ഠിത വികസനരീതിയാണ് പതിനഞ്ചാം പദ്ധതിയിൽ മുന്നോട്ടുവയ്ക്കുന്നത്.
നവംബർ അഞ്ചിന് ചേർന്ന സംസ്ഥാന ആസൂത്രണ ബോർഡിന്റെ യോഗം സമീപന രേഖയ്ക്ക് അംഗീകാരം നൽകിയിരുന്നു. തുടർനടപടികളുടെ ഭാഗമായി തദ്ദേശസ്ഥാപനങ്ങളുടെയും വിദഗ്ധരുടെയും അഭിപ്രായങ്ങൾ തേടുന്നതിനായി ജില്ലാതല കൂടിയാലോചനകളും ആരംഭിച്ചിട്ടുണ്ട്. നവംബർ 18നാണ് കരട് രേഖ പൊതുജനങ്ങളുടെ അഭിപ്രായങ്ങൾക്കായി ബോർഡിന്റെ വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചത്.
വികസനത്തിന് പുതിയ സാമ്പത്തിക മാതൃക
പതിനഞ്ചാം പദ്ധതിയുടെ പ്രധാന ആശയങ്ങളിലൊന്നാണ് ‘പാർട്ണർഷിപ്പ് ഇക്കോണമി’ (പങ്കാളിത്ത സമ്പദ്വ്യവസ്ഥ). സർക്കാരിനൊപ്പം സ്വകാര്യ സംരംഭങ്ങൾ, സഹകരണ സ്ഥാപനങ്ങൾ, പ്രവാസി മലയാളികൾ, സാമൂഹിക സംരംഭങ്ങൾ, സിവിൽ സൊസൈറ്റി സംഘടനകൾ, സർവകലാശാലകൾ തുടങ്ങിയവയെ വികസന പ്രവർത്തനങ്ങളിൽ പങ്കാളികളാക്കുകയാണ് ലക്ഷ്യം. സംസ്ഥാനത്തിന്റെ പരിമിതമായ സാമ്പത്തിക വിഭവങ്ങൾക്കു പുറമെ സ്വകാര്യ നിക്ഷേപവും ലഭ്യമാക്കുന്നതിലൂടെ വികസന പ്രവർത്തനങ്ങൾ വേഗത്തിലാക്കാനാണ് ശ്രമം.
10 കോടി രൂപയ്ക്കു മുകളിൽ ചെലവുവരുന്ന പങ്കാളിത്ത പദ്ധതികൾ തയ്യാറാക്കുന്നതിനും ഏകോപിപ്പിക്കുന്നതിനും പ്രത്യേക പാർട്ണർഷിപ്പ് സെൽ രൂപീകരിക്കാനും 100 കോടി രൂപയുടെ റിവോൾവിങ് ഫണ്ട് ഏർപ്പെടുത്താനും ആസൂത്രണ ബോർഡ് തീരുമാനിച്ചിട്ടുണ്ട്. പദ്ധതികളുടെ രൂപീകരണത്തിനും സാധ്യതാപഠനങ്ങൾക്കും ഈ ഫണ്ട് ഉപയോഗിക്കും.
തൊഴിലില്ലായ്മ കുറയ്ക്കാൻ പ്രത്യേക മിഷൻ
വിദ്യാഭ്യാസമുള്ള യുവാക്കൾക്കും സ്ത്രീകൾക്കും കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിന് പ്രത്യേക പരിഗണന നൽകുന്നുണ്ട്. യുവാക്കൾക്കിടയിലെ തൊഴിലില്ലായ്മ പകുതിയായി കുറയ്ക്കുകയാണ് ലക്ഷ്യം. കേരള എംപ്ലോയ്മെന്റ് ആൻഡ് ഇക്കണോമിക് ഓപ്പർച്യൂണിറ്റീസ് മിഷൻ രൂപീകരിക്കാനും നിർദേശമുണ്ട്.
വിഴിഞ്ഞം തുറമുഖം, മിഷൻ സമുദ്ര, വ്യോമയാന മേഖല, നിർമാണ വ്യവസായം, മെഡിക്കൽ ഉപകരണ നിർമാണം, സ്വർണാഭരണ മേഖല, ഫർണിച്ചർ വ്യവസായം, സ്റ്റാർട്ടപ്പുകൾ, വിനോദസഞ്ചാരം, കാർഷിക മേഖല, മത്സ്യബന്ധനം, ബ്ലൂ ഇക്കോണമി തുടങ്ങിയവയെ വളർച്ചയുടെ പ്രധാന മേഖലകളായി സമീപന രേഖ അടയാളപ്പെടുത്തുന്നു.
പരിസ്ഥിതിക്കും സാമൂഹിക സുരക്ഷയ്ക്കും പ്രാധാന്യം
വികസന പ്രവർത്തനങ്ങൾ പരിസ്ഥിതിക്ക് ദോഷകരമാകരുതെന്ന നിലപാടും രേഖ മുന്നോട്ടുവയ്ക്കുന്നു. നദികൾ, തീരപ്രദേശങ്ങൾ, വനങ്ങൾ, മലഞ്ചെരിവുകൾ, തണ്ണീർത്തടങ്ങൾ എന്നിവയുടെ സംരക്ഷണം വികസന പദ്ധതികളുടെ ഭാഗമാക്കും. കാലാവസ്ഥാ വ്യതിയാനവും പ്രകൃതിദുരന്ത സാധ്യതകളും മുൻകൂട്ടി വിലയിരുത്തി പദ്ധതികൾ ആസൂത്രണം ചെയ്യാനും നിർദേശമുണ്ട്.
ആരോഗ്യം, വിദ്യാഭ്യാസം, ഭക്ഷ്യസുരക്ഷ, ഭവനം, കുടിവെള്ളം, സാമൂഹിക സുരക്ഷ, വയോജന പരിപാലനം തുടങ്ങിയ മേഖലകളിലെ നിലവിലുള്ള നേട്ടങ്ങൾ സംരക്ഷിക്കുന്നതിനും പിന്നാക്ക വിഭാഗങ്ങളെ വികസനത്തിന്റെ മുഖ്യധാരയിൽ എത്തിക്കുന്നതിനും ഊന്നൽ നൽകുന്നു.
ഓരോ വികസന പദ്ധതിക്കും വ്യക്തമായ ലക്ഷ്യവും അളക്കാവുന്ന ഫലവും നിർവഹണ ഉത്തരവാദിത്വവും സമയപരിധിയും ഉണ്ടായിരിക്കണമെന്നതാണ് മറ്റൊരു പ്രധാന നിർദേശം. ഇതിനായി സ്മാർട്ട് (SMART) മാതൃക സ്വീകരിക്കും. പദ്ധതികളുടെ പുരോഗതി വിലയിരുത്തുന്നതിനും സാമൂഹിക ഓഡിറ്റ് നടത്തുന്നതിനും സംവിധാനമുണ്ടാക്കും.
പദ്ധതിയുടെ മധ്യകാല വിലയിരുത്തൽ 2029–30ൽ നടത്താനും നിർദേശമുണ്ട്. കരട് സമീപന രേഖയിൽ പൊതുജനങ്ങൾക്കും തദ്ദേശസ്ഥാപനങ്ങൾക്കും വിദഗ്ധർക്കും അഭിപ്രായങ്ങൾ അറിയിക്കാം. ലഭിക്കുന്ന നിർദേശങ്ങൾ കൂടി പരിഗണിച്ചായിരിക്കും അന്തിമ പഞ്ചവത്സര പദ്ധതി തയ്യാറാക്കുക.
അ

