മെൽബൺ: മെൽബണിന്റെ വടക്കുപടിഞ്ഞാറൻ മേഖലയിലുള്ള സൺബറി ഡൗൺസ് കോളേജിലെ അധ്യാപികയ്‌ക്കെതിരെ വിദ്യാർത്ഥികൾക്ക് മയക്കുമരുന്നും മദ്യവും വിതരണം ചെയ്തെന്ന ഗുരുതര ആരോപണത്തിൽ അന്വേഷണം ആരംഭിച്ചു. സംഭവത്തിൽ പതിനഞ്ചോളം വിദ്യാർത്ഥികൾ ഉൾപ്പെട്ടിരിക്കാമെന്നാണ് സംശയിക്കുന്നത്.കുട്ടികളുടെ സുരക്ഷയെക്കുറിച്ച് വലിയ ആശങ്കയുണ്ടാക്കുന്ന സംഭവത്തിൽ വിക്ടോറിയ പോലീസ്, വിദ്യാഭ്യാസ വകുപ്പ്, വിക്ടോറിയൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടീച്ചിംഗ് എന്നിവർ സംയുക്തമായി അന്വേഷണം നടത്തിവരികയാണ്.
അധ്യാപികയിൽ നിന്ന് തന്റെ മകന് മയക്കുമരുന്ന് ലഭിച്ചതായി ഒരു രക്ഷിതാവ് വെളിപ്പെടുത്തിയതോടെയാണ് സംഭവം പുറത്തറിയുന്നത്. സംഭവത്തിൽ രക്ഷിതാക്കൾ കടുത്ത രോഷവും ആശങ്കയും രേഖപ്പെടുത്തി. നവംബർ ആദ്യവാരം തന്നെ സ്കൂൾ അധികൃതർക്ക് ഇക്കാര്യം അറിയാമായിരുന്നിട്ടും ഈ ആഴ്ച മാത്രമാണ് രക്ഷിതാക്കളെ വിവരം അറിയിച്ചതെന്നതും വലിയ വിമർശനങ്ങൾക്ക് ഇടയാക്കിയിട്ടുണ്ട്.
ആരോപണവിധേയയായ അധ്യാപിക നിലവിൽ അവധിയിൽ പ്രവേശിച്ചിരിക്കുകയാണ്. വിദ്യാർത്ഥികളുടെ സംരക്ഷണം, സ്കൂളിന്റെ ഉത്തരവാദിത്തം, വിവരങ്ങൾ രക്ഷിതാക്കളെ അറിയിക്കുന്നതിലുണ്ടായ കാലതാമസം എന്നിവയെക്കുറിച്ച് ഗൗരവകരമായ ചോദ്യങ്ങളാണ് ഈ സംഭവം ഉയർത്തുന്നത്. കുട്ടികളുടെ സുരക്ഷ ഉറപ്പാക്കാൻ സ്കൂൾ അധികൃതരുടെ ഭാഗത്തുനിന്ന് കൂടുതൽ സുതാര്യതയും ഉത്തരവാദിത്തവും ഉണ്ടാകണമെന്ന് രക്ഷിതാക്കൾ ആവശ്യപ്പെടുന്നു

