ശാസ്ത്രമേളയില്‍ വേറിട്ട കാഴ്ചയായി ‘കുട്ടിയിടം’ പ്രദര്‍ശനം

നെല്ലിപ്പുഴ: സംസ്ഥാന സ്‌കൂള്‍ ശാസ്‌ത്രോത്സവത്തിന്റെ തിരക്കുകള്‍ക്കിടയില്‍ കുട്ടികളുടെ അവകാശങ്ങളും സുരക്ഷയും ഉറപ്പാക്കുന്ന വേറിട്ട കാഴ്ചയായി ‘കുട്ടിയിടം’ പ്രദര്‍ശനം ശ്രദ്ധേയമാകുന്നു. മേളയുടെ പ്രധാന വേദിയായ നെല്ലിപ്പുഴ ഡി.എച്ച്.എസ്.എസില്‍ ജില്ലാ ശിശു സംരക്ഷണ യൂണിറ്റിന്റെ നേതൃത്വത്തിലാണ് പ്രദര്‍ശനം ഒരുക്കിയിരിക്കുന്നത്. മന്ത്രി എന്‍. ഷംസുദ്ദീന്‍ പ്രദര്‍ശനം സന്ദര്‍ശിച്ചു.

സംസ്ഥാന വനിതാ ശിശു വികസന വകുപ്പ് മുഖേന കുട്ടികളുടെ സുരക്ഷയ്ക്കും ക്ഷേമത്തിനുമായി നടപ്പാക്കുന്ന വിവിധ സേവനങ്ങളെക്കുറിച്ച് കൃത്യമായ അവബോധം നല്‍കുകയാണ് ഈ പ്രദര്‍ശനത്തിലൂടെ ലക്ഷ്യമിടുന്നത്. അടിയന്തരഘട്ടങ്ങളില്‍ കുട്ടികള്‍ക്കും പൊതുജനങ്ങള്‍ക്കും ബന്ധപ്പെടാവുന്ന 1098 എന്ന ചൈല്‍ഡ് ഹെല്‍പ് ലൈന്‍ ടോള്‍ ഫ്രീ നമ്പറിനെക്കുറിച്ചുള്ള ബോധവല്‍ക്കരണവും ഇവിടെ നല്‍കുന്നുണ്ട്.

ബാലനീതി നിയമത്തിലെ പൊതുതത്ത്വങ്ങളും കുട്ടികളുടെ അവകാശങ്ങളും ലളിതമായി മനസ്സിലാക്കാനുള്ള സൗകര്യത്തിന് പുറമെ കൗണ്‍സിലിംഗ് ആവശ്യമുള്ള കുട്ടികള്‍ക്ക് വിദഗ്ധ കൗണ്‍സിലിംഗ് സേവനവും ‘കുട്ടിയിടം’ ഒരുക്കിയിട്ടുണ്ട്. ശാസ്‌ത്രോത്സവത്തിനെത്തുന്ന വിദ്യാര്‍ഥികള്‍ക്കും രക്ഷിതാക്കള്‍ക്കും കുട്ടികളുടെ സംരക്ഷണവുമായി ബന്ധപ്പെട്ട വിവരങ്ങള്‍ വേഗത്തില്‍ ലഭ്യമാക്കുന്ന ഒരു പ്രധാന കേന്ദ്രമായി പ്രദര്‍ശനം മാറുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *