ന്യൂഡൽഹി: രാജ്യത്തെ ആരോഗ്യമേഖലയിൽ കഴിഞ്ഞ ഒരു ദശാബ്ദമായി കേന്ദ്രസർക്കാർ നടപ്പാക്കിയ പദ്ധതികളിലൂടെ പ്രാഥമിക തലം മുതൽ തൃതീയ തലം വരെയുള്ള ആരോഗ്യ സേവനങ്ങൾ വലിയ രീതിയിൽ മെച്ചപ്പെട്ടതായി രാഷ്ട്രപതി ദ്രൗപദി മുർമു. ന്യൂഡൽഹിയിൽ അടൽ ബിഹാരി വാജ്പേയി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ്, ഡോ. റാം മനോഹർ ലോഹ്യ ഹോസ്പിറ്റൽ എന്നിവയുടെ ബിരുദദാന ചടങ്ങിനെ അഭിസംബോധന ചെയ്യുകയായിരുന്നു രാഷ്ട്രപതി.
രാജ്യത്ത് പ്രവർത്തിക്കുന്ന ഒന്നേമുക്കാൽ ലക്ഷത്തോളം ആയുഷ്മാൻ ആരോഗ്യ മന്ദിറുകളിലൂടെ പ്രാഥമിക ആരോഗ്യ സേവനങ്ങൾ ഫലപ്രദമായി ഗ്രാമങ്ങളിലേക്ക് എത്തിക്കാൻ സാധിക്കുന്നുണ്ടെന്ന് രാഷ്ട്രപതി ചൂണ്ടിക്കാട്ടി. സമഗ്രവും എല്ലാവരെയും ഉൾക്കൊള്ളുന്നതുമായ ആരോഗ്യ നയത്തിന് കീഴിൽ രോഗശമനത്തിനൊപ്പം പ്രതിരോധ സേവനങ്ങൾക്കും രാജ്യം മുൻഗണന നൽകുന്നതായും ശ്രീമതി മുർമു വ്യക്തമാക്കി.

