അരിയില്‍ ഷുക്കൂര്‍ വധക്കേസ്; അപ്പീല്‍ നല്‍കും, സാക്ഷികള്‍ക്ക് ഭീഷണിയുണ്ടായിരുന്നുവെന്ന് പി.കെ. കുഞ്ഞാലിക്കുട്ടി

മലപ്പുറം: അരിയില്‍ ഷുക്കൂര്‍ വധക്കേസില്‍ സി.പി.എം. നേതാക്കളായ പി. ജയരാജനെയും ടി.വി. രാജേഷിനെയും ഉള്‍പ്പെടെ പ്രതികളെ വെറുതെ വിട്ട കോടതി വിധിയില്‍ ശക്തമായ പ്രതികരണവുമായി മുസ്‌ലിം ലീഗ് നേതാവ് പി.കെ. കുഞ്ഞാലിക്കുട്ടി. വിധിക്കെതിരെ വെറുതെയിരിക്കാന്‍ പോകുന്നില്ലെന്നും അപ്പീല്‍ ഉള്‍പ്പെടെ നിയമത്തിന്റെ സാധ്യമായ എല്ലാ വഴികളും തേടുമെന്നും അദ്ദേഹം വ്യക്തമാക്കി.

കൊലപാതകത്തിന് പിന്നില്‍ കൃത്യമായ ഗൂഢാലോചന നടന്നിട്ടുണ്ടെന്നത് പകല്‍പോലെ വ്യക്തമാണ്. എന്നാല്‍, സാക്ഷികള്‍ കോടതിയില്‍ ഹാജരാകാതിരുന്നതാണ് പ്രോസിക്യൂഷന് തിരിച്ചടിയായത്. സാക്ഷികള്‍ക്ക് നേരെ കടുത്ത ഭീഷണിയുണ്ടായിരുന്നുവെന്ന കാര്യം എല്ലാവര്‍ക്കും അറിയാവുന്നതാണെന്നും കുഞ്ഞാലിക്കുട്ടി ചൂണ്ടിക്കാട്ടി.

ഷുക്കൂര്‍ എന്ന യുവാവിനെ അതിക്രൂരമായും പൈശാചികമായുമാണ് കൊലപ്പെടുത്തിയത്. ആ കൊലപാതകം യാദൃശ്ചികമായി സംഭവിച്ചതല്ല, മറിച്ച് വിളിച്ചിറക്കി കൊണ്ടുപോയി ആസൂത്രിതമായി നടപ്പാക്കിയതാണ്. ഭയം കാരണമാണ് പല സാക്ഷികളും മൊഴി നല്‍കാന്‍ തയ്യാറാകാതിരുന്നത്. കോടതിയുടെ മുറ്റത്ത് വരെ എത്തിയ ശേഷം പല സാക്ഷികളും ഭയന്ന് മടങ്ങിപ്പോയത് മാധ്യമങ്ങള്‍ തന്നെ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Leave a Reply

Your email address will not be published. Required fields are marked *